ട്രാഫിക് സിഗ്നൽ തകരാർ; പുതുനഗരത്ത് പരസ്പരം പഴിചാരി വകുപ്പുകൾ
പുതുനഗരം: ട്രാഫിക് സിഗ്നൽ തകരാറിലായതോടെ പരസ്പരം പഴിചാരി വകുപ്പുകൾ. ചിറ്റൂർ, പാലക്കാട്, തൃശൂർ, കൊല്ലങ്കോട് എന്നീ റോഡുകൾ സംഗമിക്കുന്ന പുതുനഗരം ടൗണിൽ ട്രാഫിക് സിഗ്നൽ പ്രവർത്തിക്കാത്തതിനാൽ ദിനംപ്രതി അപകടങ്ങൾ വർധിക്കുന്നതായി നാട്ടുകാർ പറഞ്ഞു. ട്രാഫിക് സിഗ്നൽ അറ്റകുറ്റപ്പണി നടത്തേണ്ടത് പൊലീസാണെന്ന് പഞ്ചായത്ത് സ്ഥിരം സമിതി അംഗം എ.വി. ജലീൽ പറഞ്ഞു. എന്നാൽ, ട്രാഫിക് സിഗ്നൽ പരിപാലിക്കുന്നത് മോട്ടോർ വാഹന വകുപ്പാണെന്ന് പുതുനഗരം സബ് ഇൻസ്പെക്ടർ കെ. അജിത്ത് പറഞ്ഞു.
മോട്ടോർ വാഹന വകുപ്പ് സി.സി.ടി.വി കാമറകൾ മാത്രമാണ് സ്ഥാപിക്കാറുള്ളതെന്നും ട്രാഫിക് സിഗ്നലുകൾ ഏറ്റെടുത്തിട്ടില്ലെന്നും ആർ.ടി.ഒ എൻഫോഴ്സ്മെന്ന് ജില്ല ഓഫിസർ ജയേഷ് കുമാർ പറഞ്ഞു. അന്തർ സംസ്ഥാന, അന്തർ ജില്ല റോഡുകളിൽ വഴികാട്ടി, മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കൽ മാത്രമാണ് പൊതുമരാമത്ത് വകുപ്പ് നടത്തിവരുന്നതെന്നും ട്രാഫിക് സിഗ്നൽ ഏറ്റെടുത്തിട്ടില്ലെന്നും പൊതുമരാമത്ത് പാലക്കാട് റോഡ് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ സി. ശങ്കരൻ പറഞ്ഞു.
ട്രാഫിക് സിഗ്നൽ പ്രവർത്തിക്കാത്തതിനാൽ നിരവധി അപകടങ്ങൾ പുതുനഗരം ടൗണിൽ നടക്കുന്നതിനാൽ വിദ്യാലയം തുറക്കുന്നതിനു മുമ്പ് സിഗ്നൽ പ്രവർത്തിപ്പിക്കാൻ ജില്ല കലക്ടർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.