കൊല്ലങ്കോട്: നെല്ലുസംഭരണം വേഗത്തിലാക്കണമെന്ന് കർഷകർ. ചാറ്റൽ മഴ ഇടക്കിടെ ഉണ്ടാവുന്നതും ചൂട് കുറയുന്നതും കാരണം പുതുനഗരം, കൊല്ലങ്കോട്, പല്ലശ്ശന പ്രദേശങ്ങളിൽ കർഷകർ നെല്ലുണക്കാനും സൂക്ഷിക്കാനും സ്ഥലമില്ലാതെ പ്രയാസപ്പെടുകയാണ്.
നെല്ലുസംഭരണം ഏറ്റെടുത്ത മില്ലുകളുടെ ഏജന്റുമാർ കൃത്യമായി വാഹനങ്ങൾ എത്തിക്കുന്നില്ലെന്നും കർഷകർ പറയുന്നു. എന്നാൽ, സംഭരണം നിയന്ത്രിക്കേണ്ട ഉദ്യോഗസ്ഥരുടെ അനാസ്ഥയും പ്രശ്നങ്ങൾ വർധിപ്പിച്ചു.
ചെറുകിട കർഷകർക്ക് സൂക്ഷിക്കാൻ ഇടമില്ലാത്തതിനാൽ ഓരോ മഴക്കുശേഷവും ഈർപ്പം നിയന്ത്രിക്കാൻ റോഡിന്റെ വശങ്ങളിൽ നെല്ല് ഉണക്കേണ്ട ഗതികേടിലാണ്. സംഭരണം വേഗത്തിലാക്കാൻ ഓരോ താലൂക്കിലും ഡെപ്യൂട്ടി തഹസിൽദാർമാരെ ചുമതലപ്പെടുത്തണമെന്നാണ് കർഷകരുടെ ആവശ്യം.
രണ്ടാം വിള; ഞാറ്റടി തയാറാക്കി
കൊടുവായൂർ: രണ്ടാം വിളക്കായി ഞാറ്റടി തയാറാക്കി കർഷകർ. തൊഴിലാളികളുടെ ക്ഷാമം മുന്നിൽക്കണ്ടാണ് മിക്ക കർഷകരും പായ ഞാറ്റടി തയാറാക്കുന്നത്. ഉമ വിത്താണ് ഇത്തവണ കൂടുതലായി ഉപയോഗിക്കുന്നത്. തണ്ടിന് ബലവും പ്രതിരോധശേഷി കൂടുതലുള്ളതിനാലാണ് ഉമ വിത്ത് തിരഞ്ഞെടുക്കുന്നതെന്ന് കർഷകനായ അബു പറയുന്നു. തമിഴ്നാട്ടിൽനിന്ന് എത്തിയ തൊഴിലാളികളാണ് പായ ഞാറ്റടിക്കായി മണ്ണൊരുക്കി വിത്തുവിതച്ചത്. ഇവർതന്നെയാണ് യന്ത്രങ്ങൾ ഉപയോഗിച്ച് നടുന്നത്. പുതുനഗരം, കൊടുവായൂർ, വടവന്നൂർ പഞ്ചായത്തുകളിൽ നിലവിൽ യന്ത്രനടീലിനുള്ള ഞാറ് തയാറായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.