അലനല്ലൂർ: എടത്തനാട്ടുകരയിൽ സന്ദർശനത്തിനിടക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീന് പൊതുജനങ്ങളിൽ നിന്നും സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും നിവേദനങ്ങളുടെയും പരാതികളുടെയും വൻ പ്രവാഹം. എത്തിയ മുഴുവനാളുകളിൽ നിന്നും മന്ത്രി രേഖാമൂലമുള്ള പരാതികൾ വിശദമായി കേട്ട് സ്വീകരിക്കൽ പൂർത്തിയായത് രാത്രി ഏറെ വൈകിയാണ്.
വിദ്യാഭ്യാസ വകുപ്പിൽ നിരവധി തസ്തികകൾ ഒഴിഞ്ഞ് കിടക്കുന്നുണ്ട്. ബന്ധപ്പെട്ട സ്ഥാപന മേധാവികൾ മേൽ ഉദ്യോഗസ്ഥർക്ക് ഒഴിവ് റിപ്പോർട്ട് ചെയ്യാത്തത് പരാതിയായി മന്ത്രിയുടെ മുന്നിലെത്തി. ഒരു വർഷത്തിന് മുമ്പ് പി. എസ്.സി റാങ്കിൽ ഒന്നാം സ്ഥാനമുള്ള ഉദ്യോഗാർഥിക്ക് പോലും നിയമനം ലഭിക്കാത്തത് റാങ്ക് പട്ടികയിലുള്ളവരെ ഏറെ നിരാശയിലാക്കിയതായി പരാതിയിൽ പറയുന്നു. മൂന്ന് വർഷം മുമ്പ് ഇറങ്ങിയ സർക്കാർ സർക്കുലറിന്റെ ഭാഗമായി മുൻ വർഷങ്ങളിൽ മെറ്റേണിറ്റി ലീവ് എടുത്ത അധ്യാപികമാരുടെ ശമ്പളം തിരിച്ച് പിടിക്കാനുള്ള ഉത്തരവ് പിൻവലിക്കണമെന്ന പരാതിയുമുണ്ട്. ഈ സർക്കുലറിന്റെ പേരിൽ അധ്യാപികമാരുടെ ഗ്രേഡും തടഞ്ഞ് വെച്ചിട്ടുണ്ട്.
കൂടാതെ, നാട്ടിൻപുറങ്ങളിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും പുതിയ പ്രിയദർശിനി കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഉപ്പുകുളം ഭാഗത്തേക്ക് നിരവധി സ്വകാര്യ ബസുകൾക്ക് റൂട്ട് ഉണ്ടങ്കിലും അവിടെക്ക് സർവിസ് നടത്താതെ കേട്ടപ്പള്ളവരെ വന്ന് തിരിച്ച് പോവുകയാണ്. പതിനഞ്ചോളം ബസുകളിൽ രണ്ട് ബസുകൾ രാവിലെ മാത്രം ഒരോ ട്രിപ്പ് മാത്രമാണ് ഓടുന്നത്. പ്രദേശത്തേക്ക് ഒറ്റ തവണ മാത്രമാണ് കെ.എസ്.ആർ.ടിയും സർവിസ് നടത്തുന്നുണ്ട്. നല്ല റോഡ് ഉണ്ടായിട്ടും ബസുകൾ ഓടാത്തതിനാൽ മലയോര പ്രദേശങ്ങളിലുള്ളവർക്ക് നിത്യവും ടാക്സി വാഹനങ്ങൾ ഉപയോഗിക്കേണ്ട ഗതികേടിലാണ്. ലഭിച്ച നൂറ് കണക്കിന് പരാതികളിൽ ഉചിതമായ നടപടി എടുക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയാണ് തിരിച്ചുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.