ഒറ്റപ്പാലം: മലബാറിൽ കോൺഗ്രസ് പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കാൻ സഹായിച്ചത് നൂറ്റാണ്ട് മുമ്പ് ഒറ്റപ്പാലത്ത് നടന്ന പ്രഥമ കോൺഗ്രസ് സമ്മേളനമായിരുന്നു. എന്നാൽ, ഒറ്റപ്പാലത്തിന് എന്നും ഇഴയടുപ്പം ഇടതിനോടാണെന്നതാണ് വസ്തുത. 1990 ഏപ്രിൽ ഒന്നിന് നഗരസഭയായി ഉയർത്തപ്പെട്ടത് മുതൽ ഭരണസാരഥ്യം ഇടത് പക്ഷത്തിന്റെ കൈകളിലാണ്. 2010ൽ മാത്രമാണ് അവർക്ക് കാലിടറിയത്. 33 വാർഡുകൾ 36 ലേക്ക് ഉയർത്തിയ ശേഷം നടന്ന തെരഞ്ഞെടുപ്പായിരുന്നു അത്. നഗരസഭ ഭരണം കൈയ്യാളാൻ ചുരുങ്ങിയത് 19 സീറ്റുകൾ വേണമെന്നിരിക്കെ ആർക്കും ഭൂരിപക്ഷമില്ലാത്തതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. സി.പി.എമ്മിന് 15, കോൺഗ്രസിന് ഏഴും ലീഗിന് നാലും ഉൾപ്പടെ യു.ഡി.എഫിന് 11, ബി.ജെ.പിക്ക് നാല് , സി.പി.എം വിമതർക്ക് ആറ് എന്നതായിരുന്നു അന്നത്തെ കക്ഷി നില.
സി.പി.എമ്മിന് വിമത ശല്യം രൂക്ഷമായ കാലഘട്ടം കൂടിയായിരുന്നു അത്. വിമതർ പുറത്ത് നിന്ന് പിന്തുണക്കാൻ തയ്യാറായതാണ് യു.ഡി.എഫിന് അധികാരത്തിലെത്താൻ സഹായകയമായത്. യു.ഡി.എഫ് ആദ്യമായി അധികാരത്തിലെത്തിയെങ്കിലും നേരിടേണ്ടി വന്നത് കടുത്ത പരീക്ഷണങ്ങളായിരുന്നു. പാളയത്തിൽ പടയുമായി കോൺഗ്രസിലെ മൂന്ന് കൗൺസിലർമാർ രംഗത്ത് വന്നതാണ് യു.ഡി.എഫ് ഭരണത്തിന് മുഖ്യ തലവേദന സൃഷ്ടിച്ചത്. ഭരണത്തിന്റെ നാൾവഴികളിൽ ഒരിടത്ത് വെച്ച് യു.ഡി.എഫിനെ താഴെയിടുന്നത് വരെ പോര് നീണ്ടു. കോൺഗ്രസ് വിമതരുടെ നേതൃത്വത്തിലായിരുന്നു പിന്നീടുള്ള നഗരസഭ ഭരണം. ഇവർക്ക് പിന്തുണ നൽകിയതാകട്ടെ എൽ.ഡി.എഫ് അംഗങ്ങളും.
ഇതുമായി ബന്ധപ്പെട്ട കൂറുമാറ്റ കേസിൽ തെരഞ്ഞെടുപ്പ് കമീഷൻ കോൺഗ്രസ് വിമതരെ അയോഗ്യരാക്കി വിധിക്കുകയും ഇവർക്ക് സ്ഥാനം നഷ്ടമാവുകയും ചെയ്തു. ഹ്രസ്വകാലത്തിന് ശേഷം ഭരണം വീണ്ടും ഇടതിന്റെ കൈകളിലായി. പിന്നീട് 2015ൽ നടന്ന തെരഞ്ഞെടുപ്പിലെ ഫല പ്രഖ്യാപനം പുറത്ത് വന്നപ്പോഴും കേവല ഭൂരിപക്ഷം ആർക്കുമില്ലെന്നത് ആവർത്തിച്ചു. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ പരിഗണയിലാണ് എൽ.ഡി.എഫ് ഭരണത്തിലെത്തിയത്.
എൽ.ഡി.എഫിന് 15 ഉം മൂന്ന് ലീഗ്, അഞ്ച് കോൺഗ്രസ് ഉൾപ്പടെ യു.ഡി.എഫിന് എട്ടും ബി.ജെ.പിക്ക് ഏഴും സി.പി.എം വിമതർക്ക് അഞ്ചും ഒരു പൊതുസ്വതന്ത്രനും എന്നതായിരുന്നു തുടർന്നുള്ള കക്ഷി നില. കാര്യമായ വിഭാഗീയതയില്ലാതെ 2020 ൽ നടന്ന തെരഞ്ഞെടുപ്പിലും കേവല ഭൂരിപക്ഷമില്ലാതെയാണ് എൽ.ഡി.എഫ് ഭരണത്തിലേറിയത്. സി.പി.എം 16 ഉം യു.ഡി.എഫ് 9 ഉം ബി.ജെ.പി 9 ഉം സ്വതന്ത്ര മുന്നണി രണ്ടും എന്നതായിരുന്നു കക്ഷിനില. അജണ്ടകൾ അംഗീകരിക്കുന്നതിന് പലപ്പോഴും ഭരണ പക്ഷത്തെ കുറഞ്ഞ അംഗസംഖ്യ വെല്ലുവിളിയായി.
ഒരു പതിറ്റാണ്ട് മുമ്പ് മികച്ച നഗരസഭക്കുള്ള സംസ്ഥാന അവാർഡും ഗ്രീൻ കേരള എക്സ്പ്രസ്സ് റിയാലിറ്റി ഷോയിൽ ഒന്നാം സ്ഥാനവും ഉൾപ്പടെയുള്ള നേട്ടങ്ങൾ എത്തിപിടിച്ച നഗരസഭക്ക് പഴയ പ്രതാപം വീണ്ടെടുക്കാൻ പിന്നീട് കഴിഞ്ഞിട്ടില്ല. വികസന മുരടിപ്പും വാക്ക് തർക്കങ്ങളും നഗരസഭയുടെ മുഖമുദ്രയായി. ഇതിനിടയിലാണ് വികസന പദ്ധതികളിൽ പലതും നേടിയെടുക്കാൻ ഭരണസമിതിക്ക് കഴിഞ്ഞത്. നഗരസഭയിൽ അത്യന്താപേക്ഷിതമായ ആധുനിക അറവ് ശാല, ആധുനിക ശ്മശാനം , എ,ബി,സി പദ്ധതിയുടെ ഭാഗമായ ഷെൽട്ടർ ഹോം തുടങ്ങിയ പദ്ധതികൾ സഫലമാക്കാൻ ഈ ഭരണ സമിതിക്കും കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.