പാലക്കാട് നഗരത്തിലെ പ്രധാന വസ്ത്രവിൽപന ശാലയിൽ വസ്ത്രം വാങ്ങാനെത്തിയവരുടെ തിരക്ക്

വസ്ത്രവൈവിധ്യങ്ങളുടെ പുത്തനുണർവുമായി പെരുന്നാൾ വിപണി

സ്വന്തം ലേഖകൻ

പാലക്കാട്: നഗരം ചുട്ടുപൊള്ളുമ്പോഴും നാടും നഗരവും ചെറിയ പെരുന്നാൾ തിരക്കിലേക്ക്‌ കടന്നു. പെരുന്നാളിന് ഇനിയും ഒരാഴ്ച അവശേഷിക്കേ അവധിദിനമായ രണ്ടാം ശനിയാഴ്ച വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലെല്ലാം പതിവിൽ കവിഞ്ഞ തിരക്കനുഭവപ്പെട്ടു. നഗരത്തിലെ ടി.ബി റോഡ് അടക്കമുള്ള എല്ലായിടത്തും പെരുന്നാളിന്റെ വരവറിയിച്ചുള്ള മുന്നൊരുക്കങ്ങളുടെ തിരക്കായിരുന്നു. മിക്ക വസ്ത്രശാലകളിലും കാലുകുത്താനിടമില്ലാത്ത തരത്തിൽ കച്ചവടം പൊടിപൊടിച്ചു.

പലയിടങ്ങളിലും പെരുന്നാൾ ഓഫര്‍ തുടങ്ങിക്കഴിഞ്ഞു. ട്രെൻഡനുസരിച്ചുള്ള ചുരിദാര്‍, കുര്‍ത്ത സെറ്റുകളും പ്രിന്റഡ് ഷോര്‍ട്ട് കുര്‍ത്തകളുമാണ് കൂടുതൽ സ്റ്റോക്കെത്തുന്നത്. 250 രൂപ മുതലാണ് വില തുടങ്ങുന്നത്. 400 രൂപ മുതലാണ് ഷര്‍ട്ടുകളുടെ വില. 550 രൂപ മുതൽ ജീൻസുമുണ്ട്. വിഷുവിപണി കൂടി മുൻകൂട്ടി കണ്ടാണ് മിക്ക കടകളും സ്റ്റോക്ക് ഇറക്കിയത്. ചെരുപ്പുകടകളിലും സമാനമായ തിരക്കുണ്ടായിരുന്നു. മാളുകളിലും ആളുകൾ ഷോപ്പിങ്ങിന്‌ കൂട്ടമായെത്തി.

അതേസമയം, ചെറിയ പെരുന്നാളിന് മുന്നോടിയായി കോഴിയിറച്ചി വില കുതിച്ചുയരുന്നു. ശനിയാഴ്ച ചില്ലറ വിപണിയിൽ ഒരു കിലോ കോഴിയിറച്ചിക്ക് 175 രൂപ മുതൽ 180 രൂപ വരെയാണ് ഈടാക്കിയത്. വില ഇനിയും ഉയർന്നേക്കുമെന്നാണ് കച്ചവടക്കാർ പറയുന്നത്. പെരുന്നാൾ ദിനങ്ങളിൽ വില 200 രൂപ വരെ എത്താൻ സാധ്യതയുണ്ടെന്ന സൂചന ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നു.

നേരത്തെ കോഴിക്ക് ആവശ്യക്കാർ കുറഞ്ഞതോടെ ഫാമുടമകൾ ഉൽപാദനം കുറച്ചതാണ് നിലവിലെ ക്ഷാമത്തിന് പ്രധാന കാരണമായി മൊത്തവിതരണക്കാർ ചൂണ്ടിക്കാട്ടുന്നത്. ഇതിനുപുറമെ വേനൽക്കാലത്തെ ചൂട് വർധിച്ചത് കോഴികളുടെ വളർച്ചയെ ബാധിച്ചതും ഉൽപാദനച്ചെലവ് കൂടിയതും വിലക്കയറ്റത്തിന് ആക്കം കൂട്ടി. മത്സ്യലഭ്യത കുറഞ്ഞതും കോഴിയിറച്ചിക്ക് ആവശ്യക്കാർ ഏറാൻ കാരണമായി. 

Tags:    
News Summary - The festival market brings a new wave of clothing variety

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.