പാലക്കാട്: നേട്ടത്തിന് നെറുകയിലാണെങ്കിലും മികച്ച കായിക പരിശീലനത്തിനുവേണ്ട പശ്ചാത്തലം ഒരുക്കുന്നതിൽ ജില്ല ഇന്നും പിന്നിലാണ്. ഒട്ടേറെ രാജ്യാന്തര താരങ്ങൾ പന്തുതട്ടിയും ഓടിയും പഠിച്ച ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം, കൊട്ടിഘോഷിച്ച് തുടങ്ങിയ നഗരത്തിലെ ഇൻഡോർ സ്റ്റേഡിയം അടക്കം ജില്ലയിലെ വിവിധ താലൂക്കുകളിലെ മൈതാനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്.
ഏത് ദേശീയ, സംസ്ഥാന മത്സരങ്ങളിലും മെഡൽ പട്ടികയിൽ ജില്ലയിലെ താരങ്ങൾ ഉണ്ടാകും. ഇവർക്ക് വേണ്ടത് പ്രോത്സാഹന വാക്കുകളല്ല, കൂടുതൽ മികവിലേക്കുയരാൻ യോജിച്ച അടിസ്ഥാന സൗകര്യങ്ങളും പരിശീലനത്തിന് മൈതാനങ്ങളുമാണെന്ന് പരിശീലകരും കായികതാരങ്ങളും ഒരുപോലെ പറയുന്നു.
നാലുപതിറ്റാണ്ടുമുമ്പ് നഗരസഭ പണിതതാണ് ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം. പത്തേക്കറോളം സ്ഥലത്തെ സ്റ്റേഡിയം പൂർണമായ നിലയിലല്ല. സ്ഥലമെടുപ്പിലെ അനിശ്ചിതാവസ്ഥ കാരണം ഒരുഭാഗത്ത് സ്ഥിരം ഗാലറി നിർമിക്കാൻ കഴിയാതെ പോയി. മഴവെള്ളം കെട്ടിനിന്ന് പലയിടത്തും ചളിക്കുളമായി. 1994-95 വരെ ജില്ല ഫുട്ബാൾ അസോസിയേഷന്റെ നിയന്ത്രണത്തിലായിരുന്ന സ്റ്റേഡിയം പിന്നീട് കൈമാറിപ്പോയതോടെയാണ് തകർച്ചയിലേക്ക് നീങ്ങിയത്. ഇപ്പോൾ സ്റ്റേഡിയം സാമൂഹികവിരുദ്ധരുടെ താവളമായി മാറി.
പണമില്ലാത്തതിനാൽ പാതിയിൽ മുടങ്ങിയ പാലക്കാട് നഗരത്തിലെ ഇന്‍ഡോര്‍ സ്റ്റേഡിയം നിർമാണം എന്ന് യാഥാർഥ്യമാകുമെന്ന ആശങ്കയിലാണ് കായികപ്രേമികൾ. ഒരു വർഷംകൊണ്ട് നിർമാണം പൂർത്തിയാക്കുമെന്ന് പറഞ്ഞ് 2010 ഏപ്രിലിൽ നിർമാണപ്രവൃത്തി തുടങ്ങിയ സ്റ്റേഡിയം 12 വർഷമായിട്ടും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. നിലവില്‍ 9.12 കോടി രൂപ നിർമാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ചെങ്കിലും 60 ശതമാനം പണികളാണ് പൂര്‍ത്തിയാക്കാൻ കഴിഞ്ഞത്. നഗരഭാഗത്ത് വിക്ടോറിയ കോളജിനുസമീപം 2.44 ഏക്കറില്‍ ഒരുലക്ഷം ചതുരശ്ര അടിയിലാണ് സ്റ്റേഡിയം നിർമിക്കുന്നത്.
ബാസ്കറ്റ് ബാൾ, വോളിബാൾ, ഹാൻഡ്ബാൾ, ഷട്ടിൽ, നെറ്റ്ബാൾ, ടെന്നീസ് കോർട്ടുകൾ, ഹെൽത്ത് ക്ലബ്, 6600 പേർക്കിരിക്കാവുന്ന ഗാലറി, 3200 പേർക്കിരിക്കാവുന്ന ഇൻസൈഡ് കോർട്ട്, 100 പേർക്ക് താമസ സൗകര്യം, കോൺഫറൻസ് ഹാൾ, ഷോപ്പിങ് കോംപ്ലക്സ് ഇങ്ങനെയൊക്കെ വിഭാവനം ചെയ്താണ് ഇൻഡോർ സ്റ്റേഡിയം പദ്ധതി ആരംഭിച്ചത്. സിവില്‍ വര്‍ക്കുകള്‍, ഇലക്ട്രിക്കല്‍, സീലിങ്, ഫയര്‍ ഫൈറ്റിങ് വര്‍ക്ക്, വുഡ് ഫ്ലോറിങ്, ലിഫ്റ്റ് തുടങ്ങിയവ ഇനി പൂര്‍ത്തീകരിക്കാനുണ്ട്.
പാലക്കാട് കോട്ട മൈതാനത്തിൽ കായികമത്സരങ്ങൾ നടുക്കുന്നുണ്ടെങ്കിലും ഇരിപ്പിടവും സ്ഥിരം ഗാലറിയും ഏറെ നാളായുള്ള ആവശ്യമാണ്. കളിക്കാർക്ക് വസ്ത്രം മാറാനുള്ള മുറിയോ ശുചിമുറിയോ ഇതുവരെയായിട്ടില്ല. അടിസ്ഥാന സൗകര്യ വികസനത്തിൽ ഇനിയുമേറെ ആവശ്യങ്ങളുണ്ട്.
പാലക്കാട് മെഡിക്കൽ കോളജ് ഗ്രൗണ്ട് മാത്രമാണ് ഏക ആശ്വാസം. ജില്ലയിൽ അത്ലറ്റിക് മത്സരങ്ങളുടെ ഭൂരിഭാഗവും നടക്കുന്നത് മെഡിക്കൽ കോളജ് ഗ്രൗണ്ടിലാണ്. അത്ലറ്റിക് താരങ്ങളുടെ പരിശീലനവും ഇവിടെ നടക്കുന്നുണ്ട്. എന്നാൽ, ഇതരവിഭാഗങ്ങളിൽ പരിശീലനത്തിന് പരിമിതിയുണ്ട്. സമീപ ജില്ലകളിൽ നിന്നുപോലും കൂടുതൽ ആളുകൾ പരിശീലനത്തിന് എത്തുന്നത് മൂലം ഗ്രൗണ്ടിൽ സ്ഥലപരിമിതിയുണ്ട്.
ഇൻഡോർ സ്റ്റേഡിയവും ഇന്ദിരാഗാന്ധി സ്റ്റേഡിയവും പുതുക്കിപ്പണിയണമെന്നാണ് സ്പോർട്സ് അസോസിയേഷന്റെ ആവശ്യം. പെൺകുട്ടികൾക്കുവേണ്ടി സ്പോർട്സ് ഹേസ്റ്റൽ നിർമിക്കണം. ഗ്രാമപഞ്ചായത്ത് കുളങ്ങൾ നീന്തൽ മാതൃകയിൽ നിർമിക്കണമെന്നും സ്പോർട്സ് അസോസിയേഷൻ അംഗം ഗോപാലകൃഷ്ണൻ പറഞ്ഞു.
ജില്ലയിൽ കൂടുതൽ കായികാധ്യാപകരെ നിയമിക്കണമെന്ന് കായികാധ്യാപക സംഘടന പറഞ്ഞു. എൽ.പി മുതൽ ഹയർ സെക്കൻഡറി വരെ നിയമനം വേണം. എല്ലാ സ്കൂളിലും മതിയായ കളിസ്ഥലം ഒരുക്കണമെന്ന് ജില്ല പ്രസിഡന്റ സുരേഷ് അവശ്യപ്പെട്ടു.
സ്പോർട്സ് കൗൺസിൽ സർവേ നടത്തി കായികതാരങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കണം. കളിസ്ഥലത്തിന് ആവശ്യമായ പുറമ്പോക്ക്, വനംവകുപ്പിന്റെ കീഴിലുള്ള തരിശ് ഭൂമി വിട്ടുകിട്ടാൻ നടപടി സ്വീകരിക്കണമെന്ന് കേരളശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫെബിൻ അവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.