കല്ലടിക്കോട്: തുപ്പനാട് പുഴക്ക് കുറുകെ ഒലിപ്പാറ പാലം നിർമിക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കുന്നതിന് മുന്നോടിയായി ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. പാലം നിർമിക്കുന്നതിനുള്ള വിശദ രൂപരേഖ ഒരുക്കാനാണ് പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ, ഓവർസിയർ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചത്.
അഞ്ച് ഘട്ടങ്ങളിൽ ബജറ്റ് വാഗ്ദാനം നടപ്പിലാവാതെ പോയ പദ്ധതികളിലൊന്നാണിത്. രണ്ട് വർഷം മുമ്പാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. 20 ശതമാനം തുക നീക്കിവെച്ച് പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. കാഞ്ഞിരാനി, വാലിക്കോട്, വല്യുള്ളി എന്നീ പ്രദേശവാസികൾക്ക് ആറ് മുതൽ എട്ട് കിലോമീറ്റർ ദൂരം താണ്ടി കല്ലടിക്കോട്ടോ പുലാപ്പറ്റയോ വഴി വേണം വിദൂരസ്ഥലങ്ങളിലേക്കെത്താൻ.
തുപ്പനാട് പുഴക്ക് കുറുകെ ഒലിപ്പാറ കടവിൽ ഗതാഗത സൗകര്യമുള്ള പാലം വന്നാൽ കരിമ്പ പഞ്ചായത്ത് ആസ്ഥാനത്തും പനയമ്പാടത്തും എത്താൻ രണ്ട് കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ മതിയെന്ന പ്രത്യേകതയുണ്ട്. 15 വർഷക്കാലയളവിൽ 30ൽപരം നിവേദനങ്ങൾ ജനകീയ സമിതി ഇതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾക്ക് സമർപ്പിച്ചിരുന്നു. നിലവിൽ ഈ ഭാഗത്ത് തടയണയും നടപ്പാലവുമുണ്ടെങ്കിലും കാലപ്പഴക്കം കാരണം ദുർബലമാണ്.
തൊട്ടടുത്ത് 15 വർഷക്കാലം പഴക്കമുള്ള തടയണ രണ്ടര വർഷം മുമ്പാണ് പൊളിച്ചത്. പൊതുമരാമത്ത് ഉദ്യോഗസ്ഥരെ കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് കെ. കോമളകുമാരി, എൻ.കെ. നാരായണൻകുട്ടി, റെജി, എം. ചന്ദ്രൻ എന്നിവർ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.