മാത്തൂർ മേഖലയിൽ വെള്ളമില്ലാതെ കിടക്കുന്ന വയലുകൾ
ഷൊർണൂർ\മാത്തൂർ: ഇടവപ്പാതിയിൽ നിറഞ്ഞൊഴുകേണ്ട തോടുകളും കുളങ്ങളും കിണറുകളും മിഥുനം പിറന്നിട്ടും വരണ്ട സ്ഥിതിയിൽ. കാലാവസ്ഥയിൽ വന്ന വ്യതിയാനം ഏറെ വർഷങ്ങളായി കൃഷിരീതികളെ പാടെ മാറ്റിമറിച്ചിട്ടുണ്ട്. ഈ വർഷം കർഷകരെ ഏറെ വലക്കുന്ന തരത്തിലാണ് മഴക്കാലത്തിന്റെ പോക്ക്.
കുലംകുത്തിയൊഴുകേണ്ട തോടുകൾ മിക്കതും വറ്റിവരണ്ട് കിടപ്പാണ്. നിറ ജലസമൃദ്ധിയുണ്ടാകേണ്ട കുളങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി വൃത്തിയാക്കിയപ്പോഴുണ്ടായ ചെറിയ കുഴികളിലെ വെള്ളം മാത്രമായൊതുങ്ങി. കിണറുകളിൽ ഭൂരിഭാഗവും വെള്ളമില്ലാത്ത സ്ഥിതിയിലാണ്. പലയിടത്തും കുടിവെള്ളത്തിന് ടാങ്കർ ലോറികളെ ആശ്രയിക്കേണ്ടി വരുന്നു.
വേനൽക്കാലത്തിന്റെ അവസാനത്തിൽ തുടങ്ങേണ്ട പച്ചക്കറി കൃഷിയെ പ്രശ്നം സാരമായി ബാധിച്ചിട്ടുണ്ട്. കുത്തിയിട്ട വിത്തുകൾ മുളക്കാഞ്ഞതും, മുളച്ച ചെടികൾ കരിഞ്ഞു പോയതും കർഷകരെ ഏറെ ബാധിച്ചു. വഴുതന, മുളക് എന്നിങ്ങനെ തൈകൾ നട്ടവരും മഴ ലഭിക്കാതെ വട്ടം കറങ്ങുകയാണ്. വേനലിലെ അത്യുഷ്ണവും മഴ വൈകിയതും മിക്ക സ്ഥലങ്ങളിലും നെൽകൃഷിയെ ബാധിച്ചിട്ടുണ്ട്. ഞാറ്റടി പോലും തയാറാക്കാനാകാതെ പ്രയാസത്തിലായ നെല്ലറയിലെ കർഷകർ ഒന്നാം വിള ഇത്തവണ ഉപക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ്. വെള്ളമില്ലാതെ വരണ്ടു കിടക്കുകയാണ് ഭൂരിഭാഗം വയലുകളും. അപൂർവം ചില കർഷകർ കുളങ്ങളിൽനിന്നും മറ്റും മോട്ടോർ ഉപയോഗിച്ച് വയലിൽ വെള്ളം അടിച്ചു നിറച്ച് ഉഴുതു തയാറാക്കിയിട്ടുണ്ട്. ഇനി മഴവെള്ളം ലഭിച്ചാൽ തന്നെ ഞാറ്റടി തയാറാക്കി പറിച്ചുനട്ട് ഏതു കാലത്ത് വിളവെടുക്കുമെന്നാണ് കർഷകർ ചോദിക്കുന്നത്. തെങ്ങ്, കവുങ്ങ്, വാഴ എന്നിങ്ങനെ ഏറെ വെള്ളത്തെ ആശ്രയിച്ച് ചെയ്യേണ്ട കൃഷികളെയും മഴയില്ലായ്മ ഏറെ ബാധിച്ചിട്ടുണ്ട്. പലയിടത്തും നിർമാണ പ്രവൃത്തികളും വെള്ളമില്ലാത്തതിനാൽ നിർത്തിവെച്ചിരിക്കുകയാണ്. ഇടമുറിയാതെ മഴപെയ്താൽ മാത്രമേ ഉറവ പിടിച്ച് പരമ്പരാഗത ജലസ്രോതസുകളിൽ വെള്ളം നിറയൂ. എന്നാൽ, ഇടക്കിടെ പെയ്യുന്ന ചാറ്റൽ മഴ മാത്രമേ മിക്കയിടത്തും ലഭിച്ചിട്ടുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.