അകത്തേത്തറ: പി.ടി ഏഴ് എന്ന കാട്ടുകൊമ്പനും കൂടെയുള്ള ആനകൾക്കും പഴുതടച്ച പ്രതിരോധം തീർക്കാൻ ദൗത്യസംഘം. കാട്ടാനകൾ ധോണി ഉൾക്കാട്ടിൽനിന്ന് ഇറങ്ങിവരാൻ സാധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നിരീക്ഷണം ഊർജിതമാക്കി. ജനവാസ മേഖലയിൽ കാട്ടാനകൾ ഇറങ്ങാതിരിക്കാൻ പരമാവധി പരിശ്രമിക്കുകയെന്നതാണ് മുഖ്യലക്ഷ്യം.
കഴിഞ്ഞദിവസം വരകുളം ഭാഗത്ത് നിലയുറപ്പിച്ച കാട്ടാനകൾ ദൗത്യസംഘത്തിന്റെ കണ്ണുവെട്ടിച്ചാണ് അരുമണി എസ്റ്റേറ്റ് പരിസരത്ത് എത്തിയത്. ഈ വഴി കേന്ദ്രീകരിച്ച് ദ്രുത പ്രതികരണ സേന പരിശോധന തുടങ്ങിയതോടെ പി.ടി ഏഴാമനും മറ്റു ആനകളും ധോണി വനംവകുപ്പ് ക്യാമ്പിനടുത്തുള്ള ഉൾക്കാട്ടിലെത്തി. കാട്ടാനകളെ പ്രകോപിപ്പിക്കാതെ ധോണി വനമേഖലയിൽ തന്നെ നിലനിർത്തിയാൽ പി.ടി ഏഴിനെ പിടികൂടുന്നത് എളുപ്പമാവുമെന്നാണ് ദൗത്യസംഘത്തിന്റെ കണക്കുകൂട്ടൽ.
അതേസമയം, പി.ടി ഏഴിനെ മയക്കുവെടിവെച്ച് മെരുക്കാനുള്ള കൂടിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. വെള്ളിയാഴ്ച കൂടിനകത്തെ തറ നിരപ്പാക്കുന്ന പ്രവൃത്തി തുടങ്ങി. ഇത് ശനിയാഴ്ച പൂർത്തിയാവുമെന്ന് അസിസ്റ്റന്റ് വനം കൺസർവേറ്റർ ബി. രഞ്ജിത്ത് പറഞ്ഞു. വയനാട്ടിലെ 20 അംഗ എലിഫന്റ് സ്ക്വാഡും ചീഫ് വെറ്ററിനറി ഓഫിസർ ഡോ. അരുൺ സക്കറിയയും എത്തുന്നതോടെ പി.ടി ഏഴിനെ പിടികൂടുന്ന ദൗത്യം ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.