പട്ടാമ്പി: പട്ടാമ്പി നഗരസഭയിൽ കുടിവെള്ള വിതരണ പ്രതിസന്ധി മറികടക്കാൻ നഗരസഭ നടപടി തുടങ്ങി. പമ്പു ചെയ്യുന്നതിന് ആവശ്യമായ വെള്ളം പുഴയിൽ ഇല്ലാത്തതാണ് നിലവിലെ പ്രശ്നം. ഇതിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി ബസ് സ്റ്റാൻഡ് പരിസരത്തെ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തി. ബസ് സ്റ്റാൻഡ് പമ്പ് ഹൗസിൽ പമ്പിങ്ങിന് ആവശ്യമായ വെള്ളം ലഭിക്കാത്ത സാഹചര്യം നഗരസഭ ചെയർപേഴ്സൻ ജില്ല കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് നടപടി.
കലക്ടറുടെ നിർദേശ പ്രകാരം ചെറുകിട ജലസേചന വിഭാഗം, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, നഗരസഭ പ്രതിനിധികൾ എന്നിവർ പമ്പ് ഹൗസും അനുബന്ധ പ്രദേശങ്ങളും സന്ദർശിച്ചു. നിലവിലെ തടസ്സങ്ങൾ നീക്കി പമ്പിങ്ങിന് ആവശ്യമായ വെള്ളം ലഭ്യമാക്കുന്നതിന് ആവശ്യമായ സാങ്കേതിക നടപടികൾ സ്വീകരിക്കുമെന്ന് ചെറുകിട ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പുനൽകി.
നഗരസഭ ചെയർപേഴ്സൻ ടി.പി. ഷാജി, മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ബിജു, അസി. എക്സിക്യൂട്ടീവ് അജയകുമാർ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു. വാട്ടർ അതോറിറ്റിയെ പ്രതിനിധീകരിച്ച് ഷൊർണൂർ അസി. എക്സിക്യൂട്ടീവ് എൻജിനീയർ ശ്യാംജിത്ത്, പാലക്കാട് പി.എച്ച് ഡിവിഷൻ ടെക്നിക്കൽ അസിസ്റ്റന്റ് സലിം കുമാർ, പട്ടാമ്പി വാട്ടർ അതോറിറ്റി അസി. എൻജിനീയർ സി.എം. നിയാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
തുടർന്ന് നടന്ന യോഗത്തിൽ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിതേഷ് മൊഴിക്കുന്നം, കൗൺസിലർമാരായ ടി.പി. ഉസ്മാൻ, സി. കൃഷ്ണദാസ്, നഗരസഭ സെക്രട്ടറി ഡോ. എസ്. അമൽ എന്നിവരും പങ്കെടുത്തു. വരും ദിവസങ്ങളിൽ തന്നെ കുടിവെള്ള വിതരണം സുഗമമാക്കുന്നതിനുള്ള പ്രവൃത്തികൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.