ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാൻഡിന്റെ പഴയ കെട്ടിടത്തിൽനിന്ന് കോൺക്രീറ്റ് അടർന്നുവീണപ്പോൾ
ഒറ്റപ്പാലം: പൊളിക്കുന്നതിനെതിരെ വ്യാപാരികൾ കോടതിയെ സമീപിച്ച നഗരസഭ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽനിന്ന് വീണ്ടും കോൺക്രീറ്റ് അടർന്നുവീണു. തലനാരിഴക്കാണ് അപകടം വഴിമാറിയത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സ്റ്റാൻഡിൽനിന്ന് ബസുകൾ പുറത്തേക്ക് പോകുന്ന ഭാഗത്തെ സീലിങ്ങിൽനിന്ന് കോൺക്രീറ്റ് അടർന്ന് നിലംപൊത്തിയത്. ബസ് കവാടം വിട്ട ഉടനെയാണ് കോൺക്രീറ്റ് അടർന്നു വീണത്.
അര നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിന് ബലക്ഷയം പ്രകടമാണ്. നിരവധി തവണ കെട്ടിടത്തിൽ നിന്നും കോൺക്രീറ്റ് അടർന്ന് വീഴുകയും ഒന്നുരണ്ട് സന്ദർഭങ്ങളിൽ ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതാണ്. കാലപ്പഴക്കം നേരിട്ട കെട്ടിടം പൊളിച്ച് പുതിയത് നിർമിക്കുന്നതിന്റെ ഭാഗമായി വ്യാപാരികൾക്ക് കഴിഞ്ഞ ദിവസം ഒഴിയാൻ ആവശ്യപ്പെട്ട് നഗരസഭ രണ്ടാം തവണയും നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ വ്യാപാരികൾ ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതേതുടർന്ന് ജനുവരി 10 വരെ പൊളിക്കൽ നടപടികൾ നിർത്തിവെക്കാനാണ് കോടതി ഉത്തരവിട്ടത്.
നഗരസഭ നിയോഗിച്ച അഭിഭാഷകൻ വിശദ രേഖകൾ സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കോടതിയുടെ ഉത്തരവ്. സഹകരണ ബാങ്ക് ഉൾപ്പെടെ 33 വ്യാപാരസ്ഥാപനങ്ങളുള്ളതിൽ 17 കടമുറി ഉടമകളാണ് കെട്ടിടം പൊളിക്കുന്നതിനെതിരെ കോടതിയെ സമീപിച്ചത്. കെട്ടിടം പൊളിക്കരുതെന്ന ആവശ്യവുമായി വ്യാപാരികൾ കോടതിയെ സമീപിച്ച സാഹചര്യത്തിൽ അന്തിമ ഉത്തരവ് ഉണ്ടാകുന്നത് വരെ നടപടികൾ തുടരാനും കഴിയാത്ത അവസ്ഥയാണ്. കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിക്കണമെന്ന ആവശ്യമുയർന്നു തുടങ്ങിയിട്ട് വർഷങ്ങളായി. ഒടുവിൽ നഗരസഭ നിയോഗിച്ച തൃശൂർ എൻജിനീയറിങ് കോളജിലെ വിദഗ്ധ സംഘം നടത്തിയ പരിശോധനയിലും ബലക്ഷയം സ്ഥിരീകരിക്കുന്ന റിപ്പോർട്ടാണ് നൽകിയത്.
ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു കെട്ടിടം പൊളിക്കാനും പുതിയത് നിർമിക്കാനുമുള്ള തീരുമാനം. നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച് സെന്റർ (നാറ്റ് പാക്) സംഘം നേരത്തെ നടത്തിയ പരിശോധനയിൽ കെട്ടിടത്തിന്റെ ഇടുങ്ങിയ കവാടങ്ങൾ മൂലമുള്ള അപകട സാധ്യത ഉൾപ്പടെ എടുത്തുപറഞ്ഞിരുന്നതുമാണ്. പാലക്കാട്-കുളപ്പുള്ളി പാതയിൽ ഒറ്റപ്പാലം നഗരമധ്യത്തിലാണ് നഗരസഭയുടെ പഴയ ബസ് സ്റ്റാൻഡ് കെട്ടിടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.