പാലക്കാട്-ചിറ്റൂർ റോഡിൽ മൂന്ന് യുവാക്കളുടെ മരണത്തിനിടയാക്കിയ
അപകടത്തിൽ തകർന്ന കാർ
പാലക്കാട്: തൊട്ടടുത്ത് താമസിക്കുന്നവരല്ലെങ്കിലും ഒരേ നാട്ടുകാർ. പഠനകാലത്ത് ലഭിച്ച സൗഹൃദത്തിന്റെ തുടർച്ച തന്നെയായിരുന്നു അവസാനംവരെയും. ആറു പേരും ഉറ്റ സുഹൃത്തുക്കൾ. എപ്പോഴും ഒരുമിച്ചു യാത്ര പോകുന്നവരാണ്. കാക്കനാട് ഐ.ടി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന റോഹൻ രഞ്ജിത്ത് ഉൾപ്പെടെ ആഴ്ചയിലൊരിക്കൽ പാലക്കാട്ടെത്തിയാൽ ഒരുമിച്ചൊരു യാത്ര പതിവാണ്. ശനിയാഴ്ചയും അങ്ങനെയായിരുന്നു യാത്ര.
ഈ യാത്ര കഴിഞ്ഞു മടങ്ങും വഴിയാണ് സുഹൃത്തുക്കളിൽ മൂന്നുപേരെ മരണം തട്ടിയെടുത്തത്. ഉല്ലാസ യാത്ര അന്ത്യയാത്രയായതോടെ ബാക്കിയായവരുടെ ഹൃദയംപൊട്ടി. സന്തോഷത്തോടെ മടങ്ങിയവരെ ദുരന്തം കവർന്നത് കാട്ടുപന്നിയുടെ രൂപത്തിലാണ്. പോസ്റ്റുമോർട്ടത്തിനായി ജില്ല ആശുപത്രി മോർച്ചറിയിൽ മൃതദേഹങ്ങൾ എത്തിച്ചപ്പോൾ കൂടിനിന്ന കൂട്ടുകാരും ബന്ധുക്കളും ദുഃഖത്താൽ വിതുമ്പി.
അപകടത്തിൽ മരിച്ച റോഹൻ സന്തോഷിന് വാഹനങ്ങളോട് ഏറെ പ്രിയമായിരുന്നു. മുത്തശ്ശൻ ആരംഭിച്ച ചക്കാന്തറയിലെ വർക്ക്ഷോപ്പിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് മുതൽ തന്നെ വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്തിയിരുന്നു. തുടർന്ന് പിതാവ് സന്തോഷ് വർക്ക്ഷോപ്പിന്റെ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ചെറുപ്പം മുതൽ തന്നെ റോഹൻ ‘കാർ പോർട്ട് ഓട്ടോ ഗ്യാരേജി’ൽ പിതാവിനെ സഹായിക്കുമായിരുന്നു. എല്ലാവരും ചെറുപ്പം മുതൽ തന്നെ കളിക്കളങ്ങളിലും പഠനത്തിലും ഒന്നിച്ചായിരുന്നു.
വാഹനങ്ങളോടും യാത്രയോടുമുള്ള അടങ്ങാത്ത അഭിനിവേശമാണ് സനുഷിനെ പ്ലസ്ടുവിന് ശേഷം ഓട്ടോമൊബൈൽ എൻജിനീയറിങ് തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. ഒറ്റപ്പാലം ജവഹർലാൽ നെഹ്റു എൻജിനീയറിങ് കോളജിലെ രണ്ടാം വർഷ ബിടെക് വിദ്യാർഥിയാണ് സനുഷ്. പ്ലസ്ടുവിന് ശേഷം സനുഷ് ഓട്ടോമൊബൈൽ മേഖല തെരഞ്ഞെടുത്തപ്പോൾ സഹോദരൻ ധനുഷും അച്ഛൻ ശാന്തകുമാറും പൂർണ പിന്തുണയേകി. പഠനസമയത്തും സുഹൃത്തുക്കളുമായി യാത്രകൾ പോകുന്നത് പതിവായിരുന്നു.
പഠനവും തൊഴിലും സംബന്ധിച്ച് വിവിധ ഭാഗങ്ങളിലുള്ള സുഹൃത്തുക്കളായ ഇവർ ശനിയാഴ്ച വൈകുന്നേരങ്ങളിൽ ഒത്തുചേരുന്നതും വിനോദ യാത്ര പോകുന്നതും പതിവായിരുന്നു. ഇത്തരത്തിൽ ചിറ്റൂർ പോയി മടങ്ങുമ്പോൾ ആയിരുന്നു ശനിയാഴ്ച രാത്രിയിലെ അപകടം. സഹോദരൻ ധനുഷ് അയർലൻഡിലാണ് ജോലി ചെയ്യുന്നത്. പോസ്റ്റുമോർട്ട ശേഷം സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച രാവിലെ ഒമ്പതോടെ യാക്കര ജങ്ഷനിലെ ‘സൗപർണിക’വീട്ടിലെത്തിക്കും.
വാഹനാപകടത്തിൽ റോഹന്റെ മരണത്തോടെ തനിച്ചാവുകയാണ് പാലക്കാട് നൂറടി റോഡ് വെങ്കിടേശ്വര കോളനി എഫ് ബ്ലോക്കിലെ രേവതി വീട്ടിൽ ഡോ. ലീന നായർ. കഴിഞ്ഞ ഫെബ്രുവരിയിലാണ് റോഹന്റെ പിതാവ് ഡോ. രഞ്ജിത്ത് രോഗബാധയെ തുടർന്ന് മരിച്ചത്. ദന്തരോഗ വിദഗ്ധയായ ഡോ. ലീന പുതുപ്പരിയാരത്തെ ക്ലിനിക്കിലാണ് ജോലി ചെയ്യുന്നത്. രഞ്ജിത്ത്-ലീന ദമ്പതികളുടെ ഏക മകനാണ് റോഹൻ. ചെറുപ്പം മുതൽ വാഹനങ്ങളെ ഏറെ സ്നേഹിച്ചിരുന്ന രഞ്ജിത്ത് സുഹൃത്തുക്കൾക്കൊപ്പം യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയായിരുന്നു.
അച്ഛന്റെ മരണശേഷമുണ്ടായ മാനസിക സംഘർഷങ്ങളെ തരണം ചെയ്തത് സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചും അവരോടൊപ്പമുള്ള യാത്രകളിലൂടെയുമായിരുന്നു. പഠനത്തിൽ മിടുക്കനായിരുന്ന റോഹൻ തൊഴിൽ മേഖലയായി ഐ.ടിയാണ് തെരഞ്ഞെടുത്തത്. കൊച്ചി ഇൻഫോപാർക്കിലെ ‘മാരിയംസ്’എന്ന ഐ.ടി സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. ജില്ല ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഞായറാഴ്ച രാവിലെ 11ന് വീട്ടിലെത്തിച്ചു. അമേരിക്കയിൽ ജോലി ചെയ്യുന്ന ഡോ. രഞ്ജിത്തിന്റെ സഹോദരൻ ദീപക് തിങ്കളാഴ്ച എത്തിയ ശേഷം ഉച്ചയോടെ മൃതദേഹം ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.