മഴക്കൊപ്പം പനിയും; കരുതലിൽ പാലക്കാട്

പാലക്കാട്: മഴക്കൊപ്പം പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം ഉയർന്നതോടെ കരുതലിൽ ജില്ല. വ്യാഴാഴ്ച ജില്ലയിൽ 500 പേരാണ് പനി ബാധിച്ച് ആശുപത്രികളിലെത്തിയത്. ഇതിൽ നാലു പേർ അഡ്മിറ്റായി. ഇടവിട്ട് പെയ്യുന്ന മഴയും ഉയർന്ന അന്തരീക്ഷ ആർദ്രതയും പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധി പിടിപെടാൻ സാധ്യത വർധിപ്പിക്കുന്നതാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ പത്തു ദിവസത്തിനിടെ പനി ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നതായി ആരോഗ്യവകുപ്പിന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നു.

ജാഗ്രത തന്നെ പ്രതിരോധം

ഒരാഴ്ചക്കിടെ ശരാശരി 350 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ 3411 പേരാണ് ജില്ലയിൽ പനി ബാധിച്ച് ചികിത്സക്കെത്തിയത്. ഇതിൽ 31 പേർ അഡ്മിറ്റായി.

സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ജനങ്ങൾ ആരോഗ്യകാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ്. ആഹാര സാധനങ്ങൾ അടച്ചുസൂക്ഷിക്കുകയും തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കുകയും ചെയ്യണം. കൂടാതെ പുറത്ത് പണിയെടുക്കുന്നവർ ഉൾപ്പെടെ കെട്ടിനിൽക്കുന്ന വെള്ളത്തിൽ ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിച്ചു.

ശുചീകരണം: ഒരുക്കം സജീവം

കാലവർഷം ആരംഭിച്ചാൽ പകർച്ചവ്യാധികൾ പിടിപെടാൻ സാധ്യതയുള്ളതിനാൽ നിലവിൽ ജില്ലയിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ശുചിത്വ മിഷന്‍റെയും ഹരിത കേരള മിഷന്‍റെയും നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. ഐ.ഇ.സിയും (ഇന്‍ഫര്‍മേഷന്‍ എജുകേഷന്‍ കമീഷന്‍) ആരോഗ്യവകുപ്പും സംയുക്തമായി ബോധവത്കരണ പ്രവര്‍ത്തനം ഏകോപിപ്പിക്കും.

കാലവര്‍ഷത്തിന് മുന്നോടിയായി ആശുപത്രികളിലും പരിസരങ്ങളിലും ശുചിത്വം ഉറപ്പാക്കാൻ വാരാചരണം നടത്തും. എലിപ്പനിക്കെതിരെ 'മൃത്യുഞ്ജയം' പേരില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ആശാ പ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘത്തിന്‍റെ നേതൃത്വത്തില്‍ കാമ്പയിന്‍ ആരംഭിച്ചിരുന്നു. പെരിങ്ങോട്ടുകുറിശ്ശിയില്‍ തക്കാളിപ്പനി ബാധിച്ച പ്രദേശങ്ങളില്‍ സിറം സാംപ്ലിങ് നടത്തി കുട്ടികളെയും മുതിര്‍ന്നവരെയും നിരീക്ഷിച്ചു വരുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. പ്ലാന്റേഷന്‍, വർക്ഷോപ്പുകള്‍ കേന്ദ്രീകരിച്ച് ക്ലോറിനേഷന്‍, ഉറവിട നശീകരണം തുടങ്ങിയ പ്രതിരോധ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. പനിയോ അനുബന്ധ ലക്ഷണമോ ഉള്ളവർ അടിയന്തരമായി ചികിത്സ തേടണമെന്ന് അധികൃതർ അറിയിച്ചു. 

Tags:    
News Summary - Fever with rain; Palakkad in care

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.