ക്വാറിയിലേക്ക് മറിഞ്ഞ ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി
കൂറ്റനാട്: കറുകപുത്തൂരിൽ ക്വാറി നികത്തുന്നതിനിടെ ടോറസ് ലോറിയും ഡ്രൈവറും വെള്ളത്തില്‍ മുങ്ങിയ സംഭവത്തില്‍ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ചാത്തന്നൂർ ചാലാച്ചി പ്രദേശത്തെ ചാലാച്ചിവീട്ടില് താഹിറിന്റെ (35) മൃതദേഹമാണ് നീണ്ട തെരച്ചിലിനൊടുവില്‍ വെള്ളിയാഴ്ച രാവിലെ കണ്ടെത്തിയത്. പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട് പഞ്ചായത്തില്‍പെട്ട കറുകപുത്തൂര്‍ അകിലാണത്ത് വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം. ക്വാറി മണ്ണിട്ട് നികത്തുന്നതിന്റെ ഭാഗമായി സമീപത്തെ കുന്നില്‍നിന്ന് മണ്ണ് നിറച്ച് ഇവിടെ തട്ടുന്ന ജോലിയിലായിരുന്നു താഹിർ. പരസഹായത്തിന് ആരുമുണ്ടായിരുന്നില്ല. ലോറിയുടെ പിറക് വശം ഉയര്‍ത്തി താഴ്ചയിലേക്ക് മണ്ണ് തട്ടുന്നതിനിടെ ഇടിഞ്ഞ് ക്വാറിയിലേക്ക് പതിക്കുകയായിരുന്നു.
അപകടശേഷം ലോറിയും ഡ്രൈവറും പൂർണമായും വെള്ളത്തിനടിയിലായിരുന്നു. മണ്ണ് കൊണ്ടുപോയ താഹിര്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അപകടം മനസ്സിലായത്. അപകടം നടന്നതിന് പിന്നാലെ പട്ടാമ്പി, ഷൊർണൂർ, മലപ്പുറം എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂനിറ്റുകളും പ്രാദേശിക സ്കൂബാ ഡൈവിങ് സംഘവും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നു. കുളത്തിലെ ആഴവും കനത്ത ചെളിയും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നു.
ഫയർഫോഴ്സ് യൂനിറ്റുകൾ എത്തി തിരച്ചില്‍ ആരംഭിച്ചെങ്കിലും രാത്രി ഏഴ് വരെയും കണ്ടെത്താനായില്ല. തുടർന്ന് ലോറി കണ്ടെത്തിയെങ്കിലും ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്നത് ശ്രമകരമായ ജോലിയായിരുന്നു. ഗൾഫിലായിരുന്ന താഹിർ ആറുമാസം മുമ്പാണ് നാട്ടിൽ വന്നത്. പിന്നീട് ടിപ്പർ ലോറി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. സ്വന്തമായൊരു ഭവനമെന്നതും സ്വപ്നമായിരുന്നു. പഞ്ചായത്തില്‍ ലൈഫ്പദ്ധതിയില്‍ ഉള്‍പ്പടുത്തി ഭവനനിര്‍മാണം തുടങ്ങിയെങ്കിലും പൂര്‍ത്തിയായിട്ടില്ല. ഭാര്യ: ജിന്സില. മക്കള്‍: അനഹ ഫാത്തിമ, മുഹമ്മത് ഹൈസിന്, ഹെസ ഫാത്തിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.