നിരങ്ങൻപാറയിൽ പുലിപ്പേടി

നെന്മാറ: നിരങ്ങൻപാറയിലെ മലയോര കർഷകന്‍റെ വീട്ടിലെ നായെ പുലിപിടിച്ചതായി നാട്ടുകാർ. കഴിഞ്ഞ നാലു മാസത്തിനിടെ പ്രദേശത്തെ എട്ടു വളർത്തുനായ്ക്കളെയാണ് പുലി പിടിച്ചത്. ഇതിൽ ആയിരങ്ങൾ വിലയുള്ള വിദേശയിനം നായ്ക്കൾ വരെ ഉൾപ്പെടും.

കഴിഞ്ഞ ദിവസം വൈകീട്ട് കൂട്ടിൽനിന്ന് പുറത്തുവിട്ട, ടി.സി. ബാബുവിന്റെ വീട്ടുമുറ്റത്തു നിന്നിരുന്ന നായെയാണ് രാത്രി കാണാതായത്. പതിവുപോലെ എട്ടരയോടെ നായെ കൂട്ടിൽ കയറ്റാൻ നോക്കിയപ്പോഴാണ് കാണാതായ വിവരം അറിയുന്നത്. മഴയുണ്ടായിരുന്നതിനാൽ പുലിയുടെ കാൽപാടുകൾ വ്യക്തമായില്ല. പുലിയെ പേടിച്ച് പ്രദേശവാസികൾ ആട് വളർത്തൽ നിർത്തിയിട്ട് രണ്ടു വർഷത്തിലേറെയായി. തൊഴുത്തിൽ കെട്ടിയിരിക്കുന്ന പശുവിനെയും കിടാവിനെയും സംരക്ഷിക്കാൻ ലൈറ്റുകൾ തെളിച്ചും മറ്റും പുതിയ മാർഗങ്ങൾ തേടുകയാണ് പ്രദേശവാസികൾ.

പുലിയെ പേടിച്ച് പ്രദേശത്തെ എല്ലാ വീടുകളിലും നായ്ക്കളെ ഇരുമ്പുവല കൊണ്ടുണ്ടാക്കിയ കൂടിനകത്താണ് വളർത്തുന്നത്. രാവിലെയും വൈകീട്ടും അല്പം ഓടിനടക്കുന്നതിന് കൂടിന് പുറത്തുവിടുന്ന സമയത്താണ് നായെ പിടിച്ചുകൊണ്ടുപോയത്. സ്ഥിരമായി വളർത്തുമൃഗങ്ങളെ പിടിക്കുന്ന പുലിയെ കൂടുവെച്ച് പിടിച്ച് പ്രദേശത്തുനിന്ന് ഒഴിവാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

നെന്മാറ വനം ഡിവിഷനിലെ തിരുവഴിയാട് സെക്ഷനിൽപെട്ട പ്രദേശമാണ് നിരങ്ങൻപാറ. അതിരാവിലെ ടാപ്പിങ്ങിനും മറ്റു തൊഴിലിനും പോകുന്നവർ പലപ്രാവശ്യം പുലിയെ കണ്ടിട്ടുണ്ട്. വനംവകുപ്പ് വീട്ടുവളപ്പുകളിൽ എത്തുന്ന പുലിയെ പിടികൂടാനുള്ള നടപടി സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.

Tags:    
News Summary - Leopard on Niranganpara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.