ലോട്ടറി ബാഗ് മോഷ്ടിച്ചയാൾ സമ്മാനത്തുക വാങ്ങാനെത്തിയപ്പോൾ പിടിയിൽ
കൊല്ലങ്കോട്: ലോട്ടറി ബാഗ് മോഷ്ടിച്ചു കടന്നയാൾ ലോട്ടറിയിലെ സമ്മാനത്തുക വാങ്ങാനെത്തിയപ്പോൾ പിടിയിൽ. മീങ്കര അബ്ദുൽ ഖാദറിനെയാണ് (51) പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച വൈകുന്നേരം ചുള്ളിയാർ ഡാം സ്വദേശി ലോട്ടറി വിൽപനക്കാരൻ കാജാമുഹമ്മദ് സ്കൂട്ടറിൽ കാമ്പ്രത്ത് ചള്ളയിലെ ലോട്ടറി വിൽപനകേന്ദ്രത്തിൽ എത്തിയപ്പോൾ സ്കൂട്ടറിലുണ്ടായിരുന്ന ലോട്ടറി ബാഗ് അബ്ദുൽ ഖാദർ മോഷ്ടിക്കുകയായിരുന്നു. 7900 രൂപയുടെ ലോട്ടറി, 5000 രൂപ, ഹൃദ്രോഗത്തിന് കഴിക്കുന്ന മരുന്ന് എന്നിവയടങ്ങിയ ബാഗാണ് നഷ്ടമായത്.
പരിസരങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മോഷ്ടാവിനെ തിരിച്ചറിഞ്ഞു. തുടർന്ന് കൊല്ലങ്കോട് പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മോഷ്ടിച്ച ബാഗിലെ ലോട്ടറിക്ക് അടിച്ച 6500 രൂപ സമ്മാനത്തുക വാങ്ങാൻ കൊല്ലങ്കോട്ടെ ലോട്ടറി ഏജന്റിന്റെ ഷോപ്പിൽ അബ്ദുൽ ഖാദർ എത്തിയത്. ഷോപ്പ് ഉടമ കാജാമുഹമ്മദിനെ വിവരമറിയിക്കുകയും നാട്ടുകാരും പൊലീസും എത്തി പിടികൂടുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.