സതീശൻ മന്ത്രിസഭയിൽ പാലക്കാടിന് എത്ര മന്ത്രിമാർ?

പാലക്കാട്: വി.ഡി. സതീശന്‍റെ നേതൃത്വത്തിൽ പുതിയ യു.ഡി.എഫ് മന്ത്രിസഭ തിങ്കളാഴ്ച അധികാരമേൽക്കുമ്പോൾ ജില്ലയിൽനിന്ന് മന്ത്രിമാർ എത്രപേരുണ്ടാകും? രണ്ടുപേരിൽ ഉറച്ച പ്രതീക്ഷയാണ് പാലക്കാടിനുള്ളത്. മണ്ണാർക്കാട്ടുനിന്നുള്ള മുസ്ലിം ലീഗിന്‍റെ മുതിർന്ന എം.എൽ.എ എൻ. ഷംസുദ്ദീൻ മന്ത്രിപദവി ഉറപ്പിച്ചുവെന്ന് തന്നെ പറയാം. രണ്ടാം മന്ത്രിയായി തൃത്താല എം.എൽ.എ വി.ടി ബൽറാമും ഉണ്ടാകുമെന്നാണ് കോൺഗ്രസ് വൃത്തങ്ങളിൽനിന്നുള്ള വിവരങ്ങൾ. കോൺഗ്രസിന്‍റെ വനിത ക്വാട്ടയിൽ കോങ്ങാട് എം.എൽ.എ കെ.എ. തുളസിക്ക് നറുക്ക് വീണാൽ ജില്ലക്ക് മുന്നാം മന്ത്രിയെ കൂടി ലഭിക്കാനുള്ള സാധ്യതയുണ്ട്.

തുടർച്ചയായി നാലു തവണ മണ്ണാർക്കാട്ടുനിന്ന് വിജയിച്ച എൻ. ഷംസുദ്ദീന് മന്ത്രിപദവി അർഹതക്കുള്ള അംഗീകാരമാണ്. മികച്ച പാർലമെന്‍റേറിയൻ എന്ന് പേരെടുത്ത ഷംസുദ്ദീന്‍റെ കാര്യത്തിൽ പാണക്കാട് കുടുംബത്തിനും അനുകൂല നിലപാടാണുള്ളതെന്നാണ് റിപ്പോർട്ട്. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഷംസുദ്ദീൻ മന്ത്രിയാകുമെന്ന് തെരഞ്ഞെടുപ്പ് കാലത്ത് തന്നെ പ്രചാരണം ഉണ്ടായിരുന്നു.

കോ‍ൺഗ്രസിൽ വി.ടി. ബൽറാം മന്ത്രിസാധ്യത പട്ടികയിൽ മുൻനിരയിലാണ്. നിലവിൽ കെ.പി.സി.സി വൈസ് പ്രസിഡന്‍റ് കൂടിയായ ബൽറാം രണ്ടാം പിണറായി മന്ത്രിസഭയിലെ താരം കൂടിയായ മന്ത്രി എം.ബി. രാജേഷിനെ തീപാറിയ പോരാട്ടത്തിൽ മുട്ടുകുത്തിച്ചാണ് തൃത്താല തിരിച്ചുപിടിച്ചത്. വി.ഡി. സതീശന്‍റെ അടുത്തയാൾ കൂടിയാണ് വി.ടി ബൽറാം. അദ്ദേഹത്തിന്റെ യാത്രകളിൽ കഴിഞ്ഞ ദിവസങ്ങളിൽ നിഴൽ പോലെ ബൽറാം കുടെയുണ്ട്.

ആദ്യമായാണ് നിമസഭയിലെത്തുന്നത് എന്നതാണ് കെ.എ. തുളസിക്ക് മുന്നിലുള്ള തടസ്സം. എന്നാൽ, സംവരണ സീറ്റിൽനിന്ന് ജയിച്ചുകയറിയ അവർക്ക് അതിന്‍റെ ആനുകൂല്യമുണ്ട്. നിയമസഭയിൽ പുതുമുഖമാണെങ്കിലും സംഘടനാപ്രവർത്തനത്തിൽ അവർക്ക് ദീർഘകാല പരിചയമുണ്ട്. രണ്ടാം പിണറായി സർക്കാറിൽ എം.ബി രാജേഷ്, കെ. കൃഷ്ണൻ കുട്ടി എന്നിവരിലൂടെ ജില്ലക്ക് രണ്ടു മന്ത്രിമാർ ഉണ്ടായിരുന്നു. ജില്ലയിൽ ആകെയുള്ള 12 നിയമസഭ സീറ്റീൽ രണ്ടെണ്ണം മാത്രമുണ്ടായിരുന്ന യു.ഡി.എഫിന് ഇക്കുറി അഞ്ചെണ്ണം ലഭിച്ചു. തൃത്താല തിരിച്ചുപിടിച്ചതിന് പുറമെ, കോങ്ങാട്, ചിറ്റൂർ സീറ്റുകൾ പിടിച്ചെടുക്കുകയും ചെയ്തു. ആ വിജയത്തിന്‍റെ പരിഗണന ജില്ലക്ക് ലഭിക്കുമെന്ന പ്രതീക്ഷയാണ് യു.ഡി.എഫ് അണികൾക്കുള്ളത്.

Tags:    
News Summary - How many ministers does Palakkad have in the Satheesan ministry?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.