എം.എൻ. നാഫിയ
പാലക്കാട്: പൂർണ വളർച്ചയെത്താതെ പിറന്ന, നടക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ പെൺകുട്ടി. വർഷങ്ങൾക്കിപ്പുറം ജീവിതത്തിന് മറുപടി നൽകിയത് ദേശീയ പാരാ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടി കേരളത്തിന് അഭിമാനമായാണ്. ഇടുപ്പെല്ലിന് വളർച്ചയില്ലാതെ എട്ടാം മാസത്തിലായിരുന്നു എം.എൻ. നാഫിയ(17)യുടെ ജനനം. കോയമ്പത്തൂർ കുനിയംമുത്തൂർ സ്വദേശിനിയായ മാതാവ് ഫാത്തിമ ബീവി(45) മകളെ വിധിക്ക് വിട്ടുകൊടുക്കാൻ തയാറല്ലായിരുന്നു. പറക്കമുറ്റാത്ത തന്റെ രണ്ട് പെൺമക്കൾക്കൊപ്പം നാഫിയയെ ചികിത്സിക്കാൻ അവർ ആശുപത്രികൾ കയറിയിറങ്ങി. ഭർത്താവ് ഉപേക്ഷിച്ചുപോയ ഫാത്തിമ ജീവിക്കാനുള്ള തത്രപ്പാടുകൾക്കിടയിൽ ഏറെ കഷ്ടപ്പെട്ടാണ് മക്കളുടെ വിദ്യാഭ്യാസവും നാഫിയയുടെ ചികിത്സയും മുന്നോട്ടുകൊണ്ടുപോയത്.
ഓന്നേമുക്കാൽ വയസിലാണ് നാഫിയ ആദ്യമായി നിന്നത്. പിന്നീട് പതുക്കെ നടക്കാൻ തുടങ്ങി. വാളയാർ ചന്ദ്രാപുരത്ത് പാമ്പുപാറയിൽ വാടകവീട്ടിലാണ് താമസം. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കായിക അധ്യാപികയായ ലളിത ടീച്ചറാണ് നാഫിയയുടെ കഴിവ് തിരിച്ചറിഞ്ഞ് പവർ ലിഫ്റ്റിങ്ങിലേക്ക് വഴികാട്ടിയായത്. തുടർന്ന് ജില്ലതല മത്സരങ്ങളിൽ പങ്കെടുത്തു.
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന പാരാ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ ലഭിച്ചതോടെയാണ് ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. ജനുവരി 17ന് ഉത്തരാഖണ്ഡിൽ നടന്ന നടന്ന മത്സരത്തിൽ ജൂനിയർ കാറ്റഗറിയിൽ 40 കിലോ ഗ്രാം വിഭാഗത്തിലാണ് സ്വർണം നേടിയത്. നിലവിൽ കഞ്ചിക്കോട് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ കമ്പ്യൂട്ടർ വിത്ത് ഇലക്ട്രോണിക് വിഭാഗം വിദ്യാർഥിനിയാണ്. ചന്ദ്രാപുരത്തുള്ള ജിംനേഷ്യത്തിൽ പരിശീലകൻ ടി. നെൽസണിന്റെ കീഴിലാണ് പരിശീലനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.