രണ്ട് പതിറ്റാണ്ടോടടുക്കുമ്പോഴും തകരാത്ത പാലക്കാട്-കുളപ്പുള്ളി പാത
ഒറ്റപ്പാലം: പുതുമ മായും മുമ്പേ റോഡുകൾ തകരുന്ന വാർത്തകൾക്ക് പഞ്ഞമില്ലാത്ത നാട്ടിൽ മഹാപ്രളയങ്ങൾക്കും പോറലേൽപ്പിക്കാൻ കഴിയാത്ത കരുത്തിന്റെ നേർക്കാഴ്ചയായി മാറി പാലക്കാട്-കുളപ്പുള്ളി പാത. ഓരോ മഴക്കാലത്തും റോഡുകൾ തകരുകയും തുടർന്ന് അറ്റകുറ്റപ്പണിക്കായി കോടികൾ ചെലവിടുകയും ചെയ്യുന്നിടത്താണ് രണ്ട് പതിറ്റാണ്ടോടടുക്കുന്ന ഈ പാത നിർമാണ വൈദഗ്ധ്യത്തിന്റെ മകുകൂടോദാഹരണമാകുന്നത്.
ആഗോള നിലവാരമുള്ള റോഡ് ബിൽഡേഴ്സ് (ആർ.ബി.എം) എന്ന മലേഷ്യൻ കമ്പനിയുടെ വൈദഗ്ധ്യമാണ് പാതക്ക് കരുത്തായത്. ആർ.ബി.എമ്മിനായിരുന്നു നിർമാണ ചുമതല. ഒരിക്കൽ കേരള ഹൈകോടതി തന്നെ പാലക്കാട് - കുളപ്പുള്ളി പാതയെ പേരെടുത്ത് വിശേഷിപ്പിച്ചത് ചരിത്രമാണ്. അഴിമതി തീണ്ടാത്ത നിർമാണ പ്രവൃത്തിക്ക് ലഭിച്ച അംഗീകാരമായിരുന്നു നീതിപീഠത്തിന്റെ ആ പരാമർശം.
2004ൽ നിർമാണം പൂത്തിയാക്കുമെന്ന പ്രഖ്യാപനത്തോടെ 2002ലാണ് കമ്പനി കരാർ ഏറ്റെടുത്തത്. വൈദ്യുതി കാലുകളും ജല അതോറിറ്റിയുടെ ഭൂഗർഭ പൈപ്പുകളും മാറ്റിസ്ഥാപിക്കുന്നതിനെടുത്ത കാലതാമസം നിർമാണത്തിന് തടസ്സം സൃഷ്ടിച്ചു. ഇതുകൊണ്ടുതന്നെ പ്രഖ്യാപനമനുസരിച്ചുള്ള കാലയളവിൽ നിർമാണം പൂർത്തിയാക്കാനായില്ല. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആദ്യം 2005 ഡിസംബർ വരെയും പിന്നീട് 2006 മേയ് വരെയും സർക്കാർ സമയം നീട്ടിനൽകി.
തുടർന്ന് ബില്ലുകൾ മാറിനൽകാത്തതിലും ആർ.ബി.എം ആവശ്യപ്പെട്ട നിരക്ക് വർധന സംബന്ധിച്ചും സർക്കാറുമായി തർക്കം ഉടലെടുത്തു. തർക്കം നിലനിൽക്കെ തന്നെ ആർ.ബി.എം നിർമാണം തുടർന്നു. യാതൊരു പരിഹാരവും ഇല്ലാതെ തർക്ക വിഷയം തർക്കമായി തന്നെ തുടർന്നതോടെ 2006 ഡിസംബർ ആറിന് പ്രവൃത്തി നിർത്തി ആർ.ബി.എം നിർമാണ സാമഗ്രികളുമായി സ്ഥലം വിട്ടു.
ഇതിനകം പാതയുടെ 80 ശതമാനം പൂർത്തിയായിരുന്നു. ആർ.ബി.എം പിൻവാങ്ങിയതോടെ പണി പൂർത്തിയാക്കാൻ ബദൽ കമ്പനികളെ കണ്ടെത്താനായി ശ്രമം. ആർ.ബി.എം ആവശ്യപ്പെട്ട നിരക്ക് വർധനയിലും കൂടിയ തുക നൽകിയാണ് പിന്നീട് നിർമാണം പൂർത്തിയാക്കിയത്. മുംബൈ ആസ്ഥാനമായ കമ്പനിയും പാതിവഴിയിൽ ഉപേക്ഷിച്ചതോടെ കൊച്ചി ആസ്ഥാനമായ കമ്പനിക്ക് കരാർ കൈമാറി.
45 കിലോമീറ്റർ പാതയിൽ സുഗമമായ യാത്ര താളം തെറ്റുന്ന ഭാഗങ്ങൾ ഒഴിച്ചുള്ളതെല്ലാം ആർ.ബി.എമ്മിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയതാണ്. ഒറ്റപ്പാലം നഗരപാതയുൾപ്പടെ ഏതാനും പ്രദേശങ്ങൾ ആർ.ബി.എം കൈയൊഴിഞ്ഞതാണ്. അടച്ചാലും അടയാത്ത പെരുംകുഴികളും തകർച്ചയുമാണ് മറ്റു കമ്പനികളുടെ നിർമാണപ്രവൃത്തികളുടെ ബാക്കിപത്രം. രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കാനിരുന്ന പാതയുടെ പണി കഴിഞ്ഞത് ഒരു ദശകത്തോളമെടുത്താണ്.
നിർമാണത്തിന് മേൽനോട്ടം വഹിച്ച കെ.എസ്.ടി.പി 2013 ലാണ് പാത ഔപചാരികമായി പി.ഡബ്ല്യൂ.ഡിക്ക് കൈമാറിയത്. പദ്ധതിയിൽ ഉൾപ്പെട്ട റോഡിന്റെ വശങ്ങളിലെ ഓടകളുടെ പൂർത്തീകരണം കമ്പനികൾ മാറിമാറി വന്നിട്ടും എങ്ങുമെത്താതെ തന്നെയാണ് ഇന്നുമുള്ളത്. ബോർഡർ വരകളും സീബ്രാ ലൈനുകളും പലകുറി മാഞ്ഞിട്ടും കാലത്തിന് പോറലേൽപ്പിക്കാൻ കഴിയാത്ത പാത മലേഷ്യൻ കമ്പനിയുടെ മഹത്വം വിളിച്ചോതുകയാണ് ഇന്നും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.