പിരായിരി പഞ്ചായത്ത് ഓഫിസ്

പിരായിരി പഞ്ചായത്തിലെ വിജയം: ആരോപണച്ചുഴിയിൽ; സി.പി.എം-ബി.ജെ.പി ബന്ധം

അന്തർധാരയുടെ പ്രതിഫലനം -എ. തങ്കപ്പൻ

പാലക്കാട്: പിരായിരി പഞ്ചായത്തിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് എൽ.ഡി.എഫ് - ബി.ജെ.പി അന്തർധാരയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് എ.തങ്കപ്പൻ. നിയമസഭ തിരഞ്ഞെടുപ്പിലെ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടിന്‍റെ തുടർച്ചയാണിതെന്നും ​അദ്ദേഹം ആരോപിച്ചു.

ബന്ധത്തിന്റെ പുതിയ തെളിവ് -മുസ്‍ലിം ലീഗ്

പാലക്കാട്‌: പിരായിരി പഞ്ചായത്ത്‌ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ പുറത്തു വന്നത് സി.പി.എം -ബി.ജെ.പി ബന്ധത്തിന്റെ പുതിയ തെളിവാണെന്ന് പാലക്കാട്‌ മണ്ഡലം ലീഗ് പ്രസിഡന്‍റ് കെ. സൈദ്അലവി പൂലക്കാട്, ജനറൽ സെക്രട്ടറി സൈദ് മീരാൻ ബാബു എന്നിവർ പ്രസ്താവനയിൽ ആരോപിച്ചു. തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി ജയിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടി ജില്ല ഓഫിസും ബി.ജെ.പി ജില്ല കാര്യാലയവും തമ്മിൽ നടത്തിയ കൂടിയാലോചനയിലൂടെ ആണെന്നും ആരോപിച്ചു.

സി.പി.എമ്മിന്റെ കാപട്യം തുറന്നു കാണിക്കുന്നത് -വെൽഫെയർ പാർട്ടി

പാലക്കാട്: പിരായിരി പഞ്ചായത്തിൽ ബി.ജെ.പി പിന്തുണയോടെ സി.പി.എം അധികാരം പിടിച്ചെടുത്തത് വരുന്ന ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ്- ബി.ജെ.പി ധാരണകളുടെ ആദ്യപടിയാണെന്ന് വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടീവ് ആരോപിച്ചു. പഞ്ചായത്ത് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മൂന്ന് അംഗങ്ങൾ അവിശുദ്ധ സഖ്യത്തിലൂടെ എൽ.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തതിലൂടെയാണ് പഞ്ചായത്ത് ഭരണം യു.ഡി.എഫിൽനിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്തത്. സി.പി.എമ്മും എൽ.ഡി.എഫും പറയുന്ന ഫാസിസ്റ്റ് വിരുദ്ധതയുടെ കാപട്യം തുറന്നു കാണിക്കുന്നതാണിത്. ബി.ജെ.പി ഭരിക്കുന്ന പാലക്കാട് മുൻസിപ്പാലിറ്റിയുടെ തൊട്ടടുത്ത പഞ്ചായത്താണ് പിരായിരി. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ സി.പി.എം നേതൃത്വത്തിലുള്ള എൽ.ഡി.എഫ് മുന്നണി ബി.ജെ.പിക്ക് വോട്ട് നൽകി അവരെ വിജയിപ്പിക്കാനുള്ള രഹസ്യധാരണയുടെ ഭാഗമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ജില്ല പ്രസിഡന്‍റ് പി.എസ്.അബൂ ഫൈസൽ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി മോഹൻദാസ് പറളി റിപ്പോർട്ട് അവതരിപ്പിച്ചു. എ.ഉസ്മാൻ, എം.സുലൈമാൻ, ദിൽഷാദലി, റിയാസ് ഖാലിദ്, അബ്ദുൽ മജീദ് തത്തമംഗലം, ശാക്കിർ പുലാപ്പറ്റ, മുജീബ് റഹ്മാൻ വടക്കഞ്ചേരി എന്നിവർ സംസാരിച്ചു.

വോട്ടുചെയ്തവർക്ക് എതിരെ നടപടി -ബി.ജെ.പി

പിരായിരി: പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കാരായ മൂന്നംഗങ്ങൾ സി.പി.എമ്മിന് അനുകൂലമായി വോട്ടുചെയ്തത് ജില്ല നേതൃത്വത്തിന്‍റെ വിപ്പ് ലംഘിച്ച്. ഇവർക്കെതിരെ നടപടിയെടുക്കമെന്ന് ബി.ജെ.പി ജില്ല പ്രസിഡന്റ് കെ.എം. ഹരിദാസ് പറഞ്ഞു.

ബി.ജെ.പിയുടെ മൂന്നംഗങ്ങൾക്കും പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വിട്ടു നിൽക്കാനായിരുന്നു ബി.ജെ.പി ജില്ല നേതൃത്വത്തിന്റെ നിർദേശം. ഇതുവരെ ഭരണം നടത്തിയ യു.ഡി.എഫ് ഭരണസമിതി, ബി.ജെ.പിക്കാരുടെ വാർഡുകളോട് കാണിച്ച വിവേചനത്തിന്‍റെ പ്രതികാരമായാണ് എൽ.ഡി.എഫിനെ പിന്തുണച്ചതെന്ന് വോട്ടുചെയ്ത ബി.ജെ.പി. അംഗങ്ങൾ പറഞ്ഞു.

Tags:    
News Summary - Success in Pirairi Panchayat: At the expense CPM-BJP nexus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.