പറളി: ജോലിക്ക് പോകുമ്പോൾ വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ് അനങ്ങാൻ പോലും കഴിയാതെ വീട്ടമ്മ കിടപ്പിലായിട്ട് മൂന്നു മാസം. വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് ഡോക്ടർ അറിയിച്ചെങ്കിലും ചികിത്സക്ക് വഴി കാണാതെ ആശങ്കയോടെ കഴിയുകയാണ് ഈ കുടുംബം. പറളി ഓടനൂർ ചേങ്ങോട് രാമചന്ദ്രെൻറ ഭാര്യ സീതയാണ് (46) വേദന കടിച്ചമർത്തി കഴിയുന്നത്. കെട്ടിട നിർമാണത്തൊഴിലാളിയായ സീത പണിക്കു പോകുമ്പോൾ കൊടുന്തിരപ്പുള്ളിക്കടുത്ത് അത്താലൂരിൽ വെച്ച് കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ജൂൺ രണ്ടിനായിരുന്നു സംഭവം. തലയിൽ മാരകമായി പരിക്കേറ്റ സീതയെ ഒരു മാസത്തോളം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് പാലക്കാടും പത്തിരിപ്പാലയിലുമുള്ള സ്വകാര്യ ആശുപത്രികളിലും ചികിത്സിച്ചു. എഴുന്നേറ്റ് ഇരിക്കാനാവാതെ കിടന്ന കിടപ്പിൽ എല്ലാം നിർവഹിക്കുന്ന സീതക്ക് വിദഗ്ധ ചികിത്സ വേണം. ദിനേന കൂലിപ്പണിക്ക് പോയി മാത്രം ജീവിതമാർഗം കണ്ടെത്തുന്ന ഈ കുടുംബം തീർത്തും ദുരിതത്തിലാണ്. രണ്ടര മാസത്തിലേറെയായി ഭാര്യ സീതക്ക് കൂട്ടിരിക്കുന്ന രാമന് പണിക്കുപോകാൻ പറ്റാത്ത അവസ്ഥയാണ്. സന്മനസ്സുള്ളവർ കൈതാങ്ങാവുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. കോട്ടായി സൗത്ത് ഇന്ത്യൻ ബാങ്കിൽ ഇവരുടെ മകൾ അനിതയുടെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 0735053000003646. IFSC: SIBL0000735.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.