കോങ്ങാട്: പഞ്ചായത്ത് നിർമിക്കാൻ ഉദ്ദേശിക്കുന്ന പുതിയ വാണിജ്യ സമുച്ചയം ചുവപ്പ് നാടയിൽ. വിനയായത് കേന്ദ്ര സർക്കാറിന്റെ പുതിയ നിബന്ധനകളെന്ന് സൂചന. ചന്ത സ്ഥലത്ത് ആധുനിക രീതിയിൽ വാണിജ്യ സമുച്ചയം നിർമിക്കാൻ കോങ്ങാട് ഗ്രാമപഞ്ചായത്തും ഊരാളുങ്കൽ ലേബർ സൊസൈറ്റിയും പരസ്പര ധാരണ കരാർ ഒപ്പുവെച്ചത് നാല് മാസം മുമ്പാണ്. അഞ്ച് കോടി രൂപ ചെലവിൽ നിർമിക്കുന്ന ഇരുനില കെട്ടിടത്തിന്റെ രൂപരേഖയും എസ്റ്റിമേറ്റും തയാറാക്കി കെട്ടിടം നിർമിക്കാനാണ് ധാരണാപത്രം ഒപ്പ് വെച്ചിരുന്നത്. ആഗസ്റ്റ് ആദ്യത്തിൽ നിർമാണം തുടങ്ങാനും ധാരണയായി.
കരാർ ഒപ്പ് വെക്കുമ്പോൾ നിർമാണത്തിനുള്ള ഫണ്ട് ലോക ബാങ്ക് വായ്പയായി കിട്ടാനുള്ള സാഹചര്യം ഉണ്ടായിരുന്നു. ഈയിടെ കേന്ദ്ര സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് പുതുതായി വാണിജ്യ സമുച്ചയങ്ങൾ നിർമിക്കുന്നതിന് വായ്പ അനുവദിക്കാനുള്ള മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചിരുന്നു. പുതിയ മാർഗരേഖ മറികടക്കാൻ കോങ്ങാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് പറ്റാത്ത സാഹചര്യമുണ്ട്. ഇനി ഇക്കാര്യത്തിൽ കേന്ദ്രമോ സംസ്ഥാന സർക്കാറോ പുതിയ നിബന്ധനകൾ ലഘൂകരിക്കുകയോ പരിഷ്കരിക്കുകയോ ചെയ്യേണ്ടി വരും. നിബന്ധനയിൽ ഭേദഗതി വരുമെന്ന പ്രതീക്ഷയിലാണ് കോങ്ങാട് ഗ്രാമപഞ്ചായത്തെന്ന് പ്രസിഡന്റ് ടി. അജിത്ത് ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.