പാലക്കാട്: പരസഹായമില്ലാതെ നടക്കാൻ പോലും പറ്റാതിരുന്ന അവസ്ഥയിൽനിന്ന് ഹരിന തനിയെ നീന്തിക്കയറിയത് പ്രതീക്ഷകളുടെ വെള്ളിവെളിച്ചത്തിലേക്ക്. ഒന്നര വയസിൽ അപസ്മാരം വന്ന ശേഷം ബാധിച്ച സെറിബ്രൽ പാൾസിയെ കഠിനമായ പ്രയത്നത്തിലൂടെയാണ് ഹരിന കീഴടക്കിയത്. മലമ്പുഴ കുളപ്പരത്തി ‘സായ് ഹേമാംബിക’യിൽ ദേവരാജിന്റെയും കൃഷ്ണകുമാരിയുടെയും ഏകമകളായ ഡി. ഹരിന (15) കഠിനമായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. ആരെങ്കിലും പിടിച്ചാൽ മാത്രമേ നടക്കാൻ സാധിക്കൂ. എന്നാൽ, ആ അവസ്ഥയിൽനിന്ന് നീന്തൽ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്ത് സ്വർണ മെഡലുകൾ വാരിക്കൂട്ടി താരമായിരിക്കുകയാണ് ഹരിന.
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ, റിട്ട. സൈനിക ഉദ്യോഗസ്ഥനായ കെ. ശശീന്ദ്രൻ മലമ്പുഴ ചെക് ഡാമിൽ നടത്തുന്ന നീന്തൽ പരിശീലനത്തിന് പോയതാണ് ഹരിനയുടെ ജീവിതം മാറ്റിമറിച്ചത്. വടിയുടെയും മറ്റും സഹായത്തോടെ ശശീന്ദ്രൻ ഹരിനയെ നീന്തൽ പഠിപ്പിച്ചു. ഇപ്പോൾ ഒറ്റക്ക് നീന്താൻ കഴിയും. കഴിഞ്ഞമാസം തൃശൂരിൽ നടന്ന സംസ്ഥാന പാരാ നീന്തൽ ചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വർണം നേടി. 50 മീറ്റർ ഫ്രീ സ്റ്റെെൽ, 100 മീറ്റർ ബാക്ക് സ്ട്രോക്ക്, 50 മീറ്റർ ബാക്ക് സ്ട്രോക്ക് ഇനങ്ങളിലായിരുന്നു ഹരിനയുടെ സ്വർണനേട്ടം. കഴിഞ്ഞദിവസം ബംഗളൂരുവിൽ നടന്ന ദേശീയ പാരാ സ്വിമ്മിങ് ചാമ്പ്യൻഷിപ്പിലും ഇതേ ഇനങ്ങളിൽ മൂന്ന് സ്വർണം കൊയ്ത് മികവ് തെളിയിച്ചു.
വാക്കിങ് സ്റ്റിക്ക് ഉപയോഗിച്ചാണ് നടക്കുന്നത്. രാവിലെ ആറര മുതൽ എട്ടര വരെ മലമ്പുഴ ചെക് ഡാമിൽ നീന്തൽ പരിശീലിക്കും. കോയമ്പത്തൂരിൽ നിർമാണ തൊഴിലാളിയാണ് പിതാവ് ദേവരാജ്. മാതാവ് കൃഷ്ണകുമാരി മലമ്പുഴ കൃഷി പരിശീലന കേന്ദ്രത്തിലെ ജീവനക്കാരിയാണ്. മുഖ്യമന്ത്രി വി.ഡി. സതീശൻ, നടനും പാലക്കാട് എം.എൽ.എയുമായ രമേഷ് പിഷാരടി എന്നിവരെ നേരിൽ കാണണമെന്നാണ് ഹരിനയുടെ ആഗ്രഹം.
രമേഷ് പിഷാരടിയുടെ ആരാധിക കൂടിയാണ്. അകത്തേത്തറ എൻ.എസ്.എസ് എച്ച്.എസ്.എസിൽനിന്ന് പത്താം ക്ലാസ് വിജയിച്ച ഹരിനക്ക് പ്ലസ് വണ്ണിന് കൊമേഴ്സ് എടുത്ത് ബിസിനസ് മേഖലയിലേക്ക് തിരിയാനാണ് താൽപര്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.