ചെമ്മണാമ്പതിയിൽ പൂത്ത മാവുകൾക്ക് കീടനാശിനി തളിക്കുന്നു
മുതലമട: മുതലമടയിൽ മാവുകൾ പൂത്തു തുടങ്ങി. നവംബർ ആദ്യവാരത്തോടെ 40 ശതമാനത്തിലധികം മാവുകളും പൂത്തുതുടങ്ങിയത് കർഷകർക്ക് ആശ്വാസമാണ്. അതേസമയം, സർക്കാർ നിരോധിച്ചതുൾപ്പെടെ കീടനാശിനികൾ മാവിൻ തോട്ടങ്ങളിൽ ഉപയോഗിക്കുന്നത് തടയാൻ സംവിധാനങ്ങളില്ല. ഏഴായിരത്തിലധികം ഹെക്ടർ മാവിൻ തോട്ടങ്ങൾ മുതലമട, കൊല്ലങ്കോട്, പട്ടഞ്ചേരി, എലവഞ്ചേരി എന്നീ പഞ്ചായത്തുകളിലായുണ്ട്. വർഷത്തിൽ 800 കോടിയിലധികം രൂപയുടെ വിറ്റുവരവാണ് നല്ല വിളവെടുപ്പുള്ള സമയങ്ങളിൽ നടക്കുന്നത്. അന്താരാഷ്ട്ര തലങ്ങളിൽ വരെ പ്രശസ്തിയാർജിച്ച മുതലമട മാങ്ങ അമിത കീടനാശിനികൾ പ്രയോഗിക്കാതെ സംരക്ഷിക്കുന്നതിൽ സർക്കാറും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
കീടനാശിനി പ്രയോഗം മണ്ണിലും ജലത്തിലും അന്തരീക്ഷത്തിലും ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നതിനാൽ കർശന പരിശോധനകളും ബോധവത്കരണങ്ങളും വാർഡുകൾ അടിസ്ഥാനത്തിൽ സ്വീകരിക്കണമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യം. മാവുകൾ വളരുന്ന സമയങ്ങളിൽ മാത്രമാണ് കൃഷി വകുപ്പ് ബോധവത്കരണവുമായി രംഗത്ത് വരാറ്. കൃഷിഭവനുകളിൽ നടക്കുന്ന ബോധവത്കരണ പരിപാടികളിൽ പരമാവധി 220 കർഷകരാണ് പങ്കെടുക്കുന്നത്.
മുതലമടയിൽ മാത്രം 1200ൽ അധികം മാവ് കർഷകരുണ്ടെങ്കിലും അവരിലൊന്നും ബോധവത്കരണ പ്രവർത്തനങ്ങൾ എത്താറില്ല. കൊല്ലങ്കോട്, പട്ടഞ്ചേരി, എലവഞ്ചേരി പഞ്ചായത്തുകളിലും ബോധവത്കരണം കടലാസിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.