ജലസംരക്ഷണത്തിൽ നേട്ടം കൊയ്ത് ജില്ല; പ്രവർത്തനങ്ങൾ ഹരിതകേരളം മിഷൻ നേതൃത്വത്തിൽ

പാലക്കാട്: ഭൂഗർഭ ജലനിരപ്പ് അപകടകരമാംവിധം താഴേക്ക് പോയ പാലക്കാട് ജില്ലയിൽ ജലസംരക്ഷണത്തിൽ പ്രകടമായ നേട്ടം. ഹരിതകേരളം മിഷന്‍റെ നേതൃത്വത്തിൽ നടത്തിയ ജലസംരക്ഷണ പ്രവർത്തനങ്ങളാണ് നേട്ടത്തിന് സഹായിച്ചത്. ഓരോ വേനൽക്കാലത്തും രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിട്ടിരുന്ന ജില്ലയിലെ പല മേഖലകളും ഇന്ന് ആ പ്രതിസന്ധി മറികടന്നു. തൃത്താല മണ്ഡലത്തിലും ചിറ്റൂർ, ആലത്തൂർ, പട്ടാമ്പി, കുഴൽമന്ദം, നെന്മാറ, മണ്ണാർക്കാട്, കൊല്ലങ്കോട് ബ്ലോക്കുകളിലും ഹരിതകേരളം മിഷൻ നേതൃത്വത്തിൽ ജലബജറ്റ് തയാറാക്കി. ഹരിതകേരളം മിഷൻ, റീബിൽഡ് കേരള, ഐ.ടി മിഷൻ, ദേശീയ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സഹായത്തോടെ പശ്ചിമഘട്ട മലനിരകളോട് ബന്ധപ്പെട്ട് കിടക്കുന്ന മുഴുവൻ തദ്ദേശസ്ഥാപനങ്ങളുടെയും നീർച്ചാലുകൾ മാപ്പ് ചെയ്യുന്ന പദ്ധതിയായ ‘സുരക്ഷിതമാക്കാം പശ്ചിമഘട്ടം-മാപ്പത്തോൺ’ പൂർത്തിയാക്കി. 51 തദ്ദേശസ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പാക്കിയത്. കൂടാതെ നീർച്ചാലുകൾ വീണ്ടെടുക്കാൻ ’ഇനി ഞാൻ ഒഴുകട്ടെ’ കാമ്പയിനും സംഘടിപ്പിച്ചു.

കാമ്പയിന്‍റെ ഒന്നാം ഘട്ടത്തിൽ 85 തദ്ദേശസ്ഥാപനങ്ങളിൽ 99 നീർച്ചാലുകളിലായി 281.57 കിലോമീറ്ററും രണ്ടാം ഘട്ടത്തിൽ 35 തദ്ദേശ സ്ഥാപനങ്ങളിലെ 59 നീർച്ചാലുകളിലായി 96.551 കിലോമീറ്ററും വീണ്ടെടുത്തു. മൂന്നാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 346.43 കി. മീറ്റർ പുനരുജ്ജീവിപ്പിച്ചു.

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 2109 കാർഷിക കുളങ്ങൾ നിർമിച്ചു. ഇതിലൂടെ ഏകദേശം 4,67,655 ഘനമീറ്റർ ജലം സംഭരിക്കാനുള്ള ശേഷി സൃഷ്ടിച്ചു. കൂടാതെ ഒമ്പത് പൊതുകുളങ്ങൾ നിർമിച്ച് 1220 ഘനമീറ്റർ ജലസംഭരണ ശേഷി ലഭ്യമാക്കി. 1175 കുളങ്ങൾ നവീകരിച്ചു. ഇത്തരം പ്രവർത്തനങ്ങളെല്ലാം ജലസംരക്ഷണത്തിൽ പ്രധാന പങ്ക് വഹിച്ചു.

ഇതിനെല്ലാം പുറമെ തൃത്താല മണ്ഡലത്തിന്‍റെ സുസ്ഥിര വികസനത്തിന് ‘സുസ്ഥിര തൃത്താല’ എന്ന പേരിൽ പ്രത്യേക പദ്ധതിയും നടപ്പാക്കുന്നുണ്ട്. കൃത്രിമ റീചാർജിങ്, കാർഷിക കുളങ്ങൾ നവീകരിക്കൽ, ഉൾനാടൻ മത്സ്യബന്ധനം, താൽക്കാലിക ചെക് ഡാമുകൾ, 11 ലിഫ്റ്റ് ഇറിഗേഷൻ സ്കീമുകൾ എന്നിവ നടപ്പാക്കി. ഇതിനാൽ കഴിഞ്ഞവർഷം ഭൂഗർഭ ജലവിതാനം വർധിക്കുകയും ജലക്ഷാമം പരിധി വരെ തടയാൻ സാധിക്കുകയും ചെയ്തു. ഭാരതപ്പുഴയുടെ പുനരുജ്ജീവന പ്രവർത്തനം, മണ്ണ്-ജല സംരക്ഷണ പരിപാലനം, ജലസ്രോതസുകളുടെ സംരക്ഷണം, കാർഷികോൽപാദന വർധന തുടങ്ങിയവ ‘സുസ്ഥിര തൃത്താല’യുടെ ലക്ഷ്യങ്ങളാണ്.

Tags:    
News Summary - District makes progress in water conservation; activities led by Haritha Keralam Mission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.