ഷൊർണൂർ: സംസ്ഥാന പാതയിൽ വാടാനാംകുറുശ്ശി തോടിന് കുറുകെയുള്ള പാലം നവീകരിച്ച് സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പാലത്തിെൻറ അടിഭാഗത്തുള്ള ബീമുകൾ കാലപ്പഴക്കം മൂലം സിമൻറ് തേപ്പ് അടർന്ന് കമ്പികൾ പുറത്തായ നിലയിലാണ്. ഏറെക്കാലമായി പുറത്തായ കമ്പികൾ ദ്രവിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികൾ നടത്തിയാൽ പാലം ഇനിയും ഏറെക്കാലം നിലനിൽക്കുമെന്ന് നാട്ടുകാർ അഭിപ്രായപ്പെടുന്നു. 1945ൽ പണിത പാലത്തിെൻറ കരിങ്കൽ തൂണിന് ഇതേ വരെ ചെറിയ കോട്ടം പോലും തട്ടിയിട്ടില്ല.
ഗതാഗതക്കുരുക്കുള്ള വാടാനാംകുറിശ്ശിയിലെ റെയിൽവേ ഗേറ്റ് ഒഴിവാക്കാൻ ലക്ഷ്യമിട്ട് നിർമിക്കുന്ന മേൽപ്പാലത്തിെൻറ നിർമാണോദ്ഘാടനം ജനുവരി 23ന് നടത്തിയിരുന്നു. പിറ്റെ ദിവസം തന്നെ പണി ആരംഭിക്കുമെന്നാണ് അധികൃതർ പറഞ്ഞിരുന്നതെങ്കിലും ഒരാഴ്ച പിന്നിട്ടിട്ടും തുടങ്ങാനായിട്ടില്ല. സ്ഥലം ഏറ്റെടുപ്പും പൂർത്തിയായിട്ടില്ല. ഇൗ സാഹചര്യത്തിൽ മേൽപ്പാലം നിർമാണത്തിെൻറ അതേ പ്രാധാന്യത്തോടെ പഴയ പാലം സംരക്ഷിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
നിലവിൽ അമിതഭാരം വഹിച്ചുള്ള വലിയ കണ്ടെയ്നർ വാഹനങ്ങളടക്കമാണ് പാലത്തിലൂടെ ദിനംപ്രതി കടന്നു പോകുന്നത്. റെയിൽവേ ഗേറ്റ് അടക്കുന്ന സമയത്ത് ഭാരവാഹനങ്ങൾ പാലത്തിന് മുകളിൽ ഏറെ നേരം നിർത്തിയിടേണ്ടി വരുന്നത് അപകട സാധ്യത കൂട്ടുകയാണെന്ന് നാട്ടുകാർ പറയുന്നു. മാത്രമല്ല, മേൽപ്പാലം വരുന്നതോടെ ഇവിടെയുള്ള റെയിൽവേ ഗേറ്റ് സ്ഥിരമായി അടക്കപ്പെടും. നിലവിലെ പാലം സംരക്ഷിച്ചില്ലെങ്കിൽ റെയിൽവേ സ്റ്റേഷനിലേക്കുള്ള വാഹന ഗതാഗതം ഇല്ലാതാകും. മഴക്കാലമായി തോട്ടിൽ വെള്ളം നിറഞ്ഞാൽ കാൽനട യാത്രയും അസാധ്യമാകുമെന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. ഇത് സംബന്ധിച്ച് പൊതുപ്രവർത്തകനായ സി. അസീസ് റെയിൽവേ അധികൃതർക്കും സംസ്ഥാന സർക്കാറിനും നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.