പാലക്കാട്: നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് കെ.എസ്.ആർ.ടി.സി പാലക്കാട് ബസ് ടെർമിനൽ വ്യാഴാഴ്ച നാടിന് സമർപ്പിക്കും. മൂന്നുനില കെട്ടിടവും ബസ്ബേയും ഉൾപ്പെടുന്ന കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ഉദ്ഘാടനം വൈകീട്ട് 5.30ന് ഗതാഗത മന്ത്രി ആന്റണി രാജു നിർവഹിക്കും.
ഷാഫി പറമ്പിൽ എം.എൽ.എ അധ്യക്ഷത വഹിക്കും. പഴയ ബസ് സ്റ്റാൻഡ് നിന്നിരുന്ന ഒരേക്കറിലധികം സ്ഥലത്ത്, മൂന്ന് നിലകളിലായി 18,000 ചതുരശ്ര അടിയിലാണ് പുതിയ ടെർമിനൽ. ഒരേ സമയം 10 ബസുകൾ നിർത്തിയിടാനുള്ള ബസ് ബേയുമുണ്ട്. താഴത്തെ നിലയിൽ യാത്രക്കാർക്ക് ബസ് കാത്തിരിക്കാൻ 75 ഇരിപ്പിടം ഒരുക്കി.
ടിക്കറ്റ് റിസർവേഷൻ കൗണ്ടർ, അന്വേഷണ മുറി, പൊലീസ് എയ്ഡ് പോസ്റ്റ്, ഗാർഡ്മുറി, കുഞ്ഞുങ്ങളെ പാലൂട്ടാനുള്ള മുറി, സ്റ്റേഷൻ മാസ്റ്റർ റൂം എന്നിവയും സജ്ജമാണ്. 600 ചതുരശ്ര അടിയിലേറെ വിസ്തീർണമുള്ള കാന്റീൻ, സ്ത്രീകൾക്ക് മാത്രമായുള്ള ശീതീകരിച്ച വിശ്രമമുറി, സ്റ്റോർ മുറി എന്നിവയും താഴെയുണ്ട്. ട്രാൻസ്ജെൻഡേഴ്സിനും അംഗപരിമിതർക്കും പ്രത്യേക ശൗചാലയവും ഇവിടെയുണ്ട്.
മുകൾ നിലകളിലേക്ക് ലിഫ്റ്റ് സൗകര്യവും ഏണിപ്പടികളും സജ്ജം. ഒന്നാംനിലയിൽ രണ്ട് ഓഫിസ് മുറികളും വിശാലമായ ഹാളും ഒരുക്കിയിട്ടുണ്ട്. വാണിജ്യോപയോഗത്തിനുള്ള സ്ഥലമായാണ് ഇത് കണക്കാക്കപ്പെടുന്നത്. ആകെ വിസ്തീർണം 5000 ചതുരശ്ര അടി. രണ്ടാംനിലയിലാണ് ഡിപ്പോയിലെ ഓഫിസുകൾ പ്രവർത്തിക്കുക. ജില്ല ട്രാൻസ്പോർട്ട് ഓഫിസും ടിക്കറ്റ് ആൻഡ് കാഷ് കലക്ഷൻ കൗണ്ടറും ഇവിടെയാണ്.
26 ജീവനക്കാർക്ക് ഇരുന്നു ജോലി ചെയ്യാനുള്ള സൗകര്യം രണ്ടാംനിലയിലുണ്ട്. ഷീറ്റ് മേഞ്ഞ ബസ് ബേയും തറയോടു പതിച്ച യാർഡും മതിലിനോടു ചേർന്നുള്ള അലങ്കാര വിളക്കുകളും പൂന്തോട്ടവും മനോഹരമാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള പഴയ ടോയ്ലറ്റ് കോംപ്ലക്സ് നവീകരിച്ചു. മഴവെള്ള സംഭരണി, വിശാലമായ നടപ്പാത, അഴുക്കുചാൽ എന്നിവയും നിർമിച്ചു.
2014ലാണ് പഴയ ബസ് സ്റ്റാൻഡ് പൊളിച്ചത്. പിന്നീടങ്ങോട്ടു രാഷ്ട്രീയ കളികളും സാങ്കേതിക നൂലാമാലകളും ഫണ്ടിന്റെ അപര്യാപ്തതയുമടക്കം നിരവധി പ്രശ്നങ്ങളിൽപ്പെട്ട് പ്രവൃത്തി അനന്തമായി നീണ്ടു. കെട്ടിടത്തിന് ഫണ്ട് കണ്ടെത്താൻ കഴിയില്ലെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചതോടെ നിർമാണത്തിനാവശ്യമായ 8.095 കോടി രൂപ ഷാഫി പറമ്പിൽ എം.എൽ.എയുടെ പ്രദേശിക വികസന ഫണ്ടിൽനിന്നാണ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.