ദേശീയപാത കല്ലടിക്കോട് ഭാഗത്ത് പൊലീസ് വാഹന പരിശോധന നടത്തുന്നു
പാലക്കാട്: കോവിഡ് -19 പ്രതിരോധത്തിെൻറ ഭാഗമായി ശനിയാഴ്ച ഏർപ്പെടുത്തിയ നിയന്ത്രണം നഗരത്തിൽ ലോക്ഡൗണിന് സമാനമായിരുന്നു. മേലാമുറി പച്ചക്കറി മാർക്കറ്റ് ഒഴികെ ഭൂരിഭാഗം വ്യാപാര മേഖലകളും മറ്റു കച്ചവട സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. പച്ചക്കറി മാർക്കറ്റ് സാധാരണ നിലയിൽ തുറന്ന് പ്രവർത്തിച്ചതോടെ രാവിലെ തിരക്ക് അനുഭവപ്പെട്ടിരുന്നു. മറ്റു സ്ഥാപനങ്ങൾ അടഞ്ഞുകിടന്നതിനാൽ പച്ചക്കറി മാർക്കറ്റ് ഒഴികെയുള്ള പ്രദേശങ്ങൾ വിജനമായിരുന്നു.
നഗരത്തിലെ വൻകിട ഷോപ്പിങ് മാളുകളും ഭാഗികമായി തുറന്ന് പ്രവർത്തിച്ചു. റസ്റ്റാറൻറും ചായക്കടയും അടഞ്ഞുകിടന്നു. നിരത്തുകളിൽ വാഹന ഗതാഗതം കുറവായിരുന്നു. ഉൾപ്രദേശങ്ങളിൽ നിന്നുള്ള ബസ് ഗതാഗതം രാവിലെ മുതൽ നിർത്തി. തൃശൂർ, പട്ടാമ്പി, ചെർപ്പുളശ്ശേരി, വാളയാർ, മണ്ണാർക്കാട് റൂട്ടുകളിൽ രാവിലെ സ്വകാര്യ ബസുകൾ സർവിസ് നടത്തിെയങ്കിലും യാത്രക്കാർ തീരെ കുറവായതിനാൽ ഉച്ചക്കുശേഷം അവസാനിപ്പിച്ചു. ഞായറാഴ്ചയും നിയന്ത്രണമുള്ളതിനാൽ സ്വകാര്യ ബസുകൾ സർവിസ് നടത്തില്ല. വാളയാർ, ഗോപാലപുരം, തൃശൂർ, കോഴിക്കോട്, പട്ടാമ്പി എന്നിവിടങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി പാലക്കാട്ടുനിന്ന് 62 സർവിസുകളാണ് ശനിയാഴ്ച നടത്തിയത്.
വടക്കഞ്ചേരി: കോവിഡ് വ്യാപനത്തെ തുടർന്ന് സർക്കാർ നടപ്പാക്കിയ രണ്ട് ദിവസത്തെ കടുത്ത നിയന്ത്രണം ലോക്ഡൗണിന് സമാനമായി. പഴം, പച്ചക്കറി, മെഡിക്കൽ ഷോപ്പുകൾ, പലചരക്ക് കടകൾ, മത്സ്യ, ഇറച്ചി കടകൾ തുടങ്ങി അത്യാവശ്യ കടകൾ മാത്രമാണ് ടൗണുകളിൽ തുറന്നത്. മറ്റു കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. രാവിലെ കൂടുതൽ വാഹനങ്ങൾ റോഡിലിറങ്ങിയെങ്കിലും പിന്നീട് പൊലീസ് പരിശോധന തുടങ്ങിയതോടെ ഒമ്പത് മണിയോടെ വാഹനങ്ങൾ കുറഞ്ഞു. ദേശീയ-, സംസ്ഥാന പാതകളിലും അത്യാവശ്യ വാഹനങ്ങൾ മാത്രമാണ് സർവിസ് നടത്തിയത്.
കൊല്ലങ്കോട്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊലീസ് പരിശോധന ശക്തമായതോടെ കവലകൾ വിജനമായി. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ പൊലീസ് തടഞ്ഞുനിർത്തി പരിശോധന നടത്തി. കൊടുവായൂർ, പുതുനഗരം, കൊല്ലങ്കോട് എന്നീ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു.
കോവിഡ് ചട്ടം ലംഘിക്കുന്നവരെ പിടികൂടാൻ കല്ലടിക്കോട് പൊലീസ് പാലക്കാട് -കോഴിക്കോട് ദേശീയപാതയിലും പരിസരങ്ങളിലും പരിശോധന ഊർജിതമാക്കി. യാത്രാ ഉദ്ദേശ്യം രേഖപ്പെടുത്തിയ സാക്ഷ്യപത്രവും പരിശോധിച്ചു. ഞായറാഴ്ചയും പരിശോധന തുടരും. അതേ സമയം, നഗര -ഗ്രാമപ്രദേശങ്ങളിൽ മെഡിക്കൽ ഷോപ്പ് ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ കടകൾ മാത്രമാണ് പ്രവർത്തിച്ചത്. നിരത്തുകൾ പൊതുവെ തിരക്കൊഴിഞ്ഞാണ് കാണപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.