പൊരിയാനി - ധോണി പാത നിർമിക്കുന്ന സ്ഥലം ഉന്നത
ഉദ്യോഗസ്ഥ സംഘം സന്ദർശിക്കുന്നു
മുണ്ടൂർ: പൊരിയാനി - കയ്യറ - അരിമണി- ധോണി റോഡ് നിർമാണം പുനരാരംഭിക്കുന്നു. കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച സബ് കലക്ടറുടെ നേതൃത്വത്തിലെ റവന്യു, വനം, തദ്ദേശ ഉന്നത ഉദ്യോഗസ്ഥ സംഘം, മൂന്ന് വർഷം മുമ്പ് റോഡ് നിർമാണം നിർത്തിവെച്ച സ്ഥലത്ത് നിലനിന്ന സാങ്കേതിക പ്രശ്നങ്ങൾ ഔദ്യോഗികമായി പരിഹരിക്കാൻ ധാരണയിലെത്തി. അഞ്ചര കിലോമീറ്റർ റോഡ് പ്രധാനമന്ത്രി സഡക്ക് യോജന പദ്ധതി പ്രകാരമാണ് പുനർനിർമിക്കുന്നത്. പാത വീതികൂട്ടിയാണ് നിർമിക്കുക.
വനമേഖലയിൽ 3.75 മീറ്റർ വീതിയിൽ റോഡ് നിർമിക്കാൻ അനുമതി നൽകുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. കയ്യറ - അരിമണി ഭാഗത്ത് ഏകദേശം ഒരു കിലോമീറ്റർ ദൈർഘ്യമുള്ള പ്രദേശത്ത് കൂടി കടന്നുപോകുന്ന പാതക്ക് സ്ഥലം വിട്ടുകൊടുക്കാൻ വനം വകുപ്പ് സാങ്കേതിക തടസ്സം ഉന്നയിച്ചിരുന്നു. റോഡ് കടന്നുപോകുന്ന വഴിയിൽ നിരവധി മരങ്ങൾ ഉണ്ടെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിപത്രം ലഭിക്കണമെന്നായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്.
ഈ പശ്ചാത്തലത്തിൽ മലമ്പുഴ ബ്ലോക്കിലെ കല്ലേക്കുളങ്ങര അഡ്വ. പുലിക്കോട്ടിൽ ഷാജി, പുതുപ്പരിയാരം അരിമണി ഷാജു ജോൺ എന്നിവർ കലക്ടർക്ക് പരാതി സമർപ്പിച്ചിരുന്നു. കലക്ടർ നേരിട്ട് സ്ഥലം സന്ദർശിച്ച് ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്ന ആവശ്യം ഉന്നയിച്ചു. കലക്ടറുടെ നിർദേശപ്രകാരമാണ് സബ് കലക്ടർ റെജിയും സഹഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചത്. സ്ഥലം പരിശോധിച്ചപ്പോൾ റോഡ് നിർമിക്കുന്ന സ്ഥലത്ത് മരങ്ങളില്ലെന്ന് കണ്ടെത്തി.
കൂടാതെ 50 വർഷക്കാലം ഉപയോഗിച്ച് കൊണ്ടിരിക്കുന്ന സ്ഥലത്ത് നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം കുറഞ്ഞ സ്ഥലത്തിന് കേന്ദ്രാനുമതി ആവശ്യമില്ലെന്ന് ബോധ്യപ്പെട്ടു. പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത്, ജലസേചന, റവന്യു, വനം ഉദ്യോഗസ്ഥർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.