കൊല്ലങ്കോട്: യു.ഡി.എഫും, എൽ.ഡി.എഫും മാറിമാറി ഭരിക്കുന്ന കൊല്ലങ്കോട് ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ രണ്ട് തവണയായി എൽ.ഡി.എഫാണ് ഭരണത്തിൽ. അതിനാൽ അൽപം മുൻതൂക്കം എൽ.ഡി.എഫിനാണെങ്കിലും യു.ഡി.എഫ് മത്സരത്തിൽ ഒപ്പത്തിനൊപ്പമാണ്. സി.പി.ഐ സ്ഥാനാർഥികളെ കണ്ടെത്തി ഗൃഹസന്ദർശനം ആരംഭിച്ചു. ചില വാർഡുക ളിൽ കോൺഗ്രസും സി.പി.എമ്മും പ്രചരണം ആരംഭിച്ചിട്ടുണ്ട്.
ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പേ സ്ഥാനാർഥിനിർണയവും ഗൃഹസന്ദർശനവും നടത്തിവരുകയാണ് മുന്നണികൾ. നിരവധി പട്ടികജാതി ഉന്നതികളുള്ള പഞ്ചായത്തിൽ നാല് തെരഞ്ഞെടുപ്പുകളിലായി വളർന്ന് വരുന്ന പാർട്ടിയാണ് ബി.ജെ.പി. അവർക്ക് നിലവിൽ നാല് അംഗങ്ങളാണ് പഞ്ചായത്തിലുള്ളത്. കോൺഗ്രസ് ഭരിച്ചിരുന്ന പഞ്ചായത്തിൽ യു.ഡി.എഫിന് അഞ്ച് സീറ്റുകൾ മാത്രമാണുള്ളത്. എൽ.ഡി.എഫിന് ഒമ്പത് സീറ്റുകളുണ്ട്. മുസ് ലിം ലീഗ് സ്ഥാനാർഥി കോൺഗ്രസ് ചിഹ്നത്തിലാണ് മത്സരിക്കുന്നത്.
ഇത്തവണ ഒരു വാർഡ് വർധിച്ച് 19 വാർഡുകളായി. കുടിവെള്ളക്ഷാമം പരിഹരിക്കാൻ ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകൾക്കും കുടിവെള്ള കണക്ഷൻ, ലൈഫ്, പി.എം.എ.വൈ ഭവന പദ്ധതികളിലായി 362 കുടുംബങ്ങൾക്ക് പുതിയ വീടുകൾ, 855 കുടുംബങ്ങൾക്ക് വീട് അറ്റകുറ്റപ്പണിക്ക് ധനസഹായം, നെന്മേനി സബ് സെൻറർ മാതൃകകേന്ദ്രമായി ഉയർത്തി, ചിക്കണംപാറ മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സ് ടെൻഡർ പൂർത്തിയാക്കി തുടങ്ങിയ വികസന പ്രവർത്തനങ്ങൾ മുന്നിൽ വെച്ചാണ് എൽ.ഡി.എഫ് നീങ്ങുന്നത്.
വന്യമൃഗശല്യം പരിഹരിക്കാൻ മതിയായ നടപടികളില്ലാത്തത്, കൊല്ലങ്കോട് ബസ് സ്റ്റാൻഡ് ഉപയോഗപ്രദമാക്കാത്തത്, സ്റ്റാൻഡിലേക്ക് ബൈപാസ് റോഡ് സംവിധാനമില്ലാത്തത്, കൊല്ലങ്കോട് ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാത്തത്, നഗരത്തിൽ ഓടകൾ ശുചീകരിച്ച് സ്ലാബുകൾ സ്ഥാപിക്കാത്തത് തുടങ്ങിയ വിഷയങ്ങളാണ് യു.ഡി.എഫ് ഉയർത്തിക്കാണിക്കുന്നത്. വിനോദ സഞ്ചാരികൾക്ക് ശൗചാലയം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കാത്തതും ഇവർ ചൂണ്ടിക്കാണിക്കുന്നു. എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി എന്നിവർക്ക് പുറമേ എസ്.ഡി.പി.ഐ സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്.
അകലൂർ കനാൽ റോഡ് നന്നാക്കിയില്ല; പ്രദേശവാസികൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കും
പഴയ ലക്കിടി: അകലൂർ വില്ലേജ് കനാൽ റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങുന്നു. ലക്കിടി പേരൂർ പഞ്ചായത്ത് ആറാം വാർഡിലെ കനാൽ റോഡിൽ താമസിക്കുന്നവരാണ് കഴിഞ്ഞ ദിവസം യോഗം ചേർന്ന് ബഹിഷ്കരണം പ്രഖ്യാപിച്ചത്. ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
അകലൂർ രണ്ടാം വില്ലേജിലേക്കും അകലൂർ ക്ഷേത്രത്തിലേക്കും പോകുന്ന റോഡാണിത്. നിരവധി കുടുംബങ്ങൾ താമസിക്കുന്ന റോഡ് കുണ്ടും കുഴിയുമായിട്ട് വർഷങ്ങളായെന്നും ഓട്ടോറിക്ഷകൾ പോലും വരുന്നില്ലെന്നും രാഷ്ട്രീയപാർട്ടികളാരും ഇടപെടുന്നില്ലെന്നും നാട്ടുകാർ പറയുന്നു. പഞ്ചായത്തിനും ജില്ല കലക്ടർക്കും നിവേദനം നൽകിയിട്ടും അന്വേഷിക്കാൻ പോലും വന്നില്ലെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.