കൂറ്റനാട്: മടിച്ചുനിന്ന കാലവര്‍ഷം പതിയെ പെയ്തിറങ്ങിയതിന്റെ ആശ്വാസത്തിനിടയിലും പെട്ടന്നുണ്ടായ ഭാവമാറ്റം തീരാദുരിതമായി. കഴിഞ്ഞദിവസം പെയ്ത മഴയിലും കാറ്റിലും പലയിടത്തും അപകടങ്ങളുണ്ടായി.
മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. പലയിടത്തും മരങ്ങൾ വീണ് വീട് തകർന്നു. വൈദ്യുത പോസ്റ്റുകൾക്ക് മേൽ മരച്ചില്ലകളും മറ്റും വീണ് വിദൂരമേഖലകളിൽ വൈദ്യുതി തടസ്സപ്പെട്ടു.
റോഡരികിൽ നിന്ന മരങ്ങൾ കടപുഴകി ഗതാഗത തടസവുമുണ്ടായി. 24 മണിക്കൂറിലധികമായി നെല്ലിയാമ്പതിയിലും അട്ടപ്പാടിയുടെ ഉൾപ്രദേശങ്ങളിലും മഴതുടരുകയാണ്. മരം വീണ് വൈദ്യുത പ്രസരണം തടസപ്പെട്ടതോടെ അട്ടപ്പാടി പൂർണമായി ഇരുട്ടിലായി. വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം നാളെയും തുടരുമെന്ന് അധികൃതർ അറിയിച്ചു. നെല്ലിയാമ്പതി ചുരം റോഡിലും മരങ്ങൾ വീണ് ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.
വിദൂര മേഖലകളിലെ ഗ്രാമങ്ങളിലേക്കുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടതോടെ ആദിവാസി കോളനികളടക്കം ദുരിതത്തിലായി. കാഞ്ഞിരപ്പുഴ കുപ്പാംകുർശിയിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് മരം വീണ് കേടുപാട് പറ്റി.
ബുധനാഴ്ച രാവിലെ ഉണ്ടായ മഴയിലും കാറ്റിലും തിരുമിറ്റകോട് രണ്ട് വില്ലേജിലെ ചാഴിയാട്ടിരി ദേശത്തു വെട്ടേക്കാട്ട് ശിവശങ്കരന്റെ ഭാര്യ ശാന്തകുമാരിയുടെ പറമ്പിൽ പുളിമരം കടപുഴകിയതോടെ വീടിനു നാശനഷ്ടം സംഭവിച്ചു.
ആനക്കര വില്ലേജിൽ ഉമ്മത്തൂർ തുറക്കൽ വീട്ടിൽ ഇബ്രാഹിമിന്റെ മകൻ മൊയ്തീൻ കുട്ടിയുടെ വീടിനു മുകളിലേക്ക് അയൽവാസിയുടെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണ് അടുക്കളയുടെ മേൽക്കൂരക്കും ചുമരിനും നാശമുണ്ടായി. ഉച്ചക്കുണ്ടായ ശക്തമായ കാറ്റിലും മഴയിലും പെട്ട് തിരുമിറ്റകോട് വില്ലേജിലെ മതുപ്പുള്ളി കല്ലിപറമ്പിൽപടി ശങ്കരന്റെ ഭാര്യ കാർത്ത്യായനിയുടെ വീടിനുമുകളിൽ തെങ്ങു കടപുഴകി വീണു. ചൊവ്വാഴ്ച രാത്രി 8.45നുണ്ടായ ശക്തമായ കാറ്റിലും മഴയിലും ചാലിശ്ശേരി ചോലറോഡിൽ ആലിങ്ങൽ വീട്ടിൽ മുഹമ്മദിന്റെ ഓടിട്ട വീടിന്റെ മുൻവശത്തുള്ള നെല്ലിമരം കടപുഴകി വീണ് വീടിന്റെ മുൻവശം ഭാഗികമായും ഗുഡ്സ് വണ്ടി പൂർണമായും തകർന്നു.
പട്ടാമ്പി: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. തിരുവേഗപ്പുറ വില്ലേജിൽ നെടുങ്ങോട്ടൂർ ദേശത്ത് ചെമ്പയിൽ കദീജയുടെ വീടിനോട് ചേർന്നുള്ള മതിൽ അയൽവാസിയുടെ വീട്ടുമുറ്റത്തേക്ക് ഇടിഞ്ഞു വീണു. മേലെ പട്ടാമ്പി കോളജ് സ്ട്രീറ്റ് ആലിക്കൽ ബഷീറിന്റെ വീടിനു മുകളിൽ മരം വീണു.
മാത്തൂർ: കനത്ത മഴയിലും കാറ്റിലും മാത്തൂർ ചുങ്കമന്ദത്ത് മരം കടപുഴകി റോഡിനു കുറുകെ വീണു. ബുധനാഴ്ച വൈകീട്ട് അഞ്ചിന് കോട്ടായി-കുഴൽമന്ദം പ്രധാന പാതയിൽ ചുങ്കമന്ദം ഫെഡറൽ ബാങ്കിനു മുൻവശത്താണ് പാതയോരത്തെ മരം കടപുഴകി വീണത്. പാതയോരത്ത് നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങൾക്കും മറ്റും കേട് പറ്റി.
ആലത്തൂർ: വണ്ടാഴി രണ്ട് വില്ലേജിൽ കറാംപാടം തത്തയുടെ വീട് കഴിഞ്ഞ ദിവസത്തെ മഴയിൽ പൂർണമായും തകർന്നു. വീട്ടിലുള്ള ആർക്കും അപകടമില്ല. ഇവരെ തൽക്കാലം അടുത്ത വീട്ടിലേക്ക് മാറ്റിയിട്ടുണ്ടെന്ന് താലൂക്കാഫീസിൽനിന്ന് അറിയിച്ചു.
നെല്ലിയാമ്പതി: കൈകാട്ടി കാരപ്പാറ റോഡിൽ കരടി പ്രദേശത്തു ഊമാണ്ടി വളവിൽ വലിയ മരം റോഡിന്റെ കുറുകെ വീണത് കാരണം ബുധനാഴ്ച പകൽ 11 മുതൽ രണ്ടുവരെ കാരപ്പാറക്കുള്ള വാഹന ഗതാഗതം തടസപ്പെട്ടു.
അഗ്നിരക്ഷാസേന എത്തി മരം മുറിച്ച് മാറ്റിയതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
മണ്ണാർക്കാട്: മഴയിൽ വീടിനു മുകളിലേക്ക് തെങ്ങ് വീണു. വലിയ ജുമാ മസ്ജിദിനു സമീപം തെക്കും പുറവൻ ഷൗക്കത്തിന്റെ വീടിനു മുകളിലേക്കാണ് തെങ്ങ് വീണത്. ബുധനാഴ്ച വൈകുന്നേരം നാലോടെയാണ് അപകടം. വീടിന് ഭാഗികമായി കേട് സംഭവിച്ചു. വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും അപകടം സംഭവിച്ചില്ല.
കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ കുപ്പാംകുർശിയിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് മുകളിൽ മരം പൊട്ടിവീണ് വാഹനങ്ങൾക്ക് കേട് പറ്റി. ഡ്രൈവർമാരും യാത്രക്കാരും തലനാരിഴക്ക് രക്ഷപ്പെട്ടു. കാങ്ങത്ത് സജീഷിന്റെ ടിപ്പറിന് മുകളിലാണ് മരം വീണത്. കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ 14ാം വാർഡ് പ്രദേശത്തെ നാട്ടുപാതയിലാണ് ലോറിക്കു മുകളിൽ മരം വീണത്.
കാഞ്ഞിരപ്പുഴ ചെട്ടിപളിയാൽ വിശ്വനാഥന്റെ വീടിന് മുകളിൽ തേക്കുമരം കടപുഴകി വീണു. രാമകൃഷ്ണന്റെ വീടിന് മുകളിലും മരം പൊട്ടിവീണു. പാറക്കൽ അംബിക, പടിഞ്ഞാറക്കര സത്യഭാമ എന്നിവരുടെ വീടും മരം വീണ് തകർന്നു. ബുധനാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം.
പ്രദേശങ്ങൾ കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത്പ്ര സിഡന്റ് സതിരാമരാജൻ, വൈസ് പ്രസിഡന്റ് സിദ്ദീക്ക് ചേപ്പോടൻ, വാർഡ് അംഗങ്ങളായ പി. രാജൻ, രവി അടിയത്ത്, ശോഭന എന്നിവർ സന്ദർശിച്ചു.
തച്ചമ്പാറ: മുതുകുറുശ്ശി തോടംകുളം സ്വദേശിയായ അപ്പു മൂത്താൻ കോഴിശേരിയുടെ വീട് തകർന്നു. ബുധനാഴ്ച പുലർച്ചെ ഒന്നോടെയാണ് വീട് തകർന്നത്. ആർക്കും പരിക്കില്ല. വീടിന് പൂർണമായും നാശം സംഭവിച്ചതിനെ തുടർന്ന് കുടുംബത്തെ വാടക വീട്ടിലേക്ക് മാറ്റി പാർപ്പിച്ചു. തച്ചമ്പാറ വില്ലേജ് ഓഫിസറും വാർഡ് മെമ്പർ ജോർജ് തച്ചമ്പാറയും സ്ഥലം സന്ദർശിച്ചു.
തച്ചമ്പാറ: ശക്തമായ മഴയിലും കാറ്റിലും വീടിനു മുകളിൽ മരം പൊട്ടി വീണു. മുതുകുറിശ്ശി നാലാം വാർഡ് സ്വദേശി മുഹമ്മദാലി തിയ്യത്താളന്റെ വീടിനു മുകളിലൂടെയാണ് സമീപത്തെ മരം പൊട്ടി വീണത്. ആർക്കും പരിക്കില്ല. വീട് ഭാഗികമായി തകർന്നു.
മണ്ണാര്‍ക്കാട്: ബുധനാഴ്ചയുണ്ടായ കാറ്റിലും മഴയിലും മണ്ണാർക്കാട് താലൂക്കില്‍ മരം വീണ് ആറ് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ആളപായമില്ല. വൈദ്യുതി തൂണുകള്‍ തകര്‍ന്നതിനെ തുടർന്ന് വൈദ്യുതി തടസ്സം നേരിട്ടു. ചില പ്രദേശങ്ങളിൽ കൃഷി നാശവുമുണ്ടായി.
മണ്ണാര്‍ക്കാട് നഗരസഭ, തെങ്കര, കരിമ്പ, തച്ചമ്പാറ, കോട്ടോപ്പാടം പഞ്ചായത്തുകളിലാണ് വീടുകള്‍ തകർന്നത്. വൈകിട്ട് നാല് മണിയോടെ തെങ്ങ് പൊട്ടി വീണ് വലിയ ജുമാമസ്ജിദിന് സമീപത്തെ തെക്കുംപുറവന്‍ ഷൗക്കത്തിന്റെ വീട് ഭാഗികമായി തകര്‍ന്നു.
തെങ്കര പഞ്ചായത്തിലെ മുതുവല്ലിയില്‍ മാങ്കുഴി മോഹനന്റെ ഓട് മേഞ്ഞ വീട് മരം വീണ് ഭാഗികമായി തകര്‍ന്നു. കരിമ്പ ഒന്ന് വില്ലേജില്‍ സുഗതന്റെ വീടിനു മുകളിൽ മരം വീണു ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. മുതുകുര്‍ശി കോഴിശ്ശേരി വീട്ടില്‍ അപ്പു മൂത്താന്റെ വീടും മഴയില്‍ നിലംപൊത്തി.
കോട്ടോപ്പാടം രണ്ട് വില്ലേജിലെ അമ്പാഴക്കോട് ചോലയില്‍ ഉണ്ണികൃഷ്ണന്റെ വീടിന് മുകളിൽ മരം വീണു നാശനഷ്ടമുണ്ടായി. ചൊവ്വാഴ്ച രാത്രി ഒരുമണിക്കാണ് സംഭവം. കാഞ്ഞിരം ചെട്ടി പള്ളിയാലില്‍ വീട്ടില്‍ വിശ്വനാഥന്റെ വീടിന് മുകളിലേക്കും മരം വീണു ഭാഗിക നാശനഷ്ടമുണ്ടായി. പൊറ്റശ്ശേരി പാലാമ്പട്ടയില്‍ വാഹനത്തിന് മുകളിൽ മരം വീണു. ആളപായമില്ല.
മണ്ണാര്‍ക്കാട്-അട്ടപ്പാടി റോഡില്‍ പുഞ്ചക്കോട് പെട്രോള്‍ പമ്പിന് സമീപം പാതയോരത്തെ പുളിമരം കടപുഴകി വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. കാലപ്പഴക്കമുള്ള പുളിമരമാണ് നിലംപതിച്ചത്. വൈദ്യുതി ലൈനുകള്‍ക്ക് മുകളിലൂടെ റോഡിലേക്ക് വീഴുകയായിരുന്നു. വൈദ്യുതി ലൈനുകള്‍ തകര്‍ന്ന് വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
വട്ടമ്പലം അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷന് ഓഫിസര്‍ സുള്ഫീസ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി രണ്ടര മണിക്കൂറോളം പണിപ്പെട്ടാണ് മരം മുറിച്ച് നീക്കി ഗതാഗതം പുന:സ്ഥാപിച്ചത്. കെ.എസ്.ഇ.ബി ജീവനക്കാരും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ആനമൂളി ചെക് പോസ്റ്റിന് സമീപത്തും വൈദ്യുതി ലൈനിലേക്ക് മരം വീണു. മണ്ണാര്‍ക്കാട് തെന്നാരിയില്‍ തെങ്ങ് വീണ് വൈദ്യുതി തൂണുകള്‍ തകര്‍ന്നു. മരം വീണതിനെ തുടര്‍ന്ന് പലയിടങ്ങളില്‍ ഗതാഗതവും തടപ്പെട്ടിരുന്നു.
കല്ലടിക്കോട്: മരം വീണ് കരിമ്പ ചെമ്പൻതിട്ട സുഗതന്റെ വീട് തകർന്നു. വീടിന്റെ മേൽക്കൂരയും കുളിമുറിയുമാണ് പാടെ തകർന്നത്. ആളപായമില്ല.
വടക്കഞ്ചേരി: വണ്ടാഴി 2 വില്ലേജിൽ കറാംപാടം കോയു, ഭാര്യ തത്ത എന്നവരുടെ വീട് മഴയിൽ പൂർണമായും തകർന്ന് വാസയോഗ്യമല്ലാതായി. വീട്ടിലുള്ള ആർക്കും അപകടം ഒന്നുമില്ല. വീട്ടിലുള്ളവരെ അടുത്ത വീട്ടിലേക്ക് മാറ്റി പാർപ്പിച്ചു.
വടക്കഞ്ചേരി: ചുവട്ടുപാടത്ത് തെങ്ങ് കടപുഴകി വീട് തകർന്നു. മണികണ്ഠന്റെ വീടാണ് അയൽവാസിയുടെ പറമ്പിലെ തെങ്ങ് കടപുഴകി തകർന്നത്. മുൻഭാഗത്താണ് കാര്യമായ കേടുപാട് സംഭവിച്ചത്. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പാലക്കാട്: ജില്ലയില്‍ നിലവില്‍ 86 ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശങ്ങള്‍ ഉള്ളതായി അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ. മണികണ്ഠന്. മഴ കനത്താൽ ഈ പ്രദേശങ്ങളില്‍ നിലവിലുള്ള 79 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നിർദേശം നല്‍കും. നേരത്തെ ഇവിടങ്ങളിൽ താമസിച്ചിരുന്ന 509 കുടുംബങ്ങളില്‍ 430 കുടുംബങ്ങളെ 2018 ലെ പ്രളയത്തിനുശേഷം 10 ലക്ഷം സര്‍ക്കാര്‍ ചെലവില്‍ വീടും സ്ഥലവും നല്കി മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ബാക്കിയുള്ള 79 കുടുംബങ്ങളുടെ ഭവന നിർമാണം പുരോഗമിക്കുന്നതായും പ്രസ്തുത കുടുംബങ്ങളെ അപകടസാധ്യത ഉണ്ടാകുന്ന പക്ഷം മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദേശിക്കുമെന്നും എ.ഡി.എം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.