പാലക്കാട് ഗവ. മെഡിക്കൽ കോളജിലെ ഹൗസ് സർജന്മാർ അനിശ്ചിതകാല സമരത്തിന്റെ മൂന്നാം ദിവസം അത്യാഹിത വിഭാഗത്തിന് മുന്നിൽ പ്രതിഷേധിക്കുന്നു
ചർച്ച വീണ്ടും പരാജയം: മെഡിക്കൽ കോളജിൽ ഹൗസ് സർജന്മാരുടെ സമരം നാലാം ദിവസത്തിലേക്ക്
പാലക്കാട്: അത്യാഹിത വിഭാഗത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ ഹൗസ് സർജന്മാരുടെ നേതൃത്വത്തിൽ നടത്തുന്ന അനിശ്ചിതകാല സമരം വെള്ളിയാഴ്ച നാലാം ദിവസത്തിലേക്ക്. കോളജ് ഡയറക്ടറുമായി സമരക്കാർ വ്യാഴാഴ്ച നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സമരം തുടരുന്നത്.
സമരക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്നും ഫാർമസിയിൽ വ്യാഴാഴ്ച വൈകുന്നേരത്തിനകം മരുന്നുകളെത്തിക്കാമെന്നും ചർച്ചയിൽ ഡയറക്ടർ ഒ.കെ. മണി വാക്കാൽ പറഞ്ഞു. അത്യാഹിത വിഭാഗത്തിലെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ഹൗസ് സർജന്മാരുടെയും വിദ്യാർഥികളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി മോണിറ്ററിങ് കമ്മിറ്റി രൂപവത്കരികരിക്കാമെന്നും ഡയറക്ടർ ഉറപ്പുനൽകി.
ഇതേതുടർന്ന് സമരം പിൻവലിച്ചതായി ഹൗസ് സർജൻസ് അസോസിയേഷൻ അറിയിച്ചെങ്കിലും ചർച്ചയുടെ മിനുറ്റ്സ് നൽകാതിരുന്നതും മരുന്നുകൾ എത്താതായതും കാരണം വീണ്ടും സമരം തുടരുകയായിരുന്നു. ചർച്ചയിലെ തീരുമാനങ്ങൾ രേഖാമൂലം നൽകാനും ഡയറക്ടർ തയാറായില്ലെന്നും ക്ലർക്കില്ലെന്ന് പറഞ്ഞ് ഒരു വെള്ളക്കടലാസിലാണ് തീരുമാനങ്ങൾ എഴുതി ഒപ്പിട്ട് നൽകിയതെന്നും സമരക്കാർ പറഞ്ഞു. വകുപ്പ് മന്ത്രി, എം.എൽ.എ, ജില്ല കലക്ടർ എന്നിവരുമായി ചർച്ച നടത്തണമെന്നും മന്ത്രി നേരിട്ട് വന്ന് ഉറപ്പുനൽകാതെ സമരത്തിൽനിന്നും പിന്മാറില്ലെന്നും ഹൗസ് സർജന്മാർ വ്യക്തമാക്കി.
അതേസമയം അനുനയ ചർച്ചക്ക് എത്തിയ വി.കെ. ശ്രീകണ്ഠൻ എം.പി മോശമായി സംസാരിച്ചെന്ന് ഹൗസ് സർജന്മാർ പരാതിപ്പെട്ടു. മെഡിക്കൽ കോളജ് മോണിറ്ററിങ് കമ്മിറ്റി ചെയർമാനായിട്ടും എക്സ്റേ മെഷീൻ ഇല്ലെന്ന വിവരം അറിയില്ലായിരുന്നുവെന്ന എം.പിയുടെ പരാമർശം സമരക്കാർ ചോദ്യം ചെയ്തതോടെ അദ്ദേഹം ക്ഷുഭിതനാവുകയായിരുന്നു. സമരം രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച് എം.പി ഫേസ്ബുക്കിൽ കുറിപ്പുമിട്ടു. എന്നാൽ, തങ്ങൾക്ക് രാഷ്ട്രീയമില്ലെന്നും എം.പി മാപ്പ് പറയണമെന്നും ഹൗസ് സർജൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു. ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കുന്നതുവരെ സമരം ശക്തമായി തുടരാനാണ് ഹൗസ് സർജന്മാരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.