നെന്മാറ - ഒലിപ്പാറ റോഡ് പ്രവൃത്തി; വീഴ്ച വരുത്തിയ കരാറുകാരനെ ഒഴിവാക്കി
നെന്മാറ: റോഡ് നവീകരണം സമയബന്ധിതമായി പൂർത്തിയാക്കാതിരുന്ന കരാറുകാരനെ കരാറിൽ നിന്ന് ഒഴിവാക്കി പൊതുമരാമത്ത് വകുപ്പ് ഉത്തര വിറക്കി. കരാറുകാരന്റെ നിരുത്തരവാദ സമീപനം മൂലം റോഡ് നിർമാണം നിലച്ചതിനെതിരെ നാട്ടുകാർ ഹർത്താൽ ഉൾപ്പെടെ പ്രതിഷേധ പരിപാടികൾ നടത്തിയിരുന്നു. ദേശീയപാത സൂപ്രണ്ടിങ് എൻജിനീയർ ഓഫിസിൽ കോൺഗ്രസ് പ്രവർത്തകരും സമരം നടത്തിയിരുന്നു. സി.ആർ.ഐ.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 16.50 കോടിയുടെ ഭരണാനുമതിയിൽ ആരംഭിച്ച പ്രവൃത്തിയാണ് കരാറുകാരന്റെ അനാസ്ഥയിൽ പാതിവഴിയിലായത്. പലതവണ സമയം നീട്ടി നൽകിയിട്ടും പ്രവൃത്തിയിൽ പുരോഗതി വരുത്താൻ കരാറുകാരൻ തയാറായില്ല. കോടതിവിധികളുടെ മറവിലും ഹിയറിങ്ങുകളിൽ കൃത്യമായി പങ്കെടുക്കാതെയും സമയം നീട്ടിയെടുക്കാനാണ് കരാറുകാരൻ ശ്രമിച്ചതെന്ന് ഉത്തരവിൽ വ്യക്തമാക്കി.
കരാർ ലംഘിച്ചതിനെ തുടർന്ന് കരാറുകാരന്റെ ഉത്തരവാദിത്തത്തിലാണ് പ്രവൃത്തി പൂർണമായും റദ്ദാക്കിയത്. കരാർ തുകയുടെ 10 ശതമാനമായ 1,28,42,001 രൂപ ലിക്വിഡേറ്റഡ് ഡാമേജസായും, റിസ്ക് ആൻഡ് കോസ്റ്റ് വ്യവസ്ഥപ്രകാരം ബാക്കി പ്രവൃത്തികളുടെ കരാർ തുകയുടെ 30 ശതമാനവും കരാറുകാരനിൽ നിന്ന് ഈടാക്കാൻ ഉത്തരവായി. കൂടാതെ സെക്യൂരിറ്റി ഡെപ്പോസിറ്റും പെർഫോമൻസ് ഗ്യാരണ്ടിയും കണ്ടുകെട്ടാനും ഉത്തരവിൽ അറിയിച്ചു. വകുപ്പ് മന്ത്രിയുടെ ഇടപെടലിലാണ് കാരാറുകാരനെ പുറത്താക്കിയതെന്ന് ജില്ല പഞ്ചായത്ത് അംഗം കെ.ജി. എൽദോ പറഞ്ഞു. എസ്റ്റിമേറ്റ് ഉടൻ പുതുക്കി നിശ്ചയിച്ച് റീടെൻഡർ വേഗത്തിലാക്കണമെന്നും, റോഡ് ഗതാഗതയോഗ്യമാക്കി ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്നും കെ. പ്രേമൻ എം.എൽ.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.