സേവന സപര്യയിൽ രണ്ട് പതിറ്റാണ്ട്; പി. ഭാസ്കരൻ പുരസ്കാര പ്രഭയിൽ
കല്ലടിക്കോട്: പഠിച്ച വിദ്യാലയത്തിൽ തന്നെ അധ്യാപകനായി 20 വർഷം സേവനമനുഷ്ടിച്ച കരിമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മലയാളം അധ്യാപകൻ പി. ഭാസ്കരന് അംഗീകാരം.
2025-2026 വർഷത്തെ സംസ്ഥാനത്തെ മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള അവാർഡിനാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. നാടിനൊപ്പം ചേർന്ന് അധ്യാപനവൃത്തിയും സാമുഹിക സേവനവും ജീവിത സപര്യയാക്കിയ അദ്ദേഹം വിദ്യാർഥികൾക്കും നാടിനും ഏറെ ഇഷ്ടപ്പെട്ട ഗുരുനാഥനാണ്.
ജനകീയ പങ്കാളിത്തത്തോടെ സ്ക്കൂളിൽ ആരംഭിച്ച വിദ്യാർഥികൾക്കും നാട്ടുകാർക്കുള്ള ലൈബ്രറി ‘ബുക്ക്സ്റ്റാൾജിയ’, രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണം നൽകുന്ന പാഥേയം പദ്ധതി, ലഹരിവിരുദ്ധ പ്രവർത്തനം, കോവിഡ് കാല സ്മാർട്ട് ഫോൺ ലൈബ്രറി, നിർധന വിദ്യാർഥികൾക്കുള്ള സ്നേഹഭവനം, മീഡിയ ക്ലബും സ്കൂൾ പത്രവും, എൻ.എസ്.എസിന്റെ തേൻ കൃഷി എന്നിവ വേറിട്ട പ്രവർത്തനങ്ങളാണ്. 2025ലെ അഖിലേന്ത്യ അവാർഡി ടീച്ചേഴ്സ് ഫെഡറേഷന്റെ ഗുരുശ്രേഷ്ഠ, സുഗതവനം ട്രസ്റ്റിന്റെ ഗുരു ജ്യോതി പുരസ്കാരം, 2026ലെ എ.പി.ജെ. അബ്ദുൽ കലാം സ്റ്റഡി സെൻററിന്റെ ബെസ്റ്റ് ടീച്ചർ, എച്ച്.എസ്.ടി.എ എന്നീ പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ട്.
എച്ച്.എസ്.ടി.എ മുൻ സംസ്ഥാന വൈസ് പ്രസിഡന്റാണ്. 54ാമത് സംസ്ഥാന സ്കൂൾ കലോത്സവ കൺവീനറായിരുന്നു. പെയിൻ ആൻഡ് പാലീയേറ്റീവ് സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ സജീവമാണ്.
അയ്നാരി പരേതനായ ജനാർദ്ദനൻ നായരുടെയും സത്യഭാമയുടെയും മകനാണ്. സുമാ ദേവിയാണ് ഭാര്യ. അഭിരാം ഭാസ്ക്കർ (ഐ.ടി ഉദ്യോഗസ്ഥൻ, അക്സഞ്ചർ), അനുപമ ഭാസ്കർ (വിദ്യാർഥിനി ) എന്നിവർ മക്കളാണ്. ശശീന്ദ്രൻ, ഗീത എന്നിവർ സഹോദരങ്ങളാണ്.
അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഈ നേട്ടം കൂട്ടായ്മയുടെ വിജയമാണെന്നും പി. ഭാസ്ക്രൻ പറഞ്ഞു. പുരസ്കാരം നാടിനും പി.ടി.എക്കും സമർപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.