വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 80 പേർക്ക് ഭക്ഷ്യവിഷബാധ; ഭക്ഷ്യസാധനങ്ങൾ പരിശോധനക്കയച്ചു
ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റയിൽ 80ഓളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കഴിഞ്ഞ ഞായറാഴ്ച മണ്ണമ്പറ്റയിലെ ശ്രീ ഭദ്ര കൺവെൻഷൻ സെന്ററിൽ വൈകീട്ട് നടന്ന പല്ലപുറത്ത് വീട്ടിൽ ശശികുമാറിന്റെ മകൾ ശിശിരയുടെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരിൽ 50ലധികം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്ക് വയറിളക്കവും ഛർദിയും ഉൾപ്പെടെയുള്ള അസുഖങ്ങളും മറ്റു ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതായി ആരോഗ്യവകുപ്പ് അറിയിച്ചു.
സംഭവത്തെത്തുടർന്ന് പാലക്കാട് ജില്ല മെഡിക്കൽ ഓഫിസിൽ നിന്നുള്ള എപ്പിഡെമിയോളജിസ്റ്റും ആരോഗ്യവകുപ്പ് അധികൃതരും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം മേഖലകളിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരും എച്ച്.ഐ, ജെ.എച്ച്.ഐ തുടങ്ങിയ ആരോഗ്യവകുപ്പ് ജീവനക്കാരും പ്രദേശത്തെത്തി പരിശോധനകൾക്ക് നേതൃത്വം നൽകി.
വിവാഹസൽക്കാരത്തിന് ആവശ്യമായ മീനും ചിക്കനും പാലക്കാട്ടനിന്നാണ് വാങ്ങിയതെന്നാണ് പ്രാഥമിക വിവരങ്ങൾ. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് ഫുഡ് സേഫ്റ്റി വിഭാഗത്തിന് ഔദ്യോഗികമായി റിപ്പോർട്ട് കൈമാറി.
കൺവെൻഷൻ സെന്ററിൽ ആരോഗ്യവകുപ്പ് സംഘം നേരിട്ടെത്തി പരിശോധന നടത്തുകയും ഇവിടെ ഉപയോഗിച്ച വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് കൂടുതൽ പരിശോധനക്കായി പാലക്കാട് ജില്ല ആശുപത്രിയിലെ ലാബിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.
വിവാഹസൽക്കാരത്തിൽ പങ്കെടുത്ത ശേഷം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവർ ഉടൻ ശ്രീകൃഷ്ണപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണമെന്ന് മെഡിക്കൽ ഓഫിസർ ഡോ. മുഹമ്മദ് ഷെരീഫ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.