പാലക്കാട്: ജില്ലയിലെ 3500ഓളം വരുന്ന മിനി മില്ലുകൾ പ്രതിസന്ധിയിൽ. റൈസ്, ഫ്ലോർ, ഓയിൽ മിനി മില്ലുകളാണ് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്. മുളക്, മല്ലി എന്നിവയുടെ വില വർധനമൂലം ജനങ്ങൾ മാർക്കറ്റുകളിൽനിന്നും പാക്കറ്റ് പൊടികൾ വാങ്ങാൻ തുടങ്ങിയതോടെ മില്ലുകളിൽ കൊണ്ടുപോയി പൊടിക്കുന്നത് നിലച്ചു. മുളകിന് കിലോക്ക് 160 മുതൽ 180 രൂപ വരെയും മല്ലിക്ക് 150 മുതൽ 160 രൂപ വരെയുമാണ് വില. ഇവ രണ്ടും ഒരു കിലോ പൊടിക്കാൻ 35 രൂപയാണ് ഈടാക്കുന്നത്. കൂടിയ നിരക്കിൽ ധാന്യങ്ങൾ വാങ്ങിപൊടിപ്പിക്കുന്നത് ജനങ്ങൾക്ക് നഷ്ടമാണ്. റേഷൻ കടകളിലൂടെയുള്ള ഗോതമ്പ്, പച്ചരി എന്നിവയുടെ വിതരണം കുറഞ്ഞതും ഫ്ലോർ മില്ലുകളെ പ്രതികൂലമായി ബാധിച്ചു.
പണ്ട് അരിയും ഗോതമ്പും പൊടിക്കാൻ മില്ലുകളിലുണ്ടായിരുന്ന തിരക്ക് ഇപ്പോൾ ഇല്ല. അരിപ്പൊടിയും ഗോതമ്പുപൊടിയും വിവിധതരം പുട്ടുപൊടികളുമെല്ലാം ഇന്ന് മാർക്കറ്റുകളിൽ സുലഭമാണ്.
പച്ചരി നനച്ച് വെയിലത്ത് ഉണക്കി പൊടിക്കുന്ന നേരത്തിൽ കടകളിൽനിന്നും പാക്കറ്റ് പൊടികൾ കിട്ടുമെന്നതും ജനങ്ങളെ മാർക്കറ്റുകളിലേക്ക് ആകർഷിക്കുന്നു. നാളികേര ലഭ്യത കുറഞ്ഞതോടെ കൊപ്ര ആട്ടുന്ന പണിയും പൂർണമായും നിലച്ചതായി മില്ലുടമകൾ പറയുന്നു.
കർഷകത്തൊഴിലാളികൾ നെല്ല് പുഴുങ്ങി അരിയാക്കാൻ മില്ലുകളിൽ എത്തിച്ചിരുന്നതും ഇപ്പോൾ നിലച്ചു. കൃഷിക്കാർ മൊത്തത്തിൽ സപ്ലൈകോ ഉൾപ്പെടെയുള്ളവർക്ക് നെല്ല് വിൽക്കുകയാണ്. ഈ പ്രതിസന്ധികൾക്ക് പുറമേ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വർധിപ്പിച്ച ലൈസൻസ് ഫീസും തൊഴിൽ നികുതിയും വർഷാവർഷം സാനിറ്ററി ലൈസൻസ് വേണമെന്ന ആരോഗ്യവകുപ്പിന്റെ നിബന്ധനയും മില്ലുകൾ നടത്തിക്കൊണ്ടുപോകാൻ പ്രയാസം സൃഷ്ടിക്കുന്നതായി ജില്ല റൈസ്, ഫ്ലോർ ആൻഡ് ഓയിൽ മിനി മില്ലേഴ്സ് അസോസിയേഷൻ സെക്രട്ടറി കെ. നരേന്ദ്രൻ പറയുന്നു.
യന്ത്രങ്ങൾ വാങ്ങാൻ കേന്ദ്ര സർക്കാർ 40 ശതമാനം വരെ സബ്സിഡി നൽകുന്നുണ്ട്. എന്നാൽ മേഖലയിലെ പ്രതിസന്ധിമൂലം ഉടമകൾ പുതിയ യന്ത്രങ്ങൾ വാങ്ങാനോ പഴയത് മാറ്റാനോ തയാറല്ലെന്ന് നരേന്ദ്രൻ പറഞ്ഞു.
കോവിഡിന് ശേഷമാണ് മേഖലയിൽ സ്തംഭനാവസ്ഥ ആരംഭിച്ചത്. സംസ്ഥാനത്താകെ 16,000ഓളം മിനി മില്ലുകളാണുള്ളത്. നിലവിൽ ജില്ലയിലുൾപ്പെടെ കുറേ മില്ലുകൾ അടച്ചുപൂട്ടി. മില്ലുകൾ അടച്ചുപൂട്ടുന്നത് ഇതിനെ ആശ്രയിച്ച് ജീവിക്കുന്ന ഉടമകൾക്ക് തിരിച്ചടിയാണ്.
മിനി മില്ലുകളുടെ ലൈസൻസ് ഫീസിൽ ഇളവ് നൽകണമെന്നും അർധ വാർഷിക വരുമാനം 12,000 രൂപയിൽ താഴെയുള്ള സ്ഥാപനങ്ങളെ തൊഴിൽ നികുതിയിൽനിന്നും ഒഴിവാക്കണമെന്നും പഞ്ചായത്ത് രാജ് ബില്ലിൽ വ്യവസ്ഥ ഉണ്ടെങ്കിലും ഗ്രാമ പഞ്ചായത്തുകൾ നടപടിക്രമങ്ങൾ പാലിക്കാതെ 240 രൂപ ഈടാക്കുന്നതായി നരേന്ദ്രൻ പറയുന്നു.
പല പഞ്ചായത്തുകളും പലതരത്തിലാണ് നികുതി ഈടാക്കുന്നത്. ഇത് പ്രതിഷേധാർഹമാണ്. മിനി മില്ലുകളുടെ നിലനിൽപ്പിന് വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും മില്ലുടമകൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.