‘പണ്ടൊക്കെ അത്തം തുടങ്ങിയാൽ കൂട്ടം കൂട്ടമായിട്ടാണ് പൂക്കൾ ശേഖരിക്കാൻ ഞങ്ങൾ കുട്ടികൾ പോയിരുന്നത്. കാടും കുന്നും കയറിയാണ് പൂക്കൾ ശേഖരിക്കുക. ശേഖരിക്കുന്ന പൂക്കൾ മറ്റുള്ളവർ തട്ടിയെടുക്കാതിരിക്കാനും ശ്രദ്ധിക്കണം. ഇഷ്ടം പോലെ നാടൻ പൂക്കൾ കിട്ടുമായിരുന്നു. ആർക്കും കിട്ടാത്ത പൂക്കൾ ശേഖരിച്ച് രാവിലെ മുറ്റത്തിടുക എന്ന വാശിയിൽ പല സ്ഥലങ്ങളിലും പോയി മറ്റുള്ളവർ കാണാതെ ശേഖരിച്ചു വെക്കും. ഓരോ കുട്ടിയും കിട്ടിയ പൂക്കൾ എത്രയെന്നും ഏതെല്ലാം തരത്തിലും നിറത്തിലുമുള്ള പൂക്കളാണ് കിട്ടിയതെന്നും പരസ്പരം കാണിക്കില്ല. ഓരോ പാത്രത്തിലേയും പൂക്കൾ കണ്ടു പിടിക്കാൻ പരസ്പരം മൽപിടുത്തം വരെ നടത്തി നോക്കും. എന്നാലും തോറ്റു കൊടുക്കാൻ തയാറാവാതെ പിടിച്ചു നിൽക്കും.
തോൽക്കുമെന്ന് തോന്നിയാൽ വീട്ടിലേക്ക് ഓടി രക്ഷപ്പെടും. ആരും കാണാതെ സൂക്ഷിച്ച പൂക്കളെടുത്ത് മുറ്റത്ത് രാവിലെ മനോഹരമായ പൂക്കളം തീർക്കും. മറ്റുള്ളവർ ഒരുക്കിയ പൂക്കളം കാണാൻ ഓരോ വീട്ടിലേക്കും ചെല്ലും. കൂടുതൽ മനോഹരമായ പൂക്കളം തീർത്തവർക്ക് ഓരോരുത്തരും കൈയിൽ സൂക്ഷിച്ച ചക്ക, നേന്ത്ര കായ് എന്നിവ കൊണ്ടുണ്ടാക്കിയ വറുത്ത ഉപ്പേരികൾ സമ്മാനിക്കും’... ഇതെല്ലാം മായാതെ ഓണോർമകളായി ചെറുവയൽ രാമന്റെ മനസ്സിലുണ്ട്.
കേളപ്പന്റെയും തേയിയുടെയും ആറുമക്കളിൽ അഞ്ചാമനായിട്ടാണ് രാമൻ ജനിച്ചത്. ഓണം തറവാട്ടിൽ തന്നെയായിരുന്നു. അന്ന് മരുമക്കത്തായമായിരുന്നു. അതുകൊണ്ട് തറവാട്ട് കാരണവന്മാർ അമ്മാവന്മാരായിരുന്നു. രണ്ടു തറവാട് ഉണ്ടായിരുന്നു.
ഓണക്കോടിയും ദക്ഷിണയും വാങ്ങാൻ അമ്മാവന്മാരുടെ അടുത്തേക്ക് മുതിർന്നവർ അടക്കം പോകുമായിരുന്നു. 120 ഓളം അംഗങ്ങൾ തറവാട്ടിൽ ഉണ്ടായിരുന്നു. കൂട്ടുകുടുംബവുമായി നാലു ദിവസത്തെ ആഘോഷത്തിന്റെ ഗരിമയും മനസിലുണ്ട്. ചതുരംഗം കളി, കണ്ണുക്കെട്ടി കളി, കണ്ണുക്കെട്ടി കല്ലെടുക്കൽ, കൈ പുറകിൽ കെട്ടി വെള്ളം നിറച്ച പാത്രം തലയിൽ വെക്കൽ എന്നിങ്ങനെ വ്യത്യസ്ത മത്സരങ്ങളാണ് ഓണാഘോഷത്തിന്റെ ഭാഗമായി നടത്തുക. അതുപോലെ വീട്ടിൽ ഉണക്കി സൂക്ഷിച്ച കാട്ടാട്, പന്നി, മുയൽ, മാൻ എന്നിവയുടെ മാംസം കൊണ്ടുള്ള വ്യത്യസ്ത കറികളും പച്ചക്കറിക്കൊപ്പം തയാറാക്കും.
കൂടുതൽ കറികളൊരുക്കാനും മത്സരം നടക്കും. അതും ഒരു ആഘോഷം തന്നെയായിരിക്കുമെന്ന് രാമേട്ടൻ പറഞ്ഞു. സ്കൂളിൽ അന്നൊന്നും ഓണാഘോഷം ഉണ്ടായിരുന്നില്ല. കൂട്ടുകുടുംബത്തിൽ നിന്നും അണുകുടുംബത്തിലേക്ക് ജീവിതം മാറ്റി നട്ടതോടെ ഓണം പോലുള്ള ആഘോഷങ്ങളുടെ സന്തോഷം നഷ്ടപ്പെട്ടതായി ചെറുവയൽ രാമൻ പറഞ്ഞു.
അന്നത്തെ ആഹ്ലാദവും കൂട്ടായ്മയും പെരുമയും പൂക്കളം ഒരുക്കലും മായാതെ മനസിൽ കിടക്കുന്നു. കൂട്ടുകുടുംബത്തിലെ ഒത്തൊരുമയും ആഘോഷവും ജീവിതത്തിൽ തിരിച്ചുകിട്ടില്ലെന്നത് ദു:ഖത്തിന്റെ ആഴം കൂട്ടുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.