നവീകരിച്ച ദേശീയപാത വക്കിൽ തുപ്പനാട്
പാലത്തിൽ ബാരിക്കേഡ് ഇല്ലാത്ത സ്ഥലം
കല്ലടിക്കോട്: നവീകരിച്ച പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ പ്രധാന പാലങ്ങളിലൊന്നായ തുപ്പനാട് പാലത്തിലെ അപകട സാധ്യത ഇല്ലാതാക്കാൻ അധികൃതർ കണ്ണ് തുറക്കുമോ? അപ്രോച്ച് റോഡിൽ സുരക്ഷവേലി അടക്കമുള്ള സംവിധാനങ്ങൾ ക്രമീകരിക്കാൻ ഇനിയെങ്കിലും ദേശീയപാത അതോറിറ്റി ഉണർന്ന് പ്രവർത്തിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. പാർശ്വഭിത്തിയോ ബാരിക്കേഡോ നിർമിക്കാത്തത് ഇവിടെ സുരക്ഷിതയാത്രക്ക് ഭീഷണിയാണ്.
ഒന്നരമാസം മുമ്പ് കാർ തലകീഴായി മറിഞ്ഞത് ഈ സ്ഥലത്താണ്. കഴിഞ്ഞ ദിവസം നിയന്ത്രണംവിട്ട ചരക്ക് ലോറി ഓട്ടോയിൽ ഇടിച്ച് മറിഞ്ഞതും പാലം അപ്രോച്ച് റോഡിലാണ്. അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർ മുജീബ്, ലോറി ഡ്രൈവർ അവണൂർ തങ്ങാലൂർ ചേല്ലാരി വീട്ടിൽ അജിത്ത് (28) എന്നിവർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഏകദേശം 50 അടി താഴ്ചയുള്ള സ്ഥലത്ത് നിലങ്ങളും പുഴമ്പ്രദേശവുമാണിവിടെ.
രാത്രിയും പകലും ഈ ഭാഗത്ത് വാഹനങ്ങൾ അപകടത്തിൽപ്പെടാനിടയുണ്ട്. കൂടാതെ ഉയർന്ന പ്രകാശക്ഷമതയുള്ള വഴിവിളക്കുകളോ പാലമുണ്ടെന്ന് അറിയിക്കുന്ന സൂചന ബോർഡുകളോ സ്ഥാപിക്കാത്തതും വിനയാവുന്നു. ഗ്യാസ് ടാങ്കർ, ട്രെയിലർ ഉൾപ്പെടെ ഭീമൻ വാഹനങ്ങൾ സഞ്ചരിക്കുന്ന പാതയിൽ അപകടങ്ങളും ജീവഹാനിയും ഒഴിവാക്കാൻ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.