നെന്മാറ: നെന്മാറ-നെല്ലിയാമ്പതി ചുരം റോഡിൽ മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. വെള്ളിയാഴ്ച അർധരാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് മരങ്ങൾ റോഡിലേക്ക് വീണത്. നെല്ലിയാമ്പതി ചെറുനെല്ലി എസ്റ്റേറ്റിന് മുകളിലായാണ് റോഡിലേക്ക് ആറു മരങ്ങൾ അടുത്തടുത്തായി വീണത്. കൊല്ലങ്കോട്ടുനിന്ന് അഗ്നിരക്ഷാസേനയും പോത്തുണ്ടി വനം ജീവനക്കാരും തൊഴിലാളികളും ചേർന്ന് ശനിയാഴ്ച പകൽ പതിനൊന്നരയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. രാവിലെ നെല്ലിയാമ്പതിയിൽനിന്ന് നെന്മാറയിലേക്ക് വന്ന ബസ്സും നെന്മാറയിൽനിന്ന് നെല്ലിയാമ്പതിയിലേക്ക് പോയ ബസ്സും വഴിയിൽ കുടുങ്ങി. കെ.എസ്.ആർ.ടി.സിയുടെ മറ്റു ബസുകൾ നെന്മാറയിൽ സർവിസ് അവസാനിപ്പിച്ചു.
ഗതാഗതക്കുരുക്കുണ്ടായ സ്ഥലം വരെ നെല്ലിയാമ്പതിയിൽനിന്നും നെന്മാറയിൽനിന്നും രാവിലെ താൽക്കാലിക ജീപ്പ് സർവിസ് നടത്തി ഗതാഗത പ്രശ്നം പരിഹരിച്ചു.
നെല്ലിയാമ്പതിയിലേക്ക് ഉച്ചക്ക് രണ്ടോടെ കെ.എസ്.ആർ.ടി.സി ബസിന്റെ ഒരു ട്രിപ്പ് മാത്രമാണ് ശനിയാഴ്ച ഉണ്ടായിരുന്നത്. വൈകിട്ട് മൂന്നോടെ നെല്ലിയാമ്പതി ഉൾപ്പെടെ മേഖലയിൽ വീണ്ടും ശക്തമായ മഴ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.