പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുമായി ബന്ധപ്പെട്ട് ബി.ജെ.പി അംഗം എം.എൽ.എക്കെതിരെ പരാമർശമുന്നയിച്ചതിനെ തുടർന്ന് യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിക്കുന്നു
പാലക്കാട്: കാണാതായ ഫയലുകളിൽ നടപടി ആരാഞ്ഞ് പാലക്കാട് നഗരസഭ കൗൺസിൽ. പി.എം.എ.വൈ പദ്ധതിയടക്കം ചില ഫയലുകൾ മുനിസിപ്പൽ എൻജിനീയറുടെ കാബിനിൽനിന്ന് സെക്രട്ടറിയുടെ പരിഗണനക്കായി പോകുന്നതിനിടെ കാണാതാവുന്നത് പതിവാണെന്ന് കൗൺസിലർമാർ ചൂണ്ടിക്കാട്ടി. വിഷയത്തിൽ നടപടി വേണമെന്ന് പ്രതിപക്ഷ കക്ഷി കൗൺസിലർമാർ ആവശ്യപ്പെട്ടതിന് പിന്നാലെ ഭരണകക്ഷി കൗൺസിലർമാരും ഉദ്യോഗസ്ഥർക്കെതിരെ രംഗത്തെത്തി. വിരമിച്ച ചില ഉദ്യോഗസ്ഥർ ഇപ്പോഴും നഗരസഭ സന്ദർശിക്കുന്നുണ്ടെന്ന് കൗൺസിലർമാർ ആരോപിച്ചു. ഫയലുകൾ കാണാതാവുന്നതുമായി ഇതിന് ബന്ധമുണ്ടോ എന്ന് പരിശോധിക്കണമെന്നും ആവശ്യമുയർന്നു.
ഇതിനിടെ മുനിസിപ്പൽ എൻജിനീയറെ മാത്രം കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ലെന്ന് ഭരണകക്ഷി കൗൺസിലർമാരിൽ ചിലർ ചൂണ്ടിക്കാട്ടി. വിവിധ വകുപ്പുകളിൽ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചകളുണ്ടെന്ന് ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ സ്മിതേഷ് ചൂണ്ടിക്കാട്ടി. എ.ഇമാരുടെ ഭാഗത്തുനിന്നുള്ള അലംഭാവവും കൃത്യവിലോപവും കാരണം നഗരസഭയിലെ കരാറുകാർ വിട്ടുപോവുകയാണെന്നും സ്മിതേഷ് പറഞ്ഞു.
കുഴികളാൽ സമൃദ്ധമായ നഗര റോഡുകളിൽ അപകടമുണ്ടായി ആരെങ്കിലും മരണപ്പെട്ടാൽ മുനിസിപ്പൽ എൻജിനീയർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർക്കെതിരെ കൗൺസിലിൽ രൂക്ഷവിമർശനമുയർന്നു. യാക്കര, മഞ്ഞക്കുളം, വടക്കന്തറ, കല്ലേപ്പുള്ളി എന്നിവിടങ്ങളിലെയെല്ലാം റോഡിലെ കുണ്ടുംകുഴിയും കൗൺസിൽ യോഗത്തിൽ ബഹളത്തിന് കാരണമായി. കൗൺസിലിൽ വിഷയം ഉന്നയിക്കുമ്പോഴെല്ലാം നടപടി ആരംഭിച്ചെന്നാണ് ഉദ്യോഗസ്ഥർ അറിക്കുക. എന്നാൽ, ഒന്നും നടക്കുന്നില്ല. കരാറുകാരൻ ഉഴപ്പുകയാണെങ്കിൽ അയാൾക്കെതിരെ നടപടിയെടുക്കണണമെന്നും ശിവരാജൻ ആവശ്യപ്പെട്ടു.
ഭൂരിഭാഗം നഗര റോഡുകളുടെയും കരാറെടുത്തയാൾ ആരോഗ്യപ്രശ്നത്തിൽ ചികിത്സയിലായതും അസംസ്കൃത വസ്തുക്കളുടെ ക്ഷാമവുമാണ് പദ്ധതികൾ വൈകുന്നതിന് പിന്നിലെന്ന് വൈസ് ചെയർമാൻ ഇ. കൃഷ്ണദാസ് കൗൺസിലിനെ അറിയിച്ചു. നിലച്ച റോഡുകളുടെ പ്രവൃത്തികൾ വരുംദിവസങ്ങളിൽ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചതായും വൈസ് ചെയർമാൻ പറഞ്ഞു.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് കെട്ടിട നമ്പറും അഗ്നിരക്ഷാസേന അനുമതിയുമടക്കം ഇല്ലെന്നും സ്റ്റാൻഡിന് ചുറ്റും കൂണുപോലെ അനധികൃത വ്യാപാര കേന്ദ്രങ്ങൾ മുളച്ചുപൊങ്ങുകയാണെന്നും ബി.ജെ.പി കൗൺസിലർ മിനി കൃഷ്ണകുമാർ പറഞ്ഞു. വിഷയത്തിൽ അന്വേഷണം നടത്തുമെന്ന് കഴിഞ്ഞ കൗൺസിലിൽ അറിയിച്ചിരുന്നെങ്കിലും നടപടി ഒന്നുമുണ്ടായില്ലെന്നും മിനി ചൂണ്ടികാട്ടി. സ്റ്റാൻഡും അനുബന്ധ നിർമാണങ്ങളും അനധികൃത നിർമാണമായി കണക്കാക്കി പിഴ ഈടാക്കണമെന്നും ആവശ്യമുയർന്നു. സ്റ്റാൻഡിലെ ഭക്ഷണം കഴിച്ച് ആർക്കെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ നഗരസഭയുടെ ആരോഗ്യ വിഭാഗത്തിനാണ് ഉത്തരവാദിത്വം.
മൂന്ന് കടകൾ പൂട്ടിയിട്ടും പുതിയ കടകൾ ഉയരുന്നതിൽ സ്റ്റോപ്പ് മെമോ നൽകിയിട്ടില്ല. മതിയായ പരിശോധന നടത്താതെ ഉദ്യോഗസ്ഥാർ വീഴ്ച വരുത്തുകയാണ്. അടിയന്തിര നടപടി വേണമെന്ന് തുടർന്ന് സംസാരിച്ച ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ സ്മിതേഷ് ആവശ്യപ്പെട്ടു. വിഷയത്തിൽ 24 മണിക്കൂറിനകം ഫയൽ ഹാജരാക്കാൻ ചെയർപേഴ്സൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
അംഗീകരിച്ച പദ്ധതികളിൽ ടെൻഡർ നടപടി ആരംഭിക്കാത്തത് വെല്ലുവിളിയാണെന്ന് മുതിർന്ന ബി.ജെ.പി കൗൺസിലർ ശിവരാജൻ പറഞ്ഞു. ഒക്ടോബറിനുള്ളിൽ ടെൻഡർ നൽകേണ്ടതുണ്ട്. ഉദ്യോഗസ്ഥരില്ലെന്ന ഒഴിവുകഴിവ് പറഞ്ഞ് വൈകിച്ചാൽ പല പദ്ധതികളും നഷ്ടമാകുമെന്നും ശിവരാജൻ പറഞ്ഞു. 2022-23ൽ ഓരോ വാർഡിനും അഞ്ചുലക്ഷം ലഭിച്ചിരുന്നപ്പോൾ ഇത്തവണ ഓരോ കൗൺസിലർക്കും 30,000 മാത്രമാണ് ലഭിക്കുകയെന്ന് കോൺഗ്രസ് കൗൺസിലർ മൻസൂർ പറഞ്ഞു. പാലക്കാട് നഗരസഭയിൽ 20 ലക്ഷം നൽകേണ്ട ഇടത്ത് 50,000 മാത്രമാണ് നൽകുന്നത്. അടുത്ത വർഷം 40 ലക്ഷമാണ് വകയിരുത്തേണ്ടത്. ബഹുവർഷ പദ്ധതികളായി കണക്കാക്കി ഈ വർഷത്തെ പദ്ധതികൾക്കായി അടുത്തവർഷവും തുക വകയിരുത്തണം.
പദ്ധതികൾ കരാറെടുത്തവർക്ക് അടുത്ത വർഷം പണം നൽകേണ്ടതുണ്ട്. നഗരസഭക്ക് തനത് ഫണ്ട് ഇല്ലാത്തതിനാൽ ഇത് വെല്ലുവിളിയാണ്. ഉദ്യോഗസ്ഥരുടെ വികലമായ ആസൂത്രണവും അപക്വമായ തീരുമാനങ്ങളും പ്രശ്നമാകുന്നു. എവിടെനിന്ന് ഫണ്ട് കണ്ടെത്തുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. ഏതാനും മാസങ്ങളായി ഒരു വകുപ്പിൽ മാത്രം പ്രത്യേക ഫയലുകൾ മാത്രം കാണാതാകുന്നത് ഗൗരവത്തോടെ പരിശോധിക്കുമെന്ന് ചെയർപേഴ്സൻ പ്രിയ കെ. അജയൻ പറഞ്ഞു. റോഡിലെ ദുരിതയാത്രക്ക് പത്ത് ദിവസത്തിനകം പരിഹാരമുണ്ടാക്കണം. വീഴ്ച വന്നാൽ വകുപ്പ് തലവനെന്ന നിലയിൽ മുനിസിപ്പൽ എൻജിനീയർക്കാണ് ഉത്തരവാദിത്വമുണ്ടാവുകയെന്നും ചെയർപേഴ്സൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.