ഈസ്റ്റ് ഒറ്റപ്പാലം സമാന്തര പാലത്തിന്റെ നിർമാണോദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി
നിർവഹിക്കുന്നു
ഒറ്റപ്പാലം: അഞ്ചുവർഷം കൊണ്ട് നൂറു പാലങ്ങൾ എന്നതാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിട്ടിരുന്നതെന്നും എന്നാൽ, മൂന്നുവർഷം കൊണ്ടുതന്നെ ലക്ഷ്യം പൂർത്തിയാകുന്നതിന്റെ സന്തോഷം പങ്കുവെക്കുകയാണെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഈസ്റ്റ് ഒറ്റപ്പാലം സമാന്തര പാലത്തിന്റെ നിർമാണോദ്ഘാടനം ഒറ്റപ്പാലത്ത് ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.
ഈസ്റ്റ് ഒറ്റപ്പാലം തോട്ടുപാലത്തിന് സമാന്തരമായി നിർമിക്കുന്ന പാലത്തിന് 5.08 കോടി രൂപയാണ് ചെലവുവരുന്നത്. സെൽമെക് എൻജിനീയറിങ് കൺസ്ട്രക്ഷൻ എന്ന സ്ഥാപനത്തിനാണ് കരാർ ചുമതല. 15 മീറ്റർ നീളം വരുന്ന രണ്ട് സ്പാനുകളും 20 മീറ്റർ നീളമുള്ള ഒരു സ്പാനും ഉൾപ്പെടെ 50 മീറ്ററാണ് പാലത്തിന്റെ നീളം. 7.5 മീറ്റർ ക്യാരേജ് വേയും ഒരു വശത്ത് 1.5 മീറ്റർ വീതിയിലുള്ള നടപ്പാതയും പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്.
പാലത്തിനിരുവശവും അപ്രോച്ച് റോഡും അപകടങ്ങൾ ഒഴിവാക്കുന്നതിനായി ക്രാഷ് ബാരിയർ, സുരക്ഷ മുന്നറിയിപ്പ്, ഡി.എൽ.പി ബോർഡുകൾ, റോഡ് മാർക്കിങ്, സ്റ്റഡ് പതിക്കൽ, പെയിന്റിങ് എന്നിവയും നിർമാണത്തിൽ ഉൾപ്പെടും.
പ്രവൃത്തി പൂർത്തിയാക്കാനുള്ള കാലാവധി 18 മാസമാണ്. ഉദ്ഘാടന ചടങ്ങിൽ അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു.
നഗരസഭ അധ്യക്ഷ കെ. ജാനകിദേവി, ഉപാധ്യക്ഷൻ കെ. രാജേഷ്, സ്ഥിരം സമിതി അധ്യക്ഷരായ സുനീറ മുജീബ്, ടി. ലത, കൗൺസിലർ ഫാത്തിമത്ത് സുഹറ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.