ക​ണ്ണി​യം​പു​റം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലെ റോഡിലെ കു​ഴി​യ​ട​ച്ച​പ്പോ​ൾ

അധികൃതർ കണ്ണ് തുറന്നു; കണ്ണിയംപുറം പാതയിലെ കുഴിയടച്ചു

ഒറ്റപ്പാലം: വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന്റെ ജീവൻ പൊലിഞ്ഞതിന്റെ തൊട്ടുപിറകെ കണ്ണിയംപുറം സ്വകാര്യ ആശുപത്രിക്ക് മുന്നിലെ ഗർത്തം അധികൃതർ അടച്ചു. പാതയിൽ ചോരപുരളാൻ കാത്തിരിക്കുകയായിരുന്നു അധികൃതരെന്ന വിമർശനവും ഇതോടെ ഉയർന്നിട്ടുണ്ട്. പാലക്കാട്-കുളപ്പുള്ളി പാതയിൽ കണ്ണിയംപുറം പാലത്തിന് സമീപത്തെ സ്വകാര്യ ആശുപത്രിക്ക് മുന്നിലെ കുഴിയാണ് കഴിഞ്ഞ ദിവസം ബൈക്ക് യാത്രികന്റെ ഉയിരെടുത്തത്.

റോഡിലെ കുഴി ഒഴിവാക്കാനായി വെട്ടിച്ച ലോറിയും മുന്നിലെ കുഴി കണ്ട് വെട്ടിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു ബൈക്ക് യാത്രക്കാരായ ഇരുവരിൽ ഒരാളുടെ മരണം. ബൈക്ക് ഓടിച്ചിരുന്ന യുവാവ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലുമാണ്. ഈ സംഭവത്തിന് ഒന്നര മാസം മുമ്പും ഇതേ സ്ഥാനത്തുണ്ടായ അപകടത്തിൽ പരിക്കേറ്റ മധ്യവയസ്‌കൻ ഇപ്പോഴും ആശുപത്രി വിട്ടിട്ടില്ല. നടന്നുപോവുകയായിരുന്ന ഇദ്ദേഹത്തെ ഓട്ടോയിടിച്ച് തെറിപ്പിക്കുകയായിരുന്നു. 20 ദിവസത്തോളം വെൻറിലേറ്ററിൽ കിടക്കേണ്ടത്രയും ഗുരുതരമായിരുന്നു ഇദ്ദേഹത്തിനേറ്റ പരിക്കുകൾ.

ഇതേ തുടർന്ന് പാതയിലെ കുഴികൾ അടക്കണമെന്ന ആവശ്യം നിരന്തരം ഉയർന്നിരുന്നെങ്കിലും അധികൃതർ വീണ്ടുമൊരു ദുരന്തം ഉണ്ടാകുന്നത് വരെ അവഗണന തുടർന്നു. അന്ന് റോഡിലെ മരണക്കുഴികൾ അടച്ചിരുന്നെങ്കിൽ ബൈക്ക് യാത്രികരായ യുവാക്കൾക്ക് അപകടസാഹചര്യം നേരിടുമായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

സമ്മർദമേറുമ്പോൾ പൊതുമരാമത്ത് വകുപ്പ് മെറ്റലും കോൺക്രീറ്റ് മിശ്രിതവും നിറച്ചൊരു ഓട്ടയടക്കൽ നടത്തും. ഇപ്പോഴും അത്രമാത്രമാണ് നടത്തിയിരിക്കുന്നതെന്നും ഇതിന്റെ ആയുസ്സ് ശക്തമായ ഒരു മഴ മാത്രമാണെന്നും നാട്ടുകാർ ആവലാതിപ്പെടുന്നു. സമാന സ്വഭാവമുള്ള കുഴികൾ ഇനിയും ഭീഷണിയായി മേഖലയിലുണ്ട്.

Tags:    
News Summary - Kanniyampuram Road Pothole Closed After Complaints

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.