പാലക്കാട്: കൊല്ലങ്കോട് ഐ.സി.ഡി.എസിന് കീഴിലുള്ള അംഗൻവാടികളിൽ സക്ഷം പദ്ധതി വഴി ഉപകരണങ്ങൾ വാങ്ങിയതിലെ ക്രമക്കേട് സംബന്ധിച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്. സ്റ്റോക്ക് പർച്ചേസ് മാനുവലും സർക്കാർ വ്യവസ്ഥകളും പാലിക്കാതെയാണ് ഉപകരണങ്ങൾ വാങ്ങിയതെന്നും ഇതുവഴി സർക്കാരിന് കനത്ത സാമ്പത്തിക നഷ്ടമുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. കൊല്ലങ്കോട് ഐ.സി.ഡി.എസിന് കീഴിലുളള അംഗൻവാടികളുടെ നവീകരണത്തിന് ഒരു അംഗൻവാടിക്ക് ഒരു ലക്ഷം വീതം 142 അംഗൻവാടികൾക്ക് 1.42 കോടി രൂപയാണ് അനുവദിച്ചിരുന്നത്. എന്നാൽ ഉപകരണങ്ങൾ വാങ്ങിയതിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതായി 'മാധ്യമം' നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ബ്ലോക്ക്തല കമ്മിറ്റി അന്വേഷിക്കുകയും അപാകതകൾ കണ്ടെത്തുകയും ചെയ്തിരുന്നു. കൂടുതൽ പരിശോധനകളുടെ ഭാഗമായാണ് വകുപ്പുതല ഓഡിറ്റിങ് നടന്നത്. ജില്ലാതല ഐ.സി.ഡി.എസ് സെൽ സീനിയർ സൂുപ്രണ്ട് വി. ഗിരീഷ് ബാബുവിന്റെ നേതൃത്വത്തിലുളള അഞ്ചംഗ സംഘമാണ് പരിശോധന നടത്തിയത്.
സ്കൂൾ കിറ്റ്, കണ്ടിജൻസി, ഫർണിച്ചർ വാങ്ങൽ, ക്രഷ് തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട് വാങ്ങൽ നടപടികളിൽ ക്രമക്കേട് നടന്നിട്ടുണ്ടോ?, സ്റ്റോർ പർച്ചേസ് മാനുവലും സർക്കാർ വ്യവസ്ഥകളും പാലിച്ചാണോ വാങ്ങൽ നടപടികൾ പൂർത്തീകരിച്ചിട്ടുള്ളത് തുടങ്ങിയവയാണ് ജില്ലാതല ഓഡിറ്റ് ടീം പരിശോധിച്ചത്. ഐ.സി.ഡി.എസിലെ ഫയലുകൾ, രജിസ്റ്ററുകൾ, അംഗൻവാടികളിൽ റാൻഡം ചെക്കിങ് തുടങ്ങിയവ ഓഡിറ്റിങ് നടത്തി. വനിത ശിശു വികസന ഡയറക്ടറുടെ നിർദേശപ്രകാരമായിരുന്നു ഓഡിറ്റിങ്. സ്റ്റോക്ക് രജിസ്റ്റർ അപൂർണം, ഇ-ടെൻഡർ മാനദണ്ഡങ്ങൾ ലംഘിച്ചു, എം.ആർ.പിയേക്കാൾ കൂടുതൽ വിലക്ക് സാധനങ്ങൾ വാങ്ങിയതുമൂലം സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായി, സ്റ്റോക്ക് രജിസ്റ്റർ മാനുവൽ പൂർണമായി ലംഘിക്കപ്പെട്ടു, ഓർഡർ ചെയ്ത സാധനങ്ങൾക്ക് പകരം വേറെ സാധനങ്ങൾ വാങ്ങി, ജെം പോർട്ടൽ വഴി സ്പ്ലിറ്റ് പർച്ചേസ് നടത്തി തുടങ്ങിയ ഗുരുതര ക്രമക്കേടുകളാണ് പരിശോധനയിൽ കണ്ടെത്തിയത്.
ഓർഡർ ചെയ്ത ഇനം മാറി ലഭ്യമായത് സംബന്ധിച്ച് ജെം പോർട്ടലിൽ പരാതി നൽകിയിട്ടില്ല. ഇങ്ങനെ മാറിവന്നതിന്റെ നഷ്ടം ഇതുവരെ കണക്കാക്കിയിട്ടില്ല. വാട്ടർ പ്യൂരിഫയർ, പി.എ സിസ്റ്റം, പെൻഡ്രെെവ് എന്നിവ വിലയേക്കാൾ കൂടുതൽ തുകക്കാണ് വാങ്ങിയതെന്നും റിപ്പോർട്ടിൽ പറയുന്നു. കൊല്ലങ്കോട് ശിശുവികസന പദ്ധതി ഓഫിസർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോർട്ടിലുണ്ട്. വിഷയത്തിലെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് അടിയന്തിരമായി വകുപ്പുതല നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ട് ശിപാർശ ചെയ്യുന്നു. ഐ.സി.ഡി.എസിലെ അഴിമതി സംബന്ധിച്ച് വടക്കഞ്ചേരി സ്വദേശി നേരത്തെ പാലക്കാട് ജില്ല പ്രോഗ്രാം ഓഫിസർക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടിയെടുത്തിരുന്നില്ല. സംസ്ഥാനത്തെ പല ഐ.സി.ഡി.എസുകളിലും സമാനരീതിയിലുള്ള തട്ടിപ്പുകൾ ജെം പർച്ചേസുകളിൽ നടന്നിട്ടുണ്ടെന്നും പരാതി നൽകിയ ശേഷം വന്ന ഫണ്ടിലും ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് ഓഡിറ്റ് പരിശോധന ഉണ്ടായിട്ടില്ലെന്നും പരാതിക്കാരൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.