കുതിരാനിൽ പൊലീസ് എയ്ഡ് പോസ്​റ്റ്​ വേണം –മനുഷ്യാവകാശ കമീഷൻ

പാലക്കാട്: കുതിരാനിൽ നിർമിച്ചുകൊണ്ടിരിക്കുന്ന ടണൽ ഗതാഗതത്തിന് തുറന്നുകൊടുക്കും വരെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് എയ്ഡ് പോസ്​റ്റ്​ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കുതിരാനിൽ യാത്രാമധ്യേ വാഹനങ്ങൾക്ക് തകരാർ സംഭവിച്ചാൽ ഉടൻ നീക്കം ചെയ്യുന്നതിന് 24 മണിക്കൂറും ക്രെയിൻ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം പരിശോധിച്ച് പരിഹാരം കാണണമെന്നും കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ ആവശ്യപ്പെട്ടു.

തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവിക്കാണ് കമീഷൻ ഉത്തരവ് നൽകിയത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ജോബി വി. ചുങ്കത്ത്, കമീഷൻ പാലക്കാട് ഗവ. ​െഗസ്​റ്റ്​ ഹൗസിൽ നടത്തിയ സിറ്റിങ്ങിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.

തിങ്കളാഴ്ച കുതിരാനിൽ ഒരുലോറി തകരാറിലായി അഞ്ചുമണിക്കൂർ ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിലാണ് പരാതി സമർപ്പിച്ചത്. ആംബുലൻസ് ഉൾപ്പെടെ വഴിയിൽ കിടക്കേണ്ട സാഹചര്യമുണ്ടായി. പൊലീസി‍െൻറ സഹായം ഉണ്ടായിരുന്നെങ്കിൽ ഗതാഗത തടസ്സം ഒഴിവാക്കാമായിരുന്നു. ക്രെയിൻ സർവിസ് ലഭ്യമായിരുന്നെങ്കിൽ വാഹനം നടുറോഡിൽ നിൽക്കുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്നും പരാതിയിൽ പറയുന്നു. സ്വീകരിച്ച നടപടികൾ ജില്ല പൊലീസ് മേധാവി മൂന്നാഴ്ചക്കകം കമീഷനെ അറിയിക്കണം.

കോടതികളുടെ ജപ്തി നടപടി നേരിടുന്ന അപ്പാർട്മെൻറ് 23 ലക്ഷത്തിന് ഹോട്ടലുടമക്ക് ലേലം ചെയ്ത് നൽകിയ സിൻഡിക്കേറ്റ് ബാങ്ക് പരാതിക്ക് അടിയന്തര പരിഹാരം കണ്ടശേഷം 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. പി.എം. ഷിനോജ് റഹ്മാ‍െൻറ പരാതിയിലാണ് നടപടി.

Tags:    
News Summary - Police aid post needed in Kuthiran - Human Rights Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.