62ാമത് ജില്ല സ്കൂൾ കലോത്സവത്തിന് തുടക്കം കുറിച്ച് വിദ്യാഭ്യാസ ഉപഡയറക്ടർ പി.വി. മനോജ് കുമാർ പതാക ഉയർത്തുന്നു
പാലക്കാട്: കൗമാര കലാമാമാങ്കത്തിന് രചന മത്സരങ്ങളോടെ തുടക്കം. ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂളിൽ ജനറൽ കൺവീനർ വിദ്യാഭ്യാസ ഉപഡയറക്ടർ പി.വി. മനോജ്കുമാർ പതാക ഉയർത്തിയതോടെയാണ് സർഗവേദികൾ ഉണർന്നത്. നഗരസഭ കൗൺസിലർമാരായ എഫ്.ബി. ബഷീർ, മിനിബാബു, സ്വീകരണ കമ്മിറ്റി കൺവീനർ എ.ജെ. ശ്രീനി, പ്രോഗ്രാം കൺവീനർ ഷാജി എസ്. തെക്കേതിൽ, പ്രധാനാധ്യാപിക ജൂബി, സംഘാടക സമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. രചന മത്സരങ്ങളിൽ 12 ഉപജില്ലകളിൽ നിന്നായി എണ്ണൂറോളം സർഗ പ്രതിഭകളാണ് മാറ്റുരച്ചത്.
നർത്തകികളും മണവാട്ടിക്കൂട്ടവും മാപ്പിളപ്പാട്ടുകളും കഥകളിയും നാടകവുമെല്ലാമായി ബുധനാഴ്ച വേദികളിൽ കലാവസന്തം തീർക്കും. ഡിസംബര്‍ ഒമ്പത് വരെ ബി.ഇ.എം ഹയര്‍ സെക്കൻഡറി സ്കൂള്‍, ബി.ഇ.എം.ജെ.ബി.എസ്, സി.എസ്.ഐ ഇ.എം.എസ്, സെന്റ് സെബാസ്റ്റ്യന്‍ എസ്.ബി.എസ്, ഇ.എം.യു.പി.എസ് ഐ.ടി@ സ്കൂള്‍ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ബുധനാഴ്ച വൈകീട്ട് നാലിന് ബി.ഇ.എം ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനം സാഹിത്യകാരൻ മുണ്ടൂര്‍ സേതുമാധവന് ഉദ്ഘാടനം ചെയ്യും.
സംഘാടകസമിതി ചെയര്‍മാനും എം.എല്‍.എയുമായ ഷാഫി പറമ്പില്‍ അധ്യക്ഷത വഹിക്കും. സംഗീത സംവിധായകനും ലോഗോ ചിത്രകാരനുമായ പ്രകാശ് ഉള്ളേരിയെ ആദരിക്കും. പാലക്കാട് നഗരസഭ ചെയര്പേഴ്സന് പ്രിയ അജയന്, എം.എല്‍എമാരായ എ. പ്രഭാകരന്, അഡ്വ. എന്‍. ഷംസുദ്ദീന്, കെ. മുഹമ്മദ് മുഹ്സിന്, അഡ്വ. കെ. പ്രേംകുമാര്‍, പി. മമ്മിക്കുട്ടി, ജില്ല കലക്ടര്‍ ഡോ. എസ്. ചിത്ര, സംഘാടകസമിതി ജനറല്‍ കണ്‍വീനറും വിദ്യഭ്യാസ ഉപഡയറക്ടറുമായ പി.വി. മനോജ് കുമാര്‍, ഡി.ഇ.ഒ ഉഷ മാനാട്ട്, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സൻ ഷാബിറ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് പി. സ്മിതേഷ്, എ.എസ്.പി എ. ഷാഹുല്‍ ഹമീദ്, സംഘാടകസമിതി കണ്‍വീനര്‍ എ.ജെ. ശ്രീനി, ഉദ്യേഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് ജില്ലയിലെ 62 കലാധ്യാപകരുടെ സ്വാഗതഗാനവും സോപാന സംഗീതജ്ഞന് ഞരളത്ത് ഹരിഗോവിന്ദന്റെ അരങ്ങുണര്ത്തലും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.