വള്ളുവനാടിന്റെ വിപ്ലവ സൂര്യൻ ഇ.പി. ഗോപാലൻ വിടവാങ്ങിയിട്ട് കാൽ നൂറ്റാണ്ട്
പട്ടാമ്പി: സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരെ സന്ധിയില്ലാ സമരം നയിച്ച ധീര ദേശാഭിമാനി ഇ.പി. ഗോപാലൻ വിടവാങ്ങിയിട്ട് ഇന്നേക്ക് കാൽ നൂറ്റാണ്ട്. 2001 നവംബർ ഒന്നിനാണ് അദ്ദേഹം വിടവാങ്ങിയത്. ഇരുപത്തഞ്ചാം ചരമവാർഷികന്റെ ഭാഗമായി തിങ്കളാഴ്ച കൊപ്പം മണ്ണേങ്ങോട് ‘അരുണ’യിൽ അനുസ്മരണം നടത്തും. ഇ.പി. ഗോപാലന്റെ പ്രിയപ്പെട്ട മാവിൻചോട്ടിൽ സഖാക്കളും സുഹൃത്തുക്കളും നാട്ടുകാരും ഒത്തുകൂടി വിപ്ലവസ്മരണകൾ പുതുക്കും.
ഉപ്പുസത്യാഗ്രഹത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ ഇ.പി. ഗോപാലൻ, മലബാറിലെ ദേശീയ പ്രസ്ഥാനത്തിന് ജനകീയാടിത്തറ പാകുന്നതിൽ നിർണായക പങ്കുവഹിച്ചു. ബ്രിട്ടീഷ് പൊലീസിന്റെയും സ്വാതന്ത്ര്യാനന്തരം കോൺഗ്രസ് സർക്കാറിന്റെയും ക്രൂരമായ മർദനങ്ങൾക്ക് ഇരയായിട്ടുള്ള അദ്ദേഹം, വിവിധ സമരങ്ങളിൽ പങ്കെടുത്ത് നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ആദ്യ കേരള നിയമസഭയിലും (1957) അഞ്ചാം നിയമസഭയിലും പട്ടാമ്പിയെയും രണ്ടാം നിയമസഭയിൽ (1960) പെരിന്തൽമണ്ണയെയും അദ്ദേഹം പ്രതിനിധീകരിച്ചു. പട്ടാമ്പി കോസ്വേ, ഗവ. കോളജ്, സർക്കാർ ആശുപത്രി എന്നിവ അദ്ദേഹത്തിന്റെ നിയമസഭ പ്രവർത്തനത്തിന്റെ നിത്യസ്മാരകങ്ങളാണ്.
അയിത്തത്തിനും ജാതിവ്യവസ്ഥക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് ഇ.പി. ഗോപാലൻ കാഴ്ചവച്ചത്. അധഃസ്ഥിതർക്കൊപ്പം ജീവിക്കുകയും അവർക്ക് വഴിനടക്കാനുള്ള അവകാശത്തിനായി പൊരുതുകയും ചെയ്തു. വെള്ളക്കാരെ വെല്ലുവിളിച്ചുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങളും നിയമസഭയിലെ മൂർച്ചയേറിയ പ്രസംഗങ്ങളും രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് എക്കാലത്തും വിലപ്പെട്ട പാഠപുസ്തകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.