മേൽക്കൂര അടർന്നുവീഴുന്ന മേപ്പറമ്പ് സ്കൂൾ കെട്ടിടം
പാലക്കാട്: കാറ്റടിച്ചാൽപോലും സിമന്‍റ് പാളികൾ അടർന്നുവീഴുന്ന ഗവ. യു.പി സ്കൂൾ കെട്ടിടം പൊളിച്ചുനീക്കി പുതിയ കെട്ടിടം നിർമിക്കണമെന്നും വിദ്യാർഥികൾക്ക് പഠന സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ട് മേപ്പറമ്പ് നിവാസികൾ സമരത്തിലേക്ക്. 10 ക്ലാസ് മുറികളടങ്ങുന്ന വിദ്യാലയത്തിലെ പ്രധാന കെട്ടിടം തകർച്ച ഭീഷണിയെത്തുടർന്ന് പൂട്ടിയിട്ട് മാസങ്ങൾ കഴിഞ്ഞു.
ഇരുനില കെട്ടിടത്തിന്‍റെ മുകൾ വശത്തെ ക്ലാസ് മുറികളിലെ മേൽക്കൂരയിൽനിന്നാണ് സിമന്‍റ് പാളികൾ അടർന്നുവീഴുന്നത്. കെട്ടിടത്തിന്‍റെ ബലക്ഷയം സംബന്ധിച്ച് സ്കൂൾ അധികൃതർ ഒട്ടേറെത്തവണ നഗരസഭക്കുൾപ്പെടെ പരാതി നൽകിയിട്ടും നടപടികളില്ലെന്ന് രക്ഷാകർത്താക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
നഗരസഭ ഇടപെട്ട് നടത്തിയ ബല പരിശോധനയിൽ കെട്ടിടം സുരക്ഷിതമല്ലെന്ന് കണ്ടെത്തി. 630 വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിലെ യു.പി വിഭാഗവും ഓഫിസും സ്റ്റാഫ് റൂമും പ്രവർത്തിക്കുന്ന കെട്ടിടമാണ് തകർച്ചഭീഷണിയിലുള്ളത്. പുതിയ കെട്ടിടത്തിനുള്ള പദ്ധതി കിഫ്ബിയിൽ ഉൾപ്പെടുത്തിയെങ്കിലും തകർച്ചഭീഷണി നേരിടുന്ന കെട്ടിടത്തിന്‍റെ കാര്യത്തിൽ തീരുമാനമാകാത്തതിനാൽ ഇത് അനിശ്ചിതത്വത്തിലാണ്. പുതുതായി കെട്ടിടം നിർമിക്കുന്ന കാര്യത്തിൽ 10 സ്കൂളുകൾ എങ്കിലുമുള്ള ക്ലസ്റ്റർ രൂപവത്കരിച്ചാലേ തുടർ നടപടി സ്വീകരിക്കാനാകൂ എന്നാണ് കിഫ്ബി അധികൃതർ പറയുന്നത്.
നിലവിൽ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുന്നതിനൊപ്പം ഇത് വിദ്യാർഥികളെയും രക്ഷാകർത്താക്കളെയും വലക്കുന്നതാണ്. ഒരു നൂറ്റാണ്ട് പാരമ്പര്യമുള്ള സ്കൂളിന്‍റെ ശോച്യാവസ്ഥയിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ആഗസ്റ്റ് ഒന്ന് രാവിലെ 10 മുതൽ സ്കൂളിന് സമീപം രക്ഷാകർത്താക്കളും പൂർവവിദ്യാർഥികളും അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് എസ്.എം.സി ചെയർമാൻ നസിർ തൊട്ടിയാലിൽ പറഞ്ഞു.
പി.ടി.എ പ്രസിഡന്‍റ് എം. മുസ്തഫ, എസ്.എം.സി ചെയർമാൻ നസിർ തൊട്ടിയാലിൽ, എസ്.ഡി.സി വൈസ് ചെയർമാൻമാരായ പിരായിരി ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എച്ച്. ഇക്ബാൽ, പി.കെ. അബ്ദുൽ അഹദ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.