ഒറ്റപ്പാലം: മലബാറിൽ കോൺഗ്രസിന് വേരോട്ടമുണ്ടാക്കാൻ സഹായിച്ചത് 1921 ൽ ഒറ്റപ്പാലത്ത് നടന്ന പ്രഥമ കേരള പ്രദേശ് കോൺഗ്രസ് സമ്മേളനമായിരുന്നെങ്കിലും ഒറ്റപ്പാലത്തിന്റെ മണ്ണും മനസും എന്നും ഇഴ ചേരുന്നത് ഇടതുപക്ഷത്തോടാണ്. 1957 മുതൽ 2021 വരെ നടന്ന 16 തെരഞ്ഞെടുപ്പുകളിൽ രണ്ട് തവണ മാത്രമാണ് മണ്ഡലം കോൺഗ്രസിനെ തുണച്ചത്. 14 തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തിനായിരുന്നു മേൽക്കൈ. കോൺഗ്രസിന് ആദ്യജയം നേടിക്കൊടുത്തത് 1977 ൽ നടന്ന തെരഞ്ഞെടുപ്പായിരുന്നു. 6817 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അന്ന് വിജയിച്ചത് കോൺഗ്രസ് സ്ഥാനാർഥി പി. ബാലനാണ്- 30937 വോട്ട്. സി.പി.എം പ്രതിനിധി കെ.പി ഉണ്ണിയുടെ പരാജയമാണ് ഇടതുപക്ഷത്തിന് തിരിച്ചടിയായത്. 24120 വോട്ടാണ് ഇദ്ദേഹത്തിന് ലഭിച്ചത്. പിൽക്കാലത്ത് മഹാരാഷ്ട്ര ഗവർണർ പദവി വഹിച്ച കെ. ശങ്കരനാരായണന്റെ 1987 ലെ വിജയമായിരുന്നു കോൺഗ്രസിന്റെ രണ്ടാമൂഴം. 1980, 1982 തെരഞ്ഞടുപ്പുകളിൽ വിജയം ആവർത്തിച്ച സിറ്റിങ് എം.എൽ.എ വി.സി കബീറിനെ 1710 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയായിരുന്നു ശങ്കരനാരായണന്റെ രംഗപ്രവേശം. 38237 ഉം 36527 ഉം വോട്ടുകളാണ് ഇരുവരും നേടിയത്.
ഒറ്റപ്പാലം നിയമസഭ മണ്ഡലം രൂപം കൊണ്ട ശേഷം 1957 ൽ നടന്ന തെരഞ്ഞെടുപ്പിൽ 909 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് കുഞ്ഞുണ്ണി നായർ നിയമസഭ സാമാജികനായി. 16157 വോട്ട് ഇദ്ദേഹം നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന എൻ. സുന്ദരയ്യർക്ക് ലഭിച്ചത് 15248 വോട്ടാണ്. 1960 ലും കുഞ്ഞുണ്ണി നായർ വിജയം ആവർത്തിച്ചു. 24741 വോട്ട് നേടിയപ്പോൾ ഭൂരിപക്ഷം 6623 വോട്ടായി ഉയർന്നു. പി.എസ്.പി സ്ഥാനാർഥി ചന്ദ്രശേഖരകുറുപ്പായിരുന്നു ഇത്തവണ എതിരാളി. 18118 വോട്ട് ഇദ്ദേഹം നേടി. 1965 , 1967 , 1970 വർഷങ്ങളിലായി നടന്ന തെരഞ്ഞെടുപ്പുകളിൽ സി.പി.എം സ്ഥാനാർഥിയായി മത്സരിച്ച പി.പി. കൃഷ്ണനായിരുന്നു വിജയം. കോൺഗ്രസ് സ്ഥാനാർഥികളായ കെ. ശങ്കരനാരായണൻ , എം.എൻ കുറുപ്പ്, ലീലാ ദാമോദരമേനോൻ എന്നിവരായിരുന്നു എതിരാളികൾ. ഏഴ് തവണ നേരിട്ട മത്സരങ്ങളിൽ അഞ്ച് തവണയും വിജയം ആവർത്തിച്ച വി.സി കബീറിന്റെ കന്നിയങ്കം 1980 ലായിരുന്നു. ജനത പാർട്ടിയിലെ പി.ആർ നമ്പ്യാരെ 3184 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇദ്ദേഹം പരാജയപ്പെടുത്തി. 1982 ൽ നടന്ന തെരഞ്ഞടുപ്പിൽ വി.സി കബീർ നേരിട്ടത് രാഷ്ട്രീയ ഗുരുനാഥൻ എന്ന് വിശേഷിപ്പിക്കുന്ന പി. ബാലനെ തന്നെയാണ്.
1991 ൽ വി.സി കബീറിന് 42771 വോട്ടും കോൺഗ്രസ് സ്ഥാനാർഥി കെ. ശങ്കരനാരായണന് 38501 വോട്ടും 1996 ൽ കബീറിന് 40615 വോട്ടും കോൺഗ്രസ് പ്രതിനിധി കെ.വി പ്രഭാകരൻ നമ്പ്യാർക്ക് 33257 വോട്ടും ലഭിച്ചു. 2001 ൽ കോൺഗ്രസ് സ്ഥാനാർഥി സി.വി ബാലചന്ദ്രനേക്കാൾ 17850 അധികം വോട്ട് നേടിയായിരുന്നു കബീറിന്റെ വിജയം. കോൺഗ്രസിലേക്ക് മടങ്ങിയ ശേഷം നടന്ന 2006 ലെ തെരഞ്ഞെടുപ്പിൽ വി.സി കബീറിന് എതിരാളിയായി എത്തിയത് സി.പി.എം നേതാവ് എം. ഹംസയായിരുന്നു. 24343 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഹംസ നിയമസഭ സാമാജികനായത്. 2011 ൽ ഹംസക്ക് മത്സരിക്കേണ്ടി വന്നത് കോൺഗ്രസിലെ വി.കെ ശ്രീകണ്ഠനോടായിരുന്നു. 65,023 ഉം 51,820 വോട്ടുകളാണ് ഇരുവരും നേടിയത്. 2016 ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ച പി. ഉണ്ണി 67161 വോട്ടും കോൺഗ്രസ് പ്രതിനിധി ഷാനിമോൾ ഉസ്മാൻ 51,073 ഉം വോട്ട് നേടി. 16,088 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പി. ഉണ്ണി നിയമസഭ സാമാജികനായി. 2021 ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥി അഡ്വ. കെ പ്രേംകുമാറും കോൺഗ്രസ് സ്ഥാനാർത്ഥി ഡോ. പി. സരിനും തമ്മിൽ നടന്ന മത്സരത്തിൽ 15,152 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പ്രേംകുമാർ വിജയിച്ചു.
ആരാവും സ്ഥാനാർഥി?
ഇത്തവണ അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ തന്നെ ഇടത് സ്ഥാനാർത്ഥിയാകും. യു.ഡി.എഫ് സ്ഥാനാർത്ഥിയായി കെ.പി.സി.സി സെക്രട്ടറി പി ഹരി ഗോവിന്ദന്റെയും സി.പി.എം വിട്ട പി.കെ ശശിയുടെയും പേരുകൾ പുറത്ത് വരുന്നുണ്ട്. എൻ.ഡി.എ സ്ഥാനാർത്ഥിയായി മുൻ ബി.ജെ.പി ജില്ല പ്രസിഡൻറ് കെ.എ ഹരിദാസിന്റെയും മേജർ രവിയുടെയും പേരുകൾ കേൾക്കുന്നു.
2021 നിയമസഭ
ആകെ വോട്ടർമാർ - 2,08,304
പോൾ ചെയ്തത് - 1,61,161
അഡ്വ.കെ.പ്രേംകുമാർ ( എൽ..ഡി.എഫ് ) - 74,859
ഡോ .പി സരിൻ ( യു.ഡി.എഫ്) - 59,707
പി വേണുഗോപാലൻ ( എൻ.ഡി.എ ) - 25,056
ഭൂരിപക്ഷം - 15,152
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.