പാലക്കാട്: ട്രെയിനുകളിൽ ഭക്ഷണം വിതരണം ചെയ്യുന്നത് വൃത്തിഹീനമായെന്ന് ആക്ഷേപം. ഏറെ തിരക്കുള്ള ജനറൽ കോച്ചുകളിൽപോലും തുറന്നുവെച്ച ഭക്ഷണസാധനങ്ങളുമായി കൈയുറ ധരിക്കാതെ വിതരണത്തിനെത്തുന്നത് പതിവ് കാഴ്ചയാണ്. അഴുക്കുപുരണ്ട ഏപ്രണുകളും മുഷിഞ്ഞ വസ്ത്രവുമൊക്കെയായി വൃത്തിഹീനമായ രീതിയിൽ ഭക്ഷണം വിതരണം ചെയ്യുന്നത് സാംക്രമിക രോഗങ്ങൾ വ്യാപിക്കാനടക്കം കാരണമാകുമെന്നിരിക്കെ അധികൃതർ അനാസ്ഥ തുടരുകയാണെന്ന് യാത്രക്കാർ പറയുന്നു.
ട്രെയിനുകളിൽ വിതരണത്തിനെത്തിക്കുന്ന ഭക്ഷണത്തിന്റെ അളവ് സംബന്ധിച്ചും അമിതവില ഈടാക്കുന്നത് സംബന്ധിച്ചും പരാതികളുണ്ട്. റെയിൽവേയിൽ ആരോഗ്യവിഭാഗവും ഓരോ ഡിവിഷനിലും അമ്പതോളം ഹെൽത്ത് ഇൻസ്പെക്ടർമാരുമുണ്ട്. ഇവർക്കാണ് റെയിൽവേ സ്റ്റേഷനിലെയും ട്രെയിനുകളിലെയും ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനുള്ള ചുമതല. എന്നാൽ, റെയിൽവെ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഗുണനിലവാരം പരിശോധിക്കപ്പെടാറില്ല. പതിനായിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന റെയിൽവേയിൽ ഭക്ഷ്യസുരക്ഷ സ്ക്വാഡുപോലുമില്ല.
യാത്രക്കാര്‍ പരാതികളുമായി എത്താനുള്ള സാധ്യത കുറവാണെന്നത് പലപ്പോഴും ഇത്തരക്കാർക്ക് സൗകര്യമാവുന്നു. ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ റെയില്‍വേയുടെ ഭക്ഷ്യസുരക്ഷ ഓഫിസറുടെ പരിശോധനയ്ക്കപ്പുറം മിക്കയിടത്തും ഒന്നും ഉണ്ടാകുന്നില്ലെന്നും പരാതിയുണ്ട്. കേരള, മംഗള, നേത്രാവതി, ശബരി, ആലപ്പുഴ-ധൻബാദ് തുടങ്ങിയ ദീർഘദൂര എക്സപ്രസ് ട്രെയിനുകളിൽ പാൻട്രി കാർ പ്രവർത്തിക്കുന്നുണ്ട്. മേയിലാണ് ഒമ്പത് കൂട്ടികളടക്കം 11 പേർക്ക് ട്രെയിൻ യാത്രക്കിടയിൽ ഭക്ഷ്യവിഷബാധയേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.