മുസ്‍ലിം ലീഗ് ജില്ല പ്രസിഡന്‍റ് മരക്കാർ മാരായമംഗലം
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം. കൂട്ടിയും കിഴിച്ചും പ്രചാരണം സജീവമാക്കുകയാണ് മുന്നണികൾ. തെരഞ്ഞെടുപ്പിലെ പ്രതീക്ഷകളും മുന്നൊരുക്കങ്ങളും ‘മാധ്യമ’ത്തോട് പങ്കുവെക്കുകയാണ് മുസ്‍ലിം ലീഗ് ജില്ല പ്രസിഡന്‍റ് മരക്കാർ മാരായമംഗലം.
മുസ്‍ലിം ലീഗിൽ പരാതികളില്ലാതെയാണ് സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയത്. പ്രാദേശിക തലത്തിൽ യോഗങ്ങളും ചർച്ചകളും നടത്തിയാണ് സ്ഥാനാർഥികളെ തെരഞ്ഞെടുത്തത്. പൊട്ടിത്തെറികളുണ്ടായിട്ടില്ല.
ഭൂരിഭാഗം പേരും യുവാക്കളും പുതുമുഖങ്ങളുമാണ്. 50ൽ കൂടുതൽ പ്രായമുള്ളവർ 10 ശതമാനം പോലും ഉണ്ടാകില്ല. നേരത്തേ ജനപ്രതിനിധികളായിരുന്നവരും മത്സരരംഗത്തുണ്ട്. വളരെ മികച്ച രീതിയിലാണ് പ്രചാരണ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്.
നിലവിൽ 178 ജനപ്രതിനിധികളാണ് മുസ്‍ലിം ലീഗിന് ജില്ലയിൽ ആകെയുള്ളത്. ഇത്തവണ 300 പേരുണ്ടാകുമെന്നാണ് പ്രതീക്ഷ. ജില്ല പഞ്ചായത്തിലേക്ക് ആറ് സീറ്റിലും പാലക്കാട് നഗരസഭയിൽ 10 സീറ്റിലുമാണ് മുസ്‍ലിം ലീഗ് മത്സരിക്കുന്നത്.
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടും അല്ലാതെയും ബി.ജെ.പിയിൽ വലിയ പൊട്ടിത്തെറികളാണ് നടന്നുകൊണ്ടിരിക്കുന്നത്. മാർക്സിസ്റ്റ് പാർട്ടിയിലാകട്ടെ മുൻകാലങ്ങളിൽ ഉണ്ടായിട്ടില്ലാത്തത്ര പൊട്ടിത്തെറികളും ഭിന്നതകളുമാണ് ഉടലെടുത്തിരിക്കുന്നത്.
സീറ്റ് കിട്ടാത്തതിലുള്ള സ്വാഭാവിക അസംതൃപ്തി, മാർക്സിസ്റ്റ് പാർട്ടിയുടെ ഇപ്പോഴത്തെ പോക്ക് ശരിയല്ലെന്ന് പറയുന്നവർ, പാർട്ടിയുടെ നിലവിലെ കമ്മ്യൂണിസം നേരെയല്ലെന്ന് പറയുന്ന പാരമ്പര്യവാദികൾ എന്നിങ്ങനെ പാർട്ടിയിൽ ഭിന്നത രൂക്ഷമാണ്. സി.പി.ഐ പാർട്ടിയുടെ വലിപ്പത്തേക്കാളും കൂടുതലാണ് പാർട്ടിക്കുള്ളിലെ ഭിന്നത. കോൺഗ്രസിലെ പൊട്ടിത്തെറികളും പ്രശ്നങ്ങളും മുൻകാലങ്ങളേക്കാൾ കുറവാണ്. അത് അവരുടെ ആഭ്യന്തര പ്രശ്നമാണ്. കോൺഗ്രസ് തന്നെ അത് പരിഹരിക്കും.
പാർട്ടിയുടെ മെംബർഷിപ് കാമ്പയിൻ സമയത്ത് സജീവമല്ലാതിരുന്ന കുറച്ചുപേരാണ് ഇപ്പോൾ വിമതസ്വരമുയർത്തി രംഗത്തുവന്നിരിക്കുന്നത്. നിലവിലുള്ള ഇലക്റ്റഡ് ബോഡിയുമായി മുന്നോട്ടുപോകാനേ പാർട്ടിക്ക് പറ്റൂ. നഗരസഭയിൽ വെൽഫെയർ പാർട്ടിയുമായി യാതൊരുവിധ നീക്കുപോക്കുകളും പാർട്ടിക്കില്ല. ചർച്ചകൾ നടത്തിയിരുന്നെങ്കിലും അവരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയാത്തതിനാൽ ധാരണയിലെത്തിയിട്ടില്ല.
വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനലാണ് തദ്ദേശ തെരഞ്ഞെടുപ്പെന്ന് ഉറപ്പിച്ച് പറയാം. തെരഞ്ഞെടുപ്പ് ഫലം സർക്കാറിന്‍റെ വിലയിരുത്തലായി തന്നെ കരുതാം. കേരളത്തിലെ കുട്ടികളുടെ ഭാവിക്ക് വേണ്ടിയാണ് പി.എം ശ്രീ പദ്ധതി എന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, യഥാർഥത്തിൽ അത് മുഖ്യമന്ത്രിയുടെ മകളുടെയും മകന്‍റെയും ഭാവിക്ക് വേണ്ടിയാണ്. ഇതെല്ലാം ജനങ്ങൾ ശ്രദ്ധിക്കുന്നുണ്ട്.
പാലക്കാട് നഗരസഭയിൽ അധികാരത്തിലെത്തിയാൽ നഗരസഭയിൽ മുടങ്ങികിടക്കുന്ന പദ്ധതികൾ നടപ്പാക്കുക ആയിരിക്കും ആദ്യത്തെ ലക്ഷ്യം. കേന്ദ്ര-കേരള ഏജൻസികൾക്ക് കീഴിൽ ധാരാളം പദ്ധതികളുണ്ട്.
കക്ഷിരാഷ്ട്രീയത്തിന് അതീതമായി വികസനത്തിനായി പ്രവർത്തിക്കും. നഗരസഭയിൽ ഇത്തവണ ബി.ജെ.പിക്ക് തുടർഭരണം ഉണ്ടാകില്ല. നഗരത്തിൽ ബി.ജെ.പി വിരുദ്ധരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.